Wednesday - 22 April, 2026 4-Dhu al-Qadah-1447

തകർന്നു വീണ വിഗ്രഹങ്ങൾ (1)

   വിഗ്രഹങ്ങളുടെ നിർമ്മാണവും വിൽപനയും ഇറാഖിൽ വലിയ തോതിൽ നടന്നിരുന്നു. എഴുപത്തിരണ്ട് തരം വിഗ്രഹങ്ങൾ. പല വലിപ്പത്തിലുള്ളവ. സ്വർണ്ണം കൊണ്ടും വെള്ളികൊണ്ടും ഇരുമ്പുകൊണ്ടും വിഗ്രഹങ്ങൾ നിർമ്മിച്ചിരുന്നു. സ്വർണ്ണ വിഗ്രഹത്തിന് വമ്പിച്ച വിലയാണ്. അവ ധനികന്മാർക്കുള്ളതാണ്. സാധാരണക്കാർക്കും ഇടത്തരക്കാർക്കും അവ സ്വന്തമാക്കാനാവില്ല.  


ഏറ്റവും വലിയ വിഗ്രഹത്തിന്റെ കണ്ണുകളിൽ രത്നങ്ങൾ പതിച്ചിട്ടുണ്ട്. അവ വെട്ടിത്തിളങ്ങും. ഭക്തജനങ്ങളെ കാണുമ്പോൾ തിളങ്ങുന്ന കണ്ണുകൾ കൊണ്ട് നോക്കും പോലെ തോന്നും. പാമരജനങ്ങൾ നിർവൃതികൊള്ളും. മനുഷ്യ രൂപത്തിൽ മാത്രമല്ല വിഗ്രഹങ്ങൾ. വൃക്ഷങ്ങൾ, പക്ഷികൾ, മറ്റു പല ജന്തുക്കൾ ഇവയുടെ രൂപത്തിലും വിഗ്രഹങ്ങൾ ധാരാളമുണ്ടായിരുന്നു. 


ചില ചരിത്രകാരന്മാർ ഇങ്ങിനെ പറയുന്നു; നംറൂദ് രാജാവിന്റെ ജനത കൊല്ലത്തിലൊരിക്കൽ ഒരു നിശ്ചിത ദിവസം പെരുന്നാൾ ആഘോഷിക്കും. ജനങ്ങളെല്ലാം പകൽസമയത്ത് വിശാലമായ മൈതാനിയിൽ ഒരുമിച്ചുകൂടും. പലതരം വിനോദങ്ങളിൽ ഏർപ്പെടും. എല്ലാവരും ഒത്തുകൂടുന്ന മഹാമേളയാണത്.  


ആ വർഷവും പെരുന്നാൾ വന്നു. ജനങ്ങളെല്ലാം കൂട്ടംകൂട്ടമായി മൈതാനിയിലേക്ക് പോവുന്നു. അവർ ഇബ്രാഹീമിനെയും ക്ഷണിച്ചു. ഇബ്രാഹീം കുറെയാളുകളോടൊപ്പം പുറപ്പെട്ടു. കുറെദൂരം നടന്നിട്ട് ഒരിടത്തിരുന്നു. നല്ല സുഖമില്ല. ഞാനൽപം വിശ്രമിക്കട്ടെ! നിങ്ങൾ പൊയ്ക്കൊള്ളൂ... ഇബ്രാഹീം പറഞ്ഞു.  കൂടെയുള്ളവർ പോയി...


ജനങ്ങൾ കൂട്ടം  കൂട്ടമായി ഇബ്രാഹീമിന്റെ മുമ്പിലൂടെ ഒഴികിക്കൊണ്ടിരുന്നു. കുറെ നേരം കഴിഞ്ഞപ്പോൾ ഒഴുക്ക് നിലച്ചു. വഴികൾ വിജനമായി. ഇബ്രാഹീം ഒറ്റക്കായി. ഇബ്രാഹീം അവിടെ നിന്നെഴുന്നേറ്റു നടന്നു. ആരാധനാലയം. അതിന്നകത്ത് വിഗ്രഹങ്ങൾ. ജീവനില്ലാത്ത വസ്തുക്കൾ. അവയെ തല്ലിയുടയ്ക്കണം. മുഖം ഗൗരവം പൂണ്ടു. നല്ലൊരു കോടാലിയെടുത്തു. ആരാധനാലയത്തിൽ പ്രവേശിച്ചു... 


 മൈതാനിയിലെ വിനോദ പരിപാടികൾ കഴിഞ്ഞാൽ എല്ലാവരും ഇവിടെയെത്തും. പിന്നെ ആരാധന നടക്കും. ബിംബങ്ങളുടെ മുമ്പിൽ ധാരാളം ഭക്ഷ്യവസ്തുക്കൾ വെച്ചിട്ടുണ്ട്. ഭക്തന്മാർക്ക് വിതരണം ചെയ്യാനുള്ളതാണ്. ഇബ്രാഹീം ബിംബങ്ങളെ നോക്കി ചോദിച്ചു:  "എന്താ ഇതൊന്നും തിന്നുന്നില്ലേ?" മറുപടിയില്ല. വീണ്ടും ചോദിച്ചു: "എന്താ മറുപടി പറയാത്തത്? കേൾക്കുന്നില്ലേ? നിങ്ങൾക്ക്  കേൾക്കാൻ കഴിവില്ലേ? സംസാരിക്കില്ലേ? ഒന്നിനും കഴിവില്ലേ?" കോടാലികൊണ്ട് വെട്ടി. വെട്ടേറ്റ് തകർന്നുവീണു...


 വലിയ വിഗ്രഹത്തെ വെറുതെ വിട്ടു. മറ്റെല്ലാം തകർത്തു. വലിയ വിഗ്രഹത്തിന്റെ കഴുത്തിൽ കോടാലി തൂക്കിയിട്ടു. എന്നിട്ട് ഇബ്രാഹീം (അ) സ്ഥലം വിട്ടു. ജനങ്ങൾ വരും. പൊട്ടിത്തകർന്ന ബിംബങ്ങൾ കാണും. അപ്പോൾ അവർ ചിന്തിക്കും. സ്വയം രക്ഷക്ക് കഴിയാത്ത വസ്തുക്കൾ. ഇവയെ ആരാധിക്കാൻ കൊള്ളില്ല. ആരാധ്യൻ അല്ലാഹു ﷻ മാത്രമാണെന്നവർ അറിയട്ടെ...


 മൈതാനിയിൽ വിനോദ പരിപാടികൾ അവസാനിച്ചു. ഇനി ആരാധനയാണ്. എല്ലാവരും ആരാധനലായത്തിൽ വന്നു കയറി. ഞെട്ടിപ്പോയി. തകർന്നു വീണ പ്രതിമകൾ. "ആരാണിത് ചെയ്തത്?"  പലരും ഉറക്കെ ചോദിച്ചു. ഇത് ചെയ്തവൻ മഹാ അക്രമി തന്നെ. അവന് തക്കതായ ശിക്ഷ നൽകണം അപ്പോൾ ചിലർ പറഞ്ഞു: "വിഗ്രഹങ്ങളെ തള്ളിപ്പറയുന്ന ഒരു ചെറുപ്പക്കാരൻ ഇവിടെയുണ്ട്. ഇബ്രാഹീം എന്നാണവന്റെ പേര്." 


രാജാവ് വിവരമറിഞ്ഞു. കോപാകുലനായി "ഇബ്രാഹീമിനെ ബന്ധിച്ചുകൊണ്ടുവരൂ...." രാജകൽപന വന്നു. ആളുകൾ ഓടി. ഇബ്രാഹീം (അ) നേരത്തെ പറഞ്ഞ ഒരു കാര്യം ചിലരുടെയൊക്കെ ഓർമ്മയിൽ വന്നു.  


അല്ലാഹുﷻവാണെ സത്യം! നിശ്ചയം നിങ്ങൾ പിന്തിരിഞ്ഞുപോയതിനു ശേഷം ഞാൻ നിങ്ങളുടെ വിഗ്രഹങ്ങളോട് തന്ത്രം പ്രയോഗിക്കുന്നതാണ്." (21:57)

"അങ്ങനെ അവരുടെ വലിയ ഒരു വിഗ്രഹമൊഴിച്ചു അവയെ അദ്ദേഹം തുണ്ടംതുണ്ടമാക്കി. അവർ തന്റെ  അടുക്കലേക്ക് മടങ്ങിയേക്കാം." (21:58)

അവർ തന്റെ അടുക്കലേക്ക് മടങ്ങിയേക്കാം എന്ന വചനം രണ്ട് വിധത്തിൽ വ്യാഖ്യാനിക്കപ്പെടുന്നു...


ഒന്ന് അവർ ഇബ്രാഹീം നബി (അ) ന്റെ അടുക്കലേക്ക് മടങ്ങിയേക്കാം. അങ്ങനെ അവർ മടങ്ങിവന്നാൽ വിഗ്രഹങ്ങളുടെ കഴിവുകേട് പറഞ്ഞു മനസ്സിലാക്കിക്കൊടുക്കാം. സർവശക്തനായ അല്ലാഹുﷻവിലേക്ക് അവരെ ക്ഷണിക്കാം...


രണ്ടാമത്തെ വ്യാഖ്യാനം നശിപ്പിക്കാതെ വിട്ട വലിയ വിഗ്രഹത്തിലേക്ക് അവൻ മടങ്ങിയേക്കാമെന്നാണ്. മറ്റുള്ളവയെ ആര് നശിപ്പിച്ചു എന്നത് ചോദിക്കും. മറുപടി പറയില്ല. അപ്പോൾ അതിന്റെ കഴിവുകേട് ആളുകൾ മനസ്സിലാക്കും...


 അങ്ങനെയെല്ലാം ചിന്തിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ രാജാവിന്റെ പട്ടാളക്കാർ ഓടിയെത്തി. ഇബ്രാഹീമിനെ ബന്ധിച്ചു. രാജസദസ്സിൽ ഹാജരാക്കി...