Thursday - 23 April, 2026 5-Dhu al-Qadah-1447

റഹ്ലത്ത് (2)

   മക്കയിൽ ജനവാസം കൂടിക്കൂടി വരികയാണ്. വീടുകളുടെ എണ്ണം കൂടി. മക്കയിലെത്തിയ ജുർഹൂം ഗോത്രക്കാരുടെ നേതാവായിരുന്നു മുള്ളാള്ബ്നു അംറ് (റ). നല്ല ആജ്ഞാ ശക്തിയുള്ള നേതാവ്. നേതൃഗുണങ്ങൾ ഒത്തിണങ്ങിയ മഹാൻ. അദ്ദേഹം ഇസ്മാഈൽ (അ) നെ വളരെ ഇഷ്ടപ്പെട്ടു. തന്റെ മകൾക്ക് വിവാഹ പ്രായമായിട്ടുണ്ട്. നല്ലൊരു ഭർത്താവിനെ കിട്ടണം. സുന്ദരിയും ബുദ്ധിമതിയും സൽഗുണ സമ്പന്നയുമാണ് പ്രിയപുത്രി റഹ്ലത്ത്...


 ഇസ്മാഈലുമായി വിവാഹാലോചന നടന്നു. ഇരുകൂട്ടർക്കും സന്തോഷം. വിവാഹമുറപ്പിച്ചു. തീയതി നിശ്ചയിച്ചു. ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ ഇസ്മാഈൽ (അ) റഹ്ലത്തിനെ വിവാഹം ചെയ്തു. ഭാര്യാഭർത്താക്കന്മാർക്കിടയിൽ നിഷ്കളങ്കമായ സ്നേഹവും സഹകരണവും വിശ്വാസവും നിലനിന്നു. സന്തോഷവും  ദുഃഖവും പങ്കുവെച്ചു. ഉള്ളത്കൊണ്ട് തൃപ്തിപ്പെട്ടു ജീവിച്ചു...


 ഒരു ദിവസം ഒരു വൃദ്ധൻ വീട്ടിൽ വന്നു. റഹ്ലത്ത് മാത്രമേ വീട്ടിലുള്ളൂ. ആഗതൻ സലാം ചൊല്ലി. റഹ്ലത്ത് ആഗതനെ സന്തോഷപൂർവം സ്വീകരിച്ചു. അവർ പല കാര്യങ്ങളെക്കുറിച്ചും സംസാരിച്ചു...


"നിങ്ങളുടെ ജീവിതമെങ്ങനെ?" വൃദ്ധൻ ചോദിച്ചു.


"ഞങ്ങൾ സന്തോഷത്തോടെ ജീവിക്കുന്നു. പരസ്പര സ്നേഹവും സഹകരണവും ഞങ്ങളെ ധന്യരാക്കിയിട്ടുണ്ട്."


 റഹ്ലത്തിന്റെ സംസാരവും പെരുമാറ്റവും വളരെ ഇഷ്ടപ്പെട്ടു. പോവുമ്പോൾ ഇങ്ങനെ പറഞ്ഞു. "നിന്റെ ഭർത്താവ് വരുമ്പോൾ എന്റെ സലാം പറയണം. കട്ടിളപ്പടി ഉറപ്പിച്ചുനിർത്താൻ പറയുക.  അല്ലാഹുﷻ ന്റെ അനുഗ്രഹങ്ങൾ ധാരാളമാണ്. അവനെ സ്തുതിച്ചുകൊണ്ടിരിക്കണം..." വൃദ്ധൻ യാത്ര പറഞ്ഞു പിരിഞ്ഞു.


വൈകുന്നേരം ഭർത്താവ് വന്നു. റഹ്ലത്ത് പകൽ നടന്ന സംഭവങ്ങളൊക്കെ ഭർത്താവിനോട് വിവരിച്ചു പറഞ്ഞു. കട്ടിളപ്പടി ഉറപ്പിച്ചുനിർത്താൻ പറഞ്ഞത് കേട്ട് ഇസ്മാഈൽ (അ) പുഞ്ചിരി തൂകി...


"റഹ്ലാ... ആ വന്നത് ആരാണെന്നറിയാമോ?"  എന്റെ പിതാവ് ഇബ്രാഹീം (അ). നിന്നെ എന്റെ ഭാര്യയായി നിലനിർത്തണമെന്നാണദ്ദേഹം സൂചിപ്പിച്ചത്. നിന്റെ സംസാരവും പെരുമാറ്റവുമെല്ലാം പിതാവിന് ഇഷ്ടപ്പെട്ടു...


 സന്തോഷകരമായ ദാമ്പത്യജീവിതം ഏറെക്കാലം നീണ്ടു. അവർക്ക് പത്ത് പുത്രന്മാർ ജനിച്ചു. പന്ത്രണ്ട് പുത്രന്മാരെന്നും അഭിപ്രായമുണ്ട്. പത്ത് പേർക്കും പരമ്പരയുണ്ടായി. പത്ത് ഗോത്രങ്ങളായി വളർന്നു. പത്ത് സ്ഥലങ്ങളിൽ താമസമുറപ്പിച്ചു. അറബികളുടെ സമൂഹം അവരിലൂടെ വളരുകയായിരുന്നു. മക്കയുടെ പിൽക്കാല ചരിത്രം ഇവരിലൂടെയാണ് ഒഴുകിപ്പോയത്...