Thursday - 23 April, 2026 5-Dhu al-Qadah-1447

സാറ (റ) യുടെ അന്ത്യം

   ലൂത്വ് (അ) പുത്രിമാരോടൊപ്പം ഇബ്രാഹീം  (അ) ന്റെ വീട്ടിലെത്തി. അതൊരു വല്ലാത്ത. സമാഗമമായിരുന്നു. അല്ലാഹുﷻന്റെ പുണ്യ പ്രവാചകൻമാർ ജനങ്ങളെ അല്ലാഹുവിന്റെ മാർഗത്തിലേക്ക് ക്ഷണിക്കാൻ നിയോഗിക്കപ്പെട്ടവർ. അവർ അല്ലാഹുﷻന്റെ മാർഗ്ഗത്തിൽ കഠിനാദ്ധ്വാനം ചെയ്തു... 


 ഇബ്രാഹീം (അ) ന്റെ ശരീഅത്ത് തന്നെയാണ്  ലൂത്വ് നബി (അ) നും ഉണ്ടായിരുന്നത്.  ഭാര്യപോലും വിശ്വസിച്ചില്ല. ഒരൊറ്റ മുസ്ലിം വീടല്ലാതെ മറ്റൊന്ന് അന്നാട്ടിലുണ്ടായിരുന്നില്ല. ആ നാടിനെ അല്ലാഹുﷻ അടിമേൽ മറിച്ചു കളഞ്ഞു...


 സർവശക്തനായ അല്ലാഹുﷻനെ  ഈ ജനതക്ക് മനസ്സിലാക്കാൻ കഴിഞ്ഞില്ല. തങ്ങളുടെ കായികശേഷിയും മറ്റു കഴിവുകളും അല്ലാഹുﷻ നൽകിതാണെന്ന് അവർ സമ്മതിക്കാൻ തയ്യാറായില്ല. ലൂത്വ് (അ) അക്കാര്യം അവരെ ഓർമ്മപ്പെടുത്തിയപ്പോഴെല്ലാം അവർ പരിഹസിച്ചു. അല്ലാഹുﷻന്റെ ശിക്ഷ വന്നപ്പോൾ അത് തടയാൻ ഒരു ശക്തിയുമുണ്ടായില്ല...


 ഈ സംഭവത്തിന് ശേഷം ഇബ്രാഹീം നബി  (അ)ന്റെ കൂടെ വന്നു താമസമാക്കിയ ലൂത്വ് (അ) ഇസ്ലാമിക പ്രബോധനത്തിൽ മുഴുകി. ലൂത്വ് നബി (അ) ന്റെ ഒരു പുത്രിയെ ഇസ്ഹാഖ് (അ)വിവാഹം ചെയ്തു. ഇസ്ഹാഖ്  (അ)ന് യഹ്ഖൂബ് (അ)എന്ന മകൻ ജനിച്ചു. 


 വിശുദ്ധ ഖുർആൻ പറയുന്നു... "ലൂത്വിനാകട്ടെ അദ്ദേഹത്തിന് നാം ന്യായവിധിയും ജ്ഞാനവും നൽകി. ദുർവൃത്തിക്ക് പ്രവർത്തിച്ചുകൊണ്ടിരുന്ന ആ നാട്ടിൽ നിന്നും അദ്ദേഹത്തെ നാം രക്ഷപ്പെടുത്തുകയും ചെയ്തു. നിശ്ചയമായും അവർ ദുർനടപ്പുകാരായ ഒരു ചീത്ത ജനതയായിരുന്നു." (21:74)


"നമ്മുടെ കാരുണ്യത്തിൽ അദ്ദേഹത്തെ നാം പ്രവേശിപ്പിക്കുകയും ചെയ്തു. നിശ്ചയമായും അദ്ദേഹം സദ് വൃത്തരിൽ പെട്ടവനാകുന്നു." (21:75) ലൂത്വ്  (അ)ന് അല്ലാഹുﷻ നൽകിയ പ്രത്യേകമായ അനുഗ്രഹത്തെക്കുറിച്ചാണിവിടെ പറഞ്ഞത്. അനുഗ്രഹീതനായ പുണ്യ പ്രവാചകൻ... 


 ഇബ്രാഹീം (അ) സുദീർഘമായൊരു കാലഘട്ടം ജനങ്ങളെ ഇസ്ലാമിലേക്ക് ക്ഷണിക്കാൻ ചെലവഴിച്ചു. കടുത്ത പരീക്ഷണങ്ങൾ നേരിട്ടു. തന്റെ പ്രഥമ സന്താനമായ ഇസ്മാഈലിനെ പ്രസവിച്ച ഹജറ (റ) മരണപ്പെട്ടപ്പോൾ ഇബ്രാഹീം (അ) ദുഃഖിച്ചു. സാറ (റ) കൂടയുണ്ടല്ലോ എന്നാശ്വസിച്ചു...


 കാലം പിന്നെയും നീങ്ങി. സാറാ(റ)ക്ക് നൂറ്റി ഇരുപത്തേഴ് വയസ്സായി. വാർദ്ധക്യവും രോഗവും പിടിപെട്ടു. കൻആൻ പ്രദേശത്തുള്ള ഒരു ഗ്രാമമാണ് ഹിബ്റൂൺ. അവിടെ വെച്ച് സാറ (റ) മരണപ്പെട്ടു. ഖബറടക്കാനുള്ള സ്ഥലം വിലക്കു വാങ്ങി. അഫ്റൂൻ എന്ന ആൾക്ക് നാനൂറ് നാണയങ്ങൾ വില നൽകിയാണ് സ്ഥലം വാങ്ങിയത്...


 സാറ (റ)യുടെ ഭൗതികശരീരം അവിടെ ഖബറടക്കപ്പെട്ടു. ഇബ്രാഹീം (അ) അതീവ ദുഃഖിതനായിരുന്നു. ജീവിതയാത്രയിൽ അവർ നല്ലൊരു സഹായി ആയിരുന്നു. ഇനി അവരുടെ കൂട്ടില്ല. താൻ മരണപ്പെടുമ്പോൾ സാറയുടെ സമീപം ഖബറടക്കപ്പെടണമെന്ന് അദ്ദേഹം ആശിച്ചു. പ്രായം കൂടിക്കൂടി വരുന്നു. ഒരു ഭാര്യയുടെ സഹായം വേണം. ഒരു വിവാഹം അനിവാര്യമാണ്. കൻആനിലെ പ്രമുഖനായ യഖ്ത്വൻ തന്റെ പുത്രി ഖൻത്വൂറയെ ഇബ്രാഹീം (അ)ന് വിവാഹം ചെയ്തുകൊടുത്തു. ഇവർക്ക് ആറ് കുട്ടികൾ ജനിച്ചു...  


(1) മദ്യ്യൻ 

(2) സംറാൻ 

(3) സർജ്

(4) യഖ്ശാൻ 

(5) നശ്ഖ് 

(6) മാദാൻ 


പിന്നീട് ഹജൂൻ എന്ന സ്ത്രീയെ  വിവാഹം ചെയ്തു. അതിൽ പിറന്ന കുട്ടികൾ...


(1) കയ്സാൻ 

(2) സൂറജ് 

(3) അമീം 

(4) ലൂത്വാൻ 

(5) നാഫിസ്   

( ഗ്രന്ഥം : അൽ ബിദായത്തുവന്നിഹായ)