Thursday - 23 April, 2026 5-Dhu al-Qadah-1447

കഅ്ബ (1)

   ഇബ്രാഹീം (അ) മകനെ കാണാൻ വേണ്ടി മക്കയിൽ വന്നു. സംസം കിണറിന്റെ സമീപത്തു വന്നിറങ്ങി. മകൻ ഇസ്മാഈൽ  (അ) സംസം കിണറിന്നടുത്തു തന്നെ ഉണ്ടായിരുന്നു. അസ്ത്രങ്ങൾ നന്നാക്കി മൂർച്ച കൂട്ടുകയായിരുന്നു. പിതാവിനെ കണ്ടപ്പോൾ മകന് വല്ലാത്ത സന്തോഷം...


 ഓടിച്ചെന്ന് ആലിംഗനം ചെയ്തു. രണ്ടുപേരും പല കാര്യങ്ങളെക്കുറിച്ചും സംസാരിച്ചു. കഅബാലയം പുതുക്കിപ്പണിയാൻ അല്ലാഹുﷻ എന്നോട് കൽപിച്ചിരിക്കുന്നു. മോൻ എന്നെ സഹായിക്കണം. മകന് വളരെ സന്തോഷമായി. എന്ത് സഹായവും നൽകാൻ മകൻ സന്നദ്ധനായി...


 പിതാവും പുത്രനും വീട്ടിൽ വന്നു. റഹ്ലത്ത് പിതാവിനെ സന്തോഷത്തോടെ സ്വീകരിച്ചു. സൽക്കരിച്ചു. കഅബാലയം പുനർനിർമ്മിക്കാൻ വന്നതാണെന്നറിഞ്ഞപ്പോൾ വലിയ സന്തോഷം. ഇനി കുറെനാൾ ബാപ്പ ഇവിടെ കാണുമല്ലോ. നല്ല ആഹാരമുണ്ടാക്കിക്കൊടുക്കാം. ഇതൊരു സൗഭാഗ്യം തന്നെ. മകൻ മലഞ്ചരിവിൽ ചെന്ന് കല്ല് ചുമന്നുകൊണ്ടുവരും ബാപ്പ തറകെട്ടി ചുമർ പടുത്തുയർത്തും...


 കഅബാ ശരീഫ്... അല്ലാഹുﷻവിനെ ആരാധിക്കാൻ ഭൂമുഖത്ത് പടുത്തുയർത്തപ്പെട്ട ഒന്നാമത്തെ ഭവനമാണ് കഅബ. വിശുദ്ധ ഖുർആനിലെ ആലു ഇംറാൻ സൂറത്തിലെ 96 ആം വചനം ഇക്കാര്യം വ്യക്തമാക്കുന്നു... 


"നിശ്ചയമായും മനുഷ്യർക്കു വേണ്ടി സ്ഥാപിക്കപ്പെട്ട  ഒന്നാമത്തെ ഭവനം (മസ്ജിദ്) ആശീർവദിക്കപ്പെട്ടതായും ലോകർക്ക് മാർഗദർശനമായും കൊണ്ട് ബക്ക (മക്ക) യിലുള്ളത് തന്നെയാകുന്നു. (3:96) 


 പഴയക്കാലത്ത് മക്കയെ ബക്കയെന്നും വിളിച്ചിരുന്നു. അവിടെ നിർമ്മിക്കപ്പെട്ട കഅബയാണ് ആദ്യത്തെ മസ്ജിദ്. ലോക ജനതക്ക് മാർഗദർശനം നൽകുന്ന പുണ്യഭവനം... 


 തൊട്ടടുത്ത വചനത്തിൽ ഇങ്ങനെ പറയുന്നു;  "അതിൽ വ്യക്തമായ ദൃഷ്ടാന്തങ്ങളുണ്ട് മാഖാമു ഇബ്രാഹീം (ഇബ്രാഹീം നിന്ന സ്ഥലം) അതിൽ ആര് പ്രവേശിച്ചുവോ അവൻ നിർഭയനായിരിക്കും. കഴിവുള്ളവൻ ആ ഭവനത്തിൽ ചെന്ന് ഹജ്ജ് ചെയ്യുകയെന്നത് അല്ലാഹുﷻനോടുള്ള ബാധ്യതയാകുന്നു. വല്ലവരും അവിശ്വസിക്കുന്ന പക്ഷം നിശ്ചയമായും അല്ലാഹുﷻ ലോകരെ സംബന്ധിച്ചു അനാശ്രയനാകുന്നു." (3:97)


 കഅബ പണിയുന്നതിനു മുമ്പ് ലോകത്ത് മറ്റൊരു പള്ളി ഉണ്ടായിരുന്നില്ല. മലക്കുകൾ മനുഷ്യർക്കു മുമ്പുതന്നെ ആ പ്രദേശത്ത് വരികയും ത്വവാഫ് നടത്തുകയും ചെയ്തിട്ടുണ്ട്...


 മനുഷ്യരിൽ നിന്ന് ആദ്യമായി കഅബ നിർമ്മിച്ചത് ആദം നബി (അ) ആകുന്നു. മനുഷ്യവർഗത്തിന്റെ ആദ്യ പിതാവായ ആദം (അ) തന്നെ ആദ്യത്തെ ആരാധനാലയത്തിന്റെ നിർമ്മാണവും നിർവ്വഹിച്ചു. പിന്നീട് ആദം നബി (അ)ന്റെ സന്താനങ്ങൾ ചേർന്ന് കഅബ പണിതു. ശീസ് നബി (അ)ന്റെ നേതൃത്വത്തിലാണ് പണി നടന്നത്. നൂഹ് (അ) ന്റെ കാലത്തുണ്ടായ വമ്പിച്ച പ്രളയത്തിൽ കഅബ തകർന്നുപോയി. അത് ഒരു മൺകൂനയായി വളരെക്കാലം കിടന്നു. ഇപ്പോൾ ഇബ്രാഹീം  (അ) മകനോടൊപ്പം അത് പുതുക്കിപ്പണിയാൻ പോവുകയാണ്... 


 കഅബയെക്കുറിച്ചു അല്ലാഹുﷻ പറഞ്ഞത് അനുഗ്രഹീത ഭവനം എന്നാകുന്നു. അല്ലാഹുﷻന്റെ അനുഗ്രഹം തേടിയാണ് സത്യവിശ്വാസികൾ അവിടെയെത്തുന്നത്. കഅബയുടെ ശരിയായ അളവൊന്നും അന്ന് അറിയപ്പെട്ടിരുന്നില്ല. ഒരു മേഘം നിഴലിട്ടു നിഴൽ വീണ ഭാഗമാണ്. കഅബ. അതിരുകൾ മനസ്സിലായി അതിര് നോക്കി തറകീറി...


 ഇസ്മാഈൽ (അ)മലഞ്ചരിവിൽ നിന്ന് കല്ലുകൾ ചുമന്നുകൊണ്ടുവന്നു. അരിക് ചെത്തി ഭംഗിയാക്കി. അവ ഉപയോഗിച്ചു തറകെട്ടി.  റഹ്ല ആഹാരവും വെള്ളവും നൽകി കൂടെത്തന്നെയുണ്ട്. മക്കയിലെ താമസക്കാർ എല്ലാറ്റിനും സാക്ഷികളായി. കഅബ പുതുക്കിപ്പണിയുന്ന കാലത്ത് ഇസ്മാഈൽ  നബിക്ക് മുപ്പത് വയസ്സ് പ്രായമുണ്ട്. ഇബ്രാഹീം (അ)ന് നൂറ്റി മുപ്പത്തിമൂന്ന് വയസ്സ്...


 ഒരാൾ പൊക്കത്തിൽ ചുമർകെട്ടിക്കഴിഞ്ഞു. ഇനി കെട്ടണമെങ്കിൽ വല്ല സാധനത്തിന്റെയും മുകളിൽ കയറിനിൽക്കണം. അതിന് പറ്റിയ കല്ലെടുക്കാൻ വേണ്ടി ഇസ്മാഈൽ (അ) അബൂഖുബൈസ് പർവ്വതത്തിൽ കയറി...


ജിബ്രീൽ (അ) ഒരു പ്രത്യേക കല്ല് കാണിച്ചുകൊടുത്തു. അതുകൊണ്ട് പിതാവിന് കയറിനിൽക്കാൻ വേണ്ടി ഇട്ടുകൊടുത്തു. ഈ കല്ലാണ് ഇബ്രാഹീം മഖാം. മഖാം എന്നാൽ നിൽപ്പ്സ്ഥാനം എന്നർത്ഥം. നിൽക്കുമ്പോൾ ഇരുപാദങ്ങൾ പതിയുന്ന സ്ഥലം. ചുമർ കെട്ടി നീങ്ങുന്നതിനനുസരിച്ച് കല്ല് നീക്കിയിട്ടുകൊടുക്കും. അങ്ങനെ കഅബയുടെ ചുറ്റും കല്ല് നീക്കിയിട്ടു കൊടുത്തുകൊണ്ടിരിന്നു...


 ഇബ്രാഹീം (അ) ന്റെ പാദങ്ങൾ കല്ലിൽ നന്നായി പതിഞ്ഞു. കഅബാ നിർമ്മാണത്തിന്റെ സ്മരണ ഉണർത്തുന്ന മഹത്തായൊരു മുഅ്ജിസത്താണിത്...