Wednesday - 22 April, 2026 4-Dhu al-Qadah-1447

തകർന്നുവീണ വിഗ്രഹങ്ങൾ (2)

   ദേവാലയത്തിലെത്തിയപ്പോൾ നടന്ന ജനങ്ങളുടെ സംഭാഷണം വിശുദ്ധ ഖുർആൻ ഉദ്ധരിക്കുന്നതിങ്ങനെയാണ്: "അവർ പറഞ്ഞു : നമ്മുടെ ഇലാഹുകളെകൊണ്ട് ഇത് ചെയ്തവൻ ആരാണ്? നിശ്ചയമായും അവൻ അക്രമികളിൽ പെട്ടവൻ തന്നെ."  (21:59)


"അവർ (ചിലർ) പറഞ്ഞു : ഒരു യുവാവ് അവയെപ്പറ്റി (ആക്ഷേപിച്ചു )പറയുന്നത് ഞങ്ങൾ കേട്ടിട്ടുണ്ട്. ഇബ്രാഹീം എന്നാണ് അവന്ന് (പേർ) പറയപ്പെടുന്നത്." (21:60 )  

അവർ പറഞ്ഞു : "എന്നാൽ അവനെ ജനങ്ങളുടെ ദൃഷ്ടിയിൽ കൊണ്ട് വരുവിൻ. അവർ സാക്ഷ്യം വഹിച്ചേക്കാം." (21:61)


ഇപ്പോൾ ഇബ്രാഹീം (അ) ബന്ധിതനായി ജനങ്ങളുടെ മുമ്പിൽ നിൽക്കുന്നു. അവർ അദ്ദേഹത്തെ ചോദ്യം ചെയ്യുന്ന രംഗം വിശുദ്ധ ഖുർആൻ നമുക്ക് കാണിച്ചു തരുന്നു: "അവർ ചോദിച്ചു : ഇബ്രാഹീം! നീയാണോ നമ്മുടെ ഇലാഹുകളെ കൊണ്ട് ഇത് ചെയ്തത്?" (21:62)

"അദ്ദേഹം പറഞ്ഞു : എന്നാൽ അത് അവരിലുള്ള ഈ വലിയവൻ ചെയ്തതാണ്. അവർ സംസാരിക്കുമെങ്കിൽ നിങ്ങൾ അവരോട് ചോദിച്ചുകൊള്ളുക. (21:63)


നിമിഷ നേരത്തേക്ക് സദസ്സ് നിശ്ശബ്ദമായി. അവർ ചിന്താമൂകരായി നിന്നുപോയി. ഉയർന്ന ശിരസ്സുകൾ കുനിഞ്ഞു. അവൻ പറഞ്ഞത് ശരിയല്ലേ? നാം എന്തിന് ഇവയെ ആരാധിക്കുന്നു?  ഇവർ ആരാധനക്കർഹരാണോ? ആ വഴിയിലുള്ള ചിന്ത അധിക നേരം നീണ്ടുനിന്നില്ല. ഒരു യുവാവിന്റെ മുമ്പിൽ തോറ്റുകൊടുത്തുകൂടാ. അവർ അടുത്ത നിമിഷത്തിൽ വിളിച്ചു പറയാൻ തുടങ്ങി... "അവനെ തീയിലിട്ട് കരിക്കുക." 


 അക്കാലത്തെ ഒരു ശിക്ഷാ രീതിയാണത്. വലിയ തീകുണ്ഡാരങ്ങൾ ഉണ്ടാക്കുക. ജീവനുള്ള മനുഷ്യനെ അതിലെറിയുക. വലിയ തെറ്റു ചെയ്തവർക്കുള്ള ശിക്ഷ. ആ ശിക്ഷയാണ് ഇബ്രാഹീമിന് ജനം വിധിച്ചത്. വിശുദ്ധ ഖുർആൻ പറയുന്നു : "അപ്പോൾ അവർ തങ്ങളുടെ മനസ്സുകളിലേക്ക് മടങ്ങി എന്നിട്ട് അവർ (തമ്മിൽ) പറഞ്ഞു : നിശ്ചയമായും നിങ്ങൾ തന്നെയാണ് അക്രമികൾ. (21:64)

"പിന്നെ അവർ തലതാഴ്ത്തി ഇവ സംസാരിക്കില്ലെന്ന് നിനക്ക് തീർച്ചയായും അറിയാം." (21:65)


അവയ്ക്ക് സംസാരിക്കാൻ കഴിയില്ലെന്ന സത്യം അവരുടെ ആരാധകർ തന്നെ സമ്മതിച്ചു. ഉടനെ ഇബ്രാഹീം (അ) ചോദിച്ചു : "ഉപകാരമോ ഉപദ്രമോ ചെയ്യാൻ കഴിയാത്ത വസ്തുക്കളെ എന്തിന് ആരാധിക്കുന്നു?  അല്ലാഹുﷻവിനെ ആരാധിക്കുവീൻ..."


"സർവശക്തനായ അല്ലാഹുﷻവിനെ നിങ്ങൾ ആരാധിക്കുന്നില്ല. നിർജ്ജീവ വസ്തുക്കളെ ആരാധിക്കുന്നു. അല്ലാഹുﷻവിനെ ആരാധിക്കുവീൻ. സർവശക്തനായ അല്ലാഹുﷻവിനെ നിങ്ങൾ ആരാധിക്കുന്നില്ല. നിർജ്ജീവ വസ്തുക്കളെ ആരാധിക്കുന്നു ലജ്ജാവഹം..!"


 വിശുദ്ധ ഖുർആൻ ഇബ്രാഹീം (അ)ന്റെ പ്രസ്താവന ഉദ്ധരിക്കുന്നു; "അദ്ദേഹം പറഞ്ഞു : എന്നാൽ അല്ലാഹുﷻവല്ലാത്ത നിങ്ങൾക്ക് ഉപദ്രവമോ ഉപകാരമോ ചെയ്യാത്തതിനെ നിങ്ങൾ ആരാധിക്കുകയാണോ?" (21:66) 

"ഛെ! നിങ്ങളും അല്ലാഹുﷻ അല്ലാത്ത നിങ്ങൾ ആരാധിക്കുന്ന വസ്തുക്കളും - നിങ്ങൾ മനസ്സിലാക്കുന്നില്ലേ?" (21:67)


ഇബ്രാഹീം (അ) സത്യമാർഗത്തിലേക്ക് അവരെ ക്ഷണിച്ചു. അവരത് സ്വീകരിച്ചില്ല. അദ്ദേഹത്തെ കരിച്ചു കൊല്ലാനായിരുന്നു അവരുടെ തീരുമാനം. നംറൂദിന്റെ കൽപ്പന വന്നു. വളരെ വലിയ അഗ്നി കുണ്ഡം നിർമ്മിക്കാൻ കൽപന കൊടുത്തു. ജനങ്ങൾ വിറക് നേർച്ചയാക്കാൻ തുടങ്ങി. നാട്ടിലാകെ തീകുണ്ഡത്തെക്കുറിച്ചുള്ള സംസാരം തന്നെ. ഇബ്രാഹീമിന് കിട്ടാൻ പോവുന്ന ശിക്ഷ അതികഠിനം തന്നെയെന്ന് എല്ലാവരും പറഞ്ഞുനടന്നു...