ഹജ്ജിന്റെ കർമ്മങ്ങൾ നോക്കൂ..! ഇബ്രാഹീം (അ)ന്റെയും കുടുംബത്തിന്റെയും ചരിത്രം തുടിച്ചുനിൽക്കുന്നതാണ് പല കാര്യങ്ങളും. ത്വവാഫ്, സഅ്യ്, ബലിയറുക്കൽ, കല്ലേറ് തുടങ്ങിയ കർമ്മങ്ങൾ ഇബ്രാഹീം (അ) നെയും കുടുംബത്തെയും ഓർമ്മപ്പെടുത്തുന്നു...
കഅ്‌ബ, ഇബ്രാഹീം മഖാം, സംസം, സ്വഫ, മർവ, മിന, ജംറകൾ തുടങ്ങിയവ ഇബ്രാഹീം (അ)നെയും കുടുംബത്തെയും ഓർമ്മപ്പെടുത്തുന്നുണ്ട്. ഓരോ വർഷവും ലോകത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നും ഹാജിമാർ പുറപ്പെടുമ്പോൾ ഇബ്രാഹീം കുടുംബത്തെക്കുറിച്ച് ലോകം ഓർക്കുന്നു...
ലോകത്തുള്ള വാർത്താമാധ്യമങ്ങൾ ഓരോവർഷം കഴിയുംതോറും ഹജ്ജിന് കൂടുതൽ വാർത്താപ്രാധാന്യം നൽകി വരുന്നു. എന്തൊരു ധന്യസ്മരണയാണിത്. ഇബ്രാഹീം (അ)ന്റെ മകൻ ഇസ്മാഈൽ (അ) ലൂടെയാണ് അറബ് വംശം നിലവിൽ വരുന്നത്. ഇസ്മാഈൽ (അ )ന്റെ സന്താന പരമ്പരയിൽ വന്ന ഒരേയൊരു പ്രവാചകൻ മുഹമ്മദ് മുസ്തഫ ﷺ തങ്ങളാകുന്നു. അന്ത്യപ്രവാചകൻ, പിന്നൊരു നബിയില്ല...
ഇബ്രാഹീം (അ) ന്റെ മറ്റൊരു മകനായ ഇസ്ഹാഖ് (അ)ന്റെ സന്താന പരമ്പരയിൽ നിരവധി പ്രവാചകന്മാർ വന്നിട്ടുണ്ട്. ഇസ്ഹാഖ് (അ)ന്റെ മകനാണ് യഅ്ഖൂബ് (അ). യഅ്ഖൂബ് (അ) ന്റെ സന്താനപരമ്പരയാണ് ബനൂ ഇസ്രാഈൽ. ഈ വംശത്തിലാണ് അനേകം പ്രവാചകന്മാരുള്ളത്...
ആ പ്രവാചകന്മാരിൽ വിശ്വസിച്ചവരാണ് ആദ്യകാല യഹൂദികളും ക്രിസ്ത്യാനികളും മറ്റും. ഇബ്രാഹീം (അ)മുസ്ലിംകൾക്കും യഹൂദികൾക്കും ക്രിസ്ത്യാനികൾക്കും പൂർവപിതാവാണ്. പ്രവാചകനാണ്. ആ പ്രവാചകന്റെ ചരിത്രം എല്ലാ വിഭാഗക്കാരും വായിച്ചറിയേണ്ടതാണ്. കടുത്ത ത്യാഗത്തിന്റെ ചരിത്രമാണിത്. തുല്യതയില്ലാത്ത പരീക്ഷണങ്ങളുടെ പരമ്പരയാണത്...
സർവതും സർവശക്തനായ അല്ലാഹുﷻവിൽ സമർപ്പിച്ചു ജീവിതവും മരണവും ഭാര്യമാരും സന്താനങ്ങളും അല്ലാഹുﷻവിന്റെ കൽപനകൾക്കു മുമ്പിൽ ശങ്കിച്ചുനിന്നില്ല. പതറിപ്പോയില്ല. എന്തും ത്യജിക്കാൻ തയ്യാറായി. തൽഫലമായി ഇബ്രാഹീം (അ) അല്ലാഹുﷻവിന്റെ മിത്രമായി...
ഇബ്രാഹീമിയ്യ മാർഗം. മില്ലത്ത് ഇബ്രാഹീം.
അതറിയണം. ദിവസത്തിൽ ഇരുപതു തവണ പേര് പറയുന്ന ആ മഹാൻ ആരാണെന്ന് അന്വേഷിച്ചറിയണം. പഠനം, ഗവേഷണം, ചർച്ചകൾ, പ്രഭാഷണങ്ങൾ, ലേഖനങ്ങൾ, എല്ലാം വേണം. എല്ലാം മില്ലത്ത് ഇബ്രാഹീമിനെക്കുറിച്ചു പഠിക്കാൻ സഹായമാവണം. വിശുദ്ധ ഖുർആനും മറ്റ് ഗ്രന്ഥങ്ങളും ആ പ്രവാചകനെക്കുറിച്ചു നൽകുന്ന വിവരങ്ങൾ പരിശോധിക്കണം. അബദ്ധങ്ങൾ തിരുത്തണം...
ഖുർആനിൽ ഇരുപത്തഞ്ച് സൂറത്തുകളിലായി അറുപത്തൊമ്പത് സ്ഥലങ്ങളിൽ ഇബ്രാഹീം (അ)നെക്കുറിച്ചു പറയുന്നുണ്ട്. ഓരോ നിമിഷത്തിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വിശുദ്ധ ഖുർആൻ പാരായണം ചെയ്യപ്പെടുന്നുണ്ട്...
അതിരാവിലെയും, നട്ടുച്ചക്കും, അർദ്ധരാത്രിയിലും പാരായണം നടക്കുന്നു. ഇശാമഗ്രിബിന്നിടയിൽ കൃത്യമായി ഓതുന്നവർ അനേകായിരംവരും. തഹജ്ജുദ് നിസ്കരിക്കുകയും അതിന്നുശേഷം ഖുർആൻ പാരായണം നടത്തുകയും ചെയ്യുന്നുവർ നിരവധിയാണ്. നിരന്തര പാരായണം നടക്കുന്ന ഹിഫ്ളുൽ ഖുർആൻ കോളേജുകൾ. നിരവധി പേർ ചേർന്നു ഖുർആൻ ഓതിത്തീർക്കുന്ന സദസ്സുകൾ...
ഖുർആൻ പാരായണം അഭ്യസിപ്പിക്കുന്ന മദ്റസകൾ. വ്യാഖ്യാനം പഠിപ്പിക്കുന്ന പള്ളിദർസുകളും അറബിക്കോളേജുകളും. നേർച്ചയാക്കി ഓതുന്നവർ. മരിച്ചവർക്കു വേണ്ടി ഓതുന്ന വീടുകൾ. വിശുദ്ധ ഖുർആന്റെ ശബ്ദമുയരാത്ത നിമിഷങ്ങളില്ല. മക്കയിലും മദീനയിലും നടക്കുന്ന രാപകൽ ഭേദമില്ലാത്ത പാരായണം. ചിന്തിച്ചുനോക്കൂ ഇബ്രാഹീം (അ)ന്റെ നാദം ഓരോ ദിവസത്തിലും എത്ര തവണയാണ് ഉയരുന്നത്..? അതുയരാത്ത നേരമില്ല...
ഇബ്രാഹീം (അ) അല്ലാഹുﷻവിന്റെ കൽപനകൾ പാലിച്ചു ജീവിച്ചു. ആ നാമം ഉച്ചരിക്കുന്ന സത്യവിശ്വാസികൾ അല്ലാഹുﷻവിനെ അനുസരിക്കുന്ന കാര്യത്തിൽ ഇബ്രാഹീം (അ) നെയാണ് മാതൃകയാക്കേണ്ടത്...