Thursday - 23 April, 2026 5-Dhu al-Qadah-1447

സന്തോഷ വാർത്ത

   ഇബ്രാഹീം (അ)ന് എൺപത്തിയാറ് വയസായപ്പോഴാണ് ഈസ്മാഈൽ എന്ന കുട്ടി ജനിച്ചത്. ആ കുട്ടിക്ക് ഇപ്പോൾ വയസ്സ് പതിനാലായി. ഇബ്രാഹീം (അ)ന് നൂറ് വയസ്സ് തികഞ്ഞു. സാറാ ബീവി (റ) ക്ക് വയസ്സ് തൊണ്ണൂറ്. വൃദ്ധ ദമ്പതികൾ  (ഇബ്രാഹീം  (അ)ന് 120 വയസ്സെന്നും സാറ(റ) ക്ക് 99 എന്നും അഭിപ്രായമുണ്ട്.)


ഒരു ദിവസം ഏതാനും അതിഥികൾ വീട്ടിൽ വന്നുകയറി. അവർ സലാം ചൊല്ലി. ഇബ്രാഹീം (അ)  സലാം മടക്കി. അവർ ഓരോ കാര്യങ്ങൾ സംസാരിച്ചു തുടങ്ങി. ഇബ്രാഹീം  (അ) സൽകാര പ്രിയനാണ്. അതിഥികളെ സൽക്കരിക്കണം എന്ത്  നൽകിയാണ് സൽക്കരിക്കുക..? 


 ഇളം പ്രായത്തിലുള്ള മൂരിക്കുട്ടന്റെ ഇറച്ചി ചുട്ടെടുത്താൽ തിന്നാൻ നല്ല രുചിയായിരിക്കും. പശുക്കുട്ടിയുടെ ഇറച്ചിയും നല്ല രുചികരമായ ഭക്ഷണമാണ്.  കൊഴുത്തുതടിച്ച മൂരിക്കുട്ടനെ അറുക്കണം. നന്നായി ചുട്ടെടുക്കണം. സംഭാഷണം നടക്കുന്നതിനിടയിൽ ഇബ്രാഹീം (അ) പതുങ്ങിപ്പതുങ്ങി പുറത്തിറങ്ങി അടുക്കളയിൽ  ചെന്നു. സാറാ ബീവി (റ)യെ കണ്ടു. പതിഞ്ഞ സ്വരത്തിൽ പറഞ്ഞു ഞാൻ മൂരിക്കുട്ടനെ അറുക്കാം. നീ ഭക്ഷണമുണ്ടാക്കണം... 


 മൂരിക്കുട്ടനെ അറുത്തു. തൊലിയുരിച്ചു.  ചുട്ടെടുത്തു. വലിയൊരു പ്ലേറ്റിൽ വെച്ചു. അതിഥികളുടെ മുമ്പിൽ വെച്ചു. വളരെ ഭവ്യതയോടെ ഭക്ഷണത്തിനു ക്ഷണിച്ചു. ഭക്ഷിക്കുകയല്ലേ. അവരുടെ കൈകൾ ഭക്ഷണത്തിലേക്ക് നീണ്ടുവരുന്നില്ല. സംശയമായി മനസ്സിൽ ഭയം. അതിഥികളെന്താണ് കഴിക്കാത്തത്..? 


അപ്പോൾ അവർ പറഞ്ഞതിങ്ങനെ : "ഞങ്ങൾ അല്ലാഹുﷻന്റെ ദൂതന്മാരായ മലക്കുകളാണ്.  സാറ (റ) വാതിൽക്കൽ നിൽക്കുകയായിരുന്നു. അതിഥികൾ ഭക്ഷണം കഴിക്കുന്നത് കാണാൻ വന്നതാണ്. മാലാഖകളാണെന്നു കേട്ടു അവർ ആശ്ചര്യപ്പെട്ടു. ഞങ്ങൾ വന്നതെന്തിനാണെന്നറിയാമോ?" 


ഭാര്യയും ഭർത്താവും വർദ്ധിച്ച ആകാംക്ഷയോടെ അവരെ നോക്കി. 


"നിങ്ങൾക്കൊരു സന്തോഷവാർത്തയായിട്ടാണ് ഞങ്ങൾ വന്നിരിക്കുന്നത്." 


അത് കേട്ടപ്പോൾ ആകാംക്ഷ വർദ്ധിച്ചു. നിങ്ങൾക്ക് ജ്ഞാനിയായ ഒരു മകൻ ജനിക്കും. സാറ (റ) ഞെട്ടിപ്പോയി. അവരിൽ നിന്ന് ഉച്ചത്തിൽ ഒരു ശബ്ദം പുറത്തുവന്നു. സ്വയം മുഖത്തടിച്ചു. എന്നിട്ടവർ പറഞ്ഞു: "ഞാൻ വന്ധ്യയായ കിഴവിയാണ്. ഞാൻ പ്രസവിക്കുകയോ? എന്റെ ഭർത്താവ് വൃദ്ധനുമാണ്." 

അപ്പോൾ മലക്കുകൾ പറഞ്ഞു: "അങ്ങനെയാണ് അല്ലാഹുﷻന്റെ വിധി." 


ഈ രംഗം സൂറത്തുദ്ദാരിയാത്തിൽ നമുക്ക് കാണാം... "ഇബ്രാഹീമിന്റെ മാന്യാതിഥികളുടെ വർത്തമാനം നിനക്ക് വന്നിട്ടുണ്ടോ? അതായത് അവർ അദ്ദേഹത്തിന്റെ അടുക്കൽ പ്രവേശിച്ച സന്ദർഭം. എന്നിട്ട് അവർ സലാം എന്നു പറഞ്ഞു. അദ്ദേഹം പറഞ്ഞു സലാം. അപരിചിതരായ ആളുകൾ. ഉടനെ അദ്ദേഹം തന്റെ വീട്ടുകാരുടെ അടുത്തേക്ക് പതുങ്ങിച്ചെന്നു.  എന്നിട്ട് തടിച്ചുകൊഴുത്ത ഒരു മൂരിക്കുട്ടനെ (പശുക്കുട്ടിയെ) വേവിച്ചു. കൊണ്ടുവന്നു... 


 അങ്ങനെ അത് അവരുടെ അടുക്കലേക്ക് അടുപ്പിച്ചുവെച്ചു. അദ്ദേഹം പറഞ്ഞു;  നിങ്ങൾ തിന്നുകയല്ലേ, അപ്പോൾ അവരെക്കുറിച്ച് അദ്ദേഹത്തിന്  (മനസ്സിൽ) ഭയം തോന്നി.


അവർ പറഞ്ഞു : ഭയപ്പെടേണ്ട.

അദ്ദേഹത്തിന് ജ്ഞാനിയായ ഒരാൺകുട്ടിയെപ്പറ്റി അവർ സന്തോഷവാർത്ത അറിയിക്കുകയും ചെയ്തു ... 


 അപ്പോൾ അദ്ദേഹത്തിന്റെ ഭാര്യ  (ഉച്ചത്തിൽ) ഒരു ശബ്ദത്തോടെ മുമ്പോട്ടുവന്നു. എന്നിട്ടവൾ അവളുടെ മുഖത്തടിച്ചു. (ഇങ്ങനെ) പറയുകയും ചെയ്തു (ഞാൻ) വന്ധ്യയായ ഒരു കിഴവി.  


അവർ പറഞ്ഞു : അപ്രകാരം തന്നെയാണ് നിന്റെ റബ്ബ് പറഞ്ഞിരിക്കുന്നത്. നിശ്ചയമായും അവൻ സർവജ്ഞനായ യുക്തിമാൻ തന്നെ.  (സൂറത്തുദ്ദാരിയാത്ത് 24മുതൽ 30 വരെ വചനങ്ങൾ )


 സൂറത്ത് ഹിജ്റിൽ ഈ സംഭവം ഇങ്ങനെ വിവരിക്കുന്നു  : "ഇബ്രാഹീമിന്റെ അതിഥികളെക്കുറിച്ച് അവർക്ക് വിവരമറിയിക്കുക. അതായത് അവർ അദ്ദേഹത്തിന്റെ അടുക്കൽ കടന്നുവന്നു സലാം പറഞ്ഞ സന്ദർഭം. അദ്ദേഹം പറഞ്ഞു ഞങ്ങൾ നിങ്ങളെക്കുറിച്ച് ഭയമുള്ളവരാകുന്നു. അവർ പറഞ്ഞു : ഭയപ്പെടേണ്ട. ഞങ്ങൾ താങ്കൾക്ക് ജ്ഞാനിയായ ഒരു മകനെക്കുറിച്ച് സന്തോഷവാർത്ത അറിയിക്കുന്നു... 


 അദ്ദേഹം പറഞ്ഞു : എന്നെ വാർദ്ധക്യം ബാധിച്ചതോടെ നിങ്ങൾ എനിക്ക് സന്തോഷവാർത്ത അറിയിക്കുകയോ? നിങ്ങൾ എന്നതിനെക്കുറിച്ചാണ് സന്തോഷമറിയിക്കുന്നത്. 

അവർ പറഞ്ഞു : (സംഭവിക്കാൻ പോകുന്ന) യാഥാർത്ഥ്യങ്ങളെക്കുറിച്ചാണ് ഞങ്ങൾ താങ്കൾക്ക് സന്തോഷമറിയിക്കുന്നത്. അതിനാൽ താങ്കൾ ആശ മുറിഞ്ഞവരിൽ പെട്ടുപോവരുത്...


അദ്ദേഹം പറഞ്ഞു : ആരാണ് തന്റെ റബ്ബിന്റെ  കാരുണ്യത്തെക്കുറിച്ച് ആശ മുറിയുക വഴിപിഴച്ചവരല്ലാതെ." 

(സൂറത്ത് ഹിജർ 51 മുതൽ 56 വരെ വചനങ്ങൾ) 


 മലക്കുകൾ നൽകിയ സന്തോഷവാർത്ത ഭാര്യയെയും ഭർത്താവിനെയും വല്ലാതെ അത്ഭുതപ്പെടുത്തി. അത്ഭുതം വാക്കുകളായി പുറത്തുവന്നു. അല്ലാഹുﷻന്റെ അനുഗ്രഹത്തെ അവർ വാഴ്ത്തിപ്പറഞ്ഞു. മനസ്സ് നന്ദികൊണ്ട് നിറഞ്ഞു... 


 വിരുന്നുവന്ന മലക്കുകൾ മൂന്ന് പേരായിരുന്നു. 

ജിബ്രീൽ (അ), മീകാഈൽ (അ), ഇസ്റാഫീൽ (അ) അതിഥി സൽക്കാരത്തിന്റെ മാതൃകയാണ് നാമിവിടെ കാണുന്നത്. നല്ല ആഹാരം നൽകണം. ഭക്ഷണം കഴിക്കാൻ വിനയത്തോടെ


ക്ഷണിക്കണം. തുടങ്ങിയ കാര്യങ്ങൾ...


 മകൻ ജനിക്കുമെന്നും ഇസ്ഹാഖ് എന്നു നാമകരണം ചെയ്യണമെന്നും മനസ്സിലായി. ഇസ്ഹാഖിന്റെ മകനായി യഹ്ഖൂബ് ജനിക്കും. ഇരുവരും പ്രവാചകന്മാരായിത്തീരും. സമ്പന്നമായൊരു പരമ്പരയാണ് തുടർന്നുവരാനുള്ളത്. അതിൽ ധാരാളം നബിമാർ വരും. രാജാക്കന്മാർ വരും. എത്ര അനുഗ്രഹമായ പരമ്പര...