Wednesday - 22 April, 2026 4-Dhu al-Qadah-1447

എപ്പോഴും പറയപ്പെടുന്ന പേര് (1)

   ഖലീലുല്ലാഹി ഇബ്രാഹീം (അ). സർവ്വശക്തനായ അല്ലാഹുﷻ ﷻ ആത്മമിത്രമെന്നു വിശേഷിപ്പിച്ച പുണ്യ പ്രവാചകൻ. സന്മാർഗത്തിലേക്കു വെളിച്ചം വിതറുന്ന വിളക്കുമരം. ഒരു മുസ്ലിം ദിവസത്തിൽ അഞ്ചു തവണ നിസ്കാരം നർവഹിക്കുന്നു. ഒരു നിസ്കാരത്തിൽ നാല് തവണ ഇബ്രാഹീം (അ) ന്റെ പേര് പറയുന്നു...


മുഹമ്മദ് നബി ﷺ തങ്ങൾക്കും മുഹമ്മദ് നബി ﷺ തങ്ങളുടെ കുടുംബത്തിനും അല്ലാഹുﷻവേ നീ രക്ഷ നൽകേണമേ...

ഇബ്റാഹീം നബി (അ) നും ഇബ്രാഹീം (അ) ന്റെ കുടുംബത്തിനും നീ രക്ഷ നൽകിയത് പോലെ...


മുഹമ്മദ് നബി ﷺ തങ്ങൾക്കും മുഹമ്മദ് നബി ﷺ തങ്ങളുടെ കുടുംബത്തിനും അല്ലാഹുﷻവേ നീ അനുഗ്രഹം നൽകേണമേ... ഇബ്രാഹീം (അ) നും ഇബ്രാഹീം (അ) ന്റെ കുടുംബത്തിനും നീ അനുഗ്രഹം നൽകിയത് പോലെ...


ഇതാണ് നമ്മുടെ പ്രാർഥന. നിസ്കാരത്തിനകത്തുള്ള പ്രാർഥന. ശ്രദ്ധിച്ചു നോക്കുക. സ്വലാത്തിൽ മാത്രം മുഹമ്മദ് നബി ﷺ യുടെ പേര് നാല് തവണ പറഞ്ഞു. ഇബ്രാഹീം (അ) ന്റെ പേരും നാല് തവണ തന്നെ. രണ്ടുപേരുടെ കുടുംബങ്ങളെക്കുറിച്ച് ഈരണ്ടു തവണ പറഞ്ഞു. ഇത് പ്രാർത്ഥിക്കുന്ന മുസ്ലിംമിന് ഇപ്പറഞ്ഞ രണ്ട് പുണ്യ പ്രവാചകന്മാരെ ഏതെങ്കിലും ദിവസം മറക്കാൻ കഴിയുമോ..? 


 ദിവസത്തിൽ അഞ്ചു നിസ്കാരത്തിലായി ഇരുപതു തവണ ഇബ്രാഹീം (അ)ന്റെ പേര് പറയുന്നു. അങ്ങനെ പറയുന്ന ഒരാളും ആ പുണ്യപ്രവാചകനും തമ്മിലുള്ള ആത്മബന്ധം എത്ര സുദൃഢമായിരിക്കും...


അല്ലാഹുﷻﷻന്റെ മിത്രം മുഹ്മിനീങ്ങളുടെയും മിത്രം തന്നെ. മിത്രത്തെ കൂടുതലടുത്തറിയണം ഇബ്രാഹീം (അ) മിനെ അല്ലാഹുﷻ ﷻ വിശേഷിപ്പിച്ചത് ഒരു പ്രസ്ഥാനം എന്നാകുന്നു. ചില മഹാന്മാരെക്കുറിച്ചു പറയുമ്പോൾ അദ്ദേഹം ഒരു വ്യക്തിയല്ല പ്രസ്ഥാനമാണ് എന്നു പറയാറുണ്ട്. ഇബ്രാഹീം (അ) നെ അല്ലാഹുﷻ ﷻ ആ വിശേഷണം നൽകി ആദരിച്ചു. വിശുദ്ധ ഖുർആൻ പറയുന്നു : "തീർച്ചയായും ഇബ്രാഹീം നിഷ്കളങ്കം അല്ലാഹുﷻവിനോട് ഭക്തിയുള്ള ഒരു പ്രസ്ഥാനമായിരുന്നു അദ്ദേഹം മുശ്രിക്കുകളിൽ പെട്ടവനല്ല." (16:120) 


 തൊട്ടടുത്ത വചനങ്ങളിൽ ഇബ്രാഹീം (അ) ന്റെ ചില പ്രത്യേകതകൾ എടുത്തുപറയുന്നു. "അല്ലാഹുﷻ ﷻ ന്റെ അനുഗ്രഹങ്ങൾക്ക് നന്ദി കാണിക്കുന്നവൻ. അദ്ദേഹത്തെ അല്ലാഹുﷻ തെരഞ്ഞെടുത്തിരിക്കുന്നു.  നേരായ മാർഗത്തിലേക്ക് അദ്ദേഹത്തെ അല്ലാഹുﷻ ﷻ നയിക്കുകയും ചെയ്തിരിക്കുന്നു." (16:121) "ഇഹത്തിൽ അദ്ദേഹത്തിന് നാം നന്മ ചെയ്തിരിക്കുന്നു. പരലോകത്ത് അദ്ദേഹം സന്മാർഗത്തിൽപെട്ടവൻ തന്നെ." (16:122)


 മുസ്ലിം സമൂഹത്തോട് അല്ലാഹുﷻ ﷻ കൽപ്പിക്കുന്നതിങ്ങനെയാണ്. ഇബ്രാഹീമിന്റെ മാർഗത്തെ നിഷ്കളങ്കമായി പിൻപറ്റുക. അഞ്ചു നേരം നിസ്കരിക്കുന്ന മുസ്ലിംമിന് എങ്ങനെയാണ് ഇബ്രാഹീം (അ) നെ മറക്കാൻ കഴിയുക. കഴിയില്ല. ഓർമ്മകളിൽ തുടിച്ചുനിൽക്കേണ്ടതാണ്. മറക്കാൻ പറ്റുന്ന പേരല്ലത്...