Thursday - 23 April, 2026 5-Dhu al-Qadah-1447

ചര്യകൾ

   ഇബ്രാഹീം (അ)നടപ്പിൽ വരുത്തിയ ചര്യകൾ  മിക്കതും നമ്മുടെ ശരീഅത്തിൽ പെടുന്നുണ്ട്. ചേലാകർമ്മം നിർവ്വഹിക്കാൻ അല്ലാഹുﷻ ഇബ്രാഹീം (അ) നോട് കൽപ്പിച്ചു. എൺപതാമത്തെ വയസ്സിൽ ഇബ്രാഹീം (അ) ചേലാകർമ്മം നിർവഹിച്ചു. അങ്ങനെ ആ ചര്യ നടപ്പിൽ വന്നു.  (നൂറ്റി ഇരുപതാം വയസ്സിൽ എന്നും അഭിപ്രായമുണ്ട്)


 ഇസ്മാഈൽ (അ) പതിമൂന്നാമത്തെ വയസ്സിൽ ചേലാകർമ്മം നടത്തി. ഇസ്ഹാഖ്  (അ) ന് ചേലാകർമ്മം നടത്തിയത് പ്രസവിച്ച് ഏഴാം ദിവസമാകുന്നു...

 മറ്റു ചില ചര്യകൾ താഴെ കൊടുക്കുന്നു:


▪️മീശ വെട്ടുക 


▪️ഗുഹ്യസ്ഥാനത്തുള്ള രോമം നീക്കുക  


▪️കക്ഷത്തിലെ രോമം നീക്കുക 


▪️നഖം മുറിക്കുക 


▪️ശൗചം ചെയ്യുക 


▪️വായിലും മൂക്കിലും വെള്ളം

 കൊള്ളുക 


▪️പല്ല് വൃത്തിയാക്കുക 


▪️സുഗന്ധദ്രവ്യങ്ങൾ പൂശുക


???? ഇബ്രാഹീം (അ) തന്റെ അനുയായികളെ പഠിപ്പിച്ച ചില വിഷയങ്ങൾ ഇവയാകുന്നു: 


▪️തൗബ 


▪️ഇബാദത്ത്


▪️സ്തുതി 


▪️തസ്ബീഹ് 


▪️റുകൂഹ്  


▪️സുജൂദ്  


▪️നന്മ കൽപിക്കുക 


▪️തിന്മ വിരോധിക്കുക 


▪️അല്ലാഹുവിന്റെ നിശ്ചയം  


▪️സത്യവിശ്വാസം 


????മറ്റു പത്തു കാര്യങ്ങൾ:


▪️ഇസ്ലാം  


▪️ഈമാൻ  


▪️ധൈര്യം  


▪️സത്യം  


▪️ക്ഷമ 


▪️ഭയഭക്തി 


▪️ദാനം  


▪️നോമ്പ് 


▪️വ്യഭിചാരം പാടില്ല  


▪️ഹൃദയം കൊണ്ടും നാവ് കൊണ്ടും അല്ലാഹുﷻനെ കീർത്തിക്കുക


 ഇബ്രാഹീം നബി (അ) ന്റെ മുടിയിൽ നര ബാധിച്ചു. എല്ലാവർക്കും അതിശയമായി അതിന് മുമ്പ് ആർക്കും നര ബാധിച്ചതായി കണ്ടിട്ടില്ല...


"അല്ലാഹുവേ മുമ്പെങ്ങും കണ്ടിട്ടില്ലാത്തതാണല്ലോ ഇത് ഇതെന്താണ്?  മനസ്സിലാവുന്നില്ലല്ലോ?" 


 അല്ലാഹുﷻ അറിയിച്ചതിങ്ങനെ; "നര നിനക്ക് ഒരു ബഹുമതിയാകുന്നു." 


 ഉടനെ ഇബ്രാഹീം (അ) ഇങ്ങനെ പ്രാർത്ഥിച്ചു. "എനിക്ക് ബഹുമതി ഏറ്റിത്തരേണമേ..." 


  ആദ്യമായി കാൽശരായി (ട്രൗസർ) ഉണ്ടാക്കി ധരിച്ചതും അദ്ദേഹം തന്നെ. മുടിയിൽ ചായം പിടിപ്പിച്ചതും അദ്ദേഹം തന്നെ. ആദ്യമായി മിമ്പറിൽ കയറി പ്രസംഗിച്ചു. 


 ഒരിക്കൽ നബിﷺതങ്ങൾ പറഞ്ഞു : "എനിക്ക് പ്രസംഗം (ഖുതുബ) നടത്താൻ മിമ്പർ വേണമെന്നില്ല. എന്നാൽ ഇബ്രാഹീം  (അ) മിമ്പറിൽ നിന്ന് ഖുതുബ നടത്തിയതിനാൽ ഞാനും അങ്ങനെ ചെയ്യാം..." 


 ആദ്യമായി യുദ്ധത്തിൽ ഖഡ്ഗമുപയോഗിച്ചു. യുദ്ധ മുതൽ അതിൽ പങ്കെടുത്തവർക്കിടയിൽ ഭാഗിച്ചു. അതിഥി സൽക്കാരം തുടങ്ങിയതും അദ്ദേഹം തന്നെ. മധ്യാഹ്ന ഭക്ഷണത്തിന് പലരും കൂടെയിരിക്കും. വേണ്ടത്ര ആളുകളില്ലെങ്കിൽ പുറത്തിറങ്ങി ആളുകളെ വിളിച്ചുകൊണ്ടുവരും. അഗതികൾക്ക് ഭക്ഷണം നൽകാൻ താൽപര്യമെടുത്തു. 


"എന്നോടൊപ്പം ആരാധന നിർവ്വഹിക്കാൻ ഒരാളെയും കാണുന്നില്ലല്ലോ." ഒരിക്കൽ ഇബ്രാഹീം (അ) അല്ലാഹുﷻവിനോട് തേടി... അല്ലാഹു ആയിരം മലക്കുകളെ ഇറക്കി. മൂന്ന് ദിവസം അവർ ആരാധനയിൽ പങ്കെടുത്തു...


 അദ്ദേഹത്തിന്റെ അതിഥി സൽക്കാരം വളരെ പ്രസിദ്ധമായിരുന്നു. ഒരിക്കൽ ചില അതിഥികൾ വന്നു. വീട്ടിൽ ധാന്യമില്ല. ഉടനെ ചില അടിമകളെ തന്റെ സ്നേഹിതന്റെ അടുത്തേക്കയച്ചു. അവിടെയും ധാന്യമില്ല. നിരാശരായി മടങ്ങി. പാത്രത്തിൽ മണ്ണു നിറച്ചു. അതുമായി മടങ്ങി വെറും. പാത്രവുമായി വരുന്നത് ആളുകൾ കണ്ടാൽ കുറച്ചിലാണ്. അതൊഴിവാക്കാനാണ് മണ്ണ് നിറച്ച് പാത്രം മൂടിയത്. വീട്ടിലെത്തി. ഇബ്രാഹീം (അ) ഒട്ടകപ്പുറത്ത് നിന്ന് പാത്രം ഇറക്കി നോക്കുമ്പോൾ ധാന്യം. അത് പൊടിച്ച് പലഹാരമുണ്ടാക്കി. അതിഥികളെ സൽകരിച്ചു. ഇബ്രാഹീം (അ) ന്റെ മുഹ്ജിസത്ത്...


 ഇബ്രാഹീം (അ)ന് പിൽക്കാലത്ത് ധാരാളം ധനവും, കൃഷിയും, മൃഗങ്ങളും  അടിമകളുമുണ്ടായിരുന്നു. ധനത്തിൽ അധികഭാഗവും അതിഥി സൽകാരത്തിനും അഗതി സംരക്ഷണത്തിനും ചിലവായി...


 ഒരിക്കൽ ഇബ്രാഹീം (അ) കാട്ടുപ്രദേശത്ത് വെച്ച് ഒരു ശൈഖിനെ കണ്ടുമുട്ടി. പലകാര്യങ്ങളും സംസാരിച്ചു. കൂട്ടത്തിൽ ശൈഖ് പറഞ്ഞു : "മൂന്നു വർഷമായി ഞാനൊരു കാര്യം അല്ലാഹുﷻവിനോട് പ്രാർത്ഥിക്കുന്നു. ഇന്നുവരെ ഫലമുണ്ടായില്ല." 


"എന്താണ് നിങ്ങളുടെ പ്രാർത്ഥന?"


"ഇബ്റാഹീമിനെ കാണിച്ചുതരേണമേ..."  എന്നാണെന്റെ പ്രാർഥന...


ഇബ്രാഹീം (അ) സന്തോഷത്തോടെ അദ്ദേഹത്തെ ആലിംഗനം ചെയ്തു. എന്നിട്ട് പറഞ്ഞു : 

"അല്ലാഹുﷻ നിങ്ങളുടെ പ്രാർത്ഥന കേട്ടു. നിങ്ങളുടെ ആഗ്രഹം സഫലമായിരിക്കുന്നു." 


 അന്നുമുതൽ ആലിംഗനം ഒരാചാരമായി. കളങ്കമില്ലാത്ത മനുഷ്യസ്നേഹത്തിന്റെ പ്രകടനമാണ് ആലിംഗനം. ഹാജിമാരെയും മറ്റും ആലിംഗനം ചെയ്യുമ്പോൾ ഇത് ഇബ്രാഹീം (അ)ന്റെ ചര്യയാണെന്ന് നാം ഓർക്കണം. ഖബറിൽ  നിന്ന് മഹ്ശറയിലേക്ക് വരുമ്പോൾ ഇബ്രാഹീം (അ)ന് വസ്ത്രം ധരിപ്പിക്കപ്പെടും.  അദ്ദേഹം തുടക്കമിട്ട സൽക്കർമ്മങ്ങൾ മിക്കതും നമുക്കും പിൻപറ്റാനുള്ളതാണ്...