ജീവിതത്തിന്റെ നടപ്പാതയിലൂടെ വളരെ ദൂരം സഞ്ചിരിച്ചിരിക്കുന്നു ഇബ്രാഹീം (അ). താൻ കടന്നുപോകുന്ന ജീവിത പാതയിലേക്ക് തിരിഞ്ഞുനോക്കി. എന്തെല്ലാം പരീക്ഷണങ്ങൾ. വയസ്സ് നൂറ്റി എഴുപത്തഞ്ച് കടന്നുപോയിരിക്കുന്നു. വാർദ്ധക്യം നൽകിയ ക്ഷീണമുണ്ട്. ഏതെല്ലാം നാടുകളിൽ സഞ്ചരിച്ചു. ഏതെല്ലാം ജനസമൂഹങ്ങളെ അഭിമുഖീകരിച്ചു. തൗഹീദിലേക്കുള്ള ക്ഷണമായിരുന്നു ഓരോ സംഭാഷണവും...
സ്വാലിഹായ സന്താനങ്ങൾക്കു വേണ്ടി ദുആ ഇരന്നു. വാർദ്ധക്യകാലത്ത് നല്ല സന്താനങ്ങളെത്തന്നെ അല്ലാഹുﷻതന്നു. മൂത്ത മകൻ ഇസ്മാഈലിനെ അല്ലാഹുﷻ നബിയായി നിയോഗിച്ചു. രണ്ടാമത്തെ മകൻ ഇസ്ഹാഖിനെയും നബിയാക്കി. ഇസ്ഹാഖിന്റെ മകൻ യഹ്ഖൂബിനെയും നബിയാക്കി. എല്ലാം കണ്ടു. സന്തോഷമായി. അല്ലാഹുവേ നിനക്കാണ് സ്തുതി അൽഹംദുലില്ലാഹ്...☝????
ആ മകൻ താമസിച്ച നാടിന് ആ പേർ വന്നു. അവിടെ വളർന്നുവന്ന പട്ടണത്തിനു കിട്ടി ആ പേർ. മദ്യ്യൻ പട്ടണം. സന്താന പരമ്പര ഒരു ഗോത്രമായി. മദ്യ്യൻ ഗോത്രം. ആ ഗോത്രത്തിൽ ശുഐബ് നബി (അ) വന്നു. ഇബ്രാഹീം (അ)നെ അല്ലാഹുﷻ മനുഷ്യവർഗത്തിന്റെ ഇമാമാക്കി. സന്താന പരമ്പരയെ ധന്യമാക്കി. ആത്മസംതൃപ്തിയുടെ നാളുകൾ...
കുറച്ചു ദിവസം രോഗിയായി. അപ്പോഴും ദൗത്യം തുടർന്നു കൊണ്ടിരുന്നു. മക്കളും പേരക്കിടാങ്ങളും അനുയായികളും ചുറ്റുമുണ്ട്. അവരെ സാക്ഷിയാക്കി ആത്മാവ് വേർപിരിഞ്ഞു. ഖലീലുല്ലാഹി ഇബ്രാഹീം (അ) വഫാത്തായി...
إناللّه وإنا اليه راجعون
പ്രിയപത്നി സാറ(റ) യുടെ സമീപം ഖബറടക്കപ്പെട്ടു. പിൽക്കാലത്ത് ഇസ്ഹാഖ് (അ) മരണപ്പെട്ടപ്പോൾ ഉപ്പാക്കു സമീപം ഖബറടക്കപ്പെട്ടു. യഹ്ഖൂബ് (അ) മരണപ്പെട്ടപ്പോൾ ഇവിടെ തന്നെ ഖബറടക്കപ്പെട്ടു. മനുഷ്യവർഗത്തിന്റെ മഹാന്മാരായ നേതാക്കൾ ഒന്നിച്ചു അന്ത്യവിശ്രമം കൊള്ളുന്നു...
അബൂഹാത്തം ബ്നു ഹിബ്ബാൻ (റ) റിപ്പോർട്ട് ചെയ്യുന്നു :
നബിﷺപറഞ്ഞു : "നൂറ്റി ഇരുപതാം വയസ്സിൽ ഇബ്രാഹീം (അ) ചേലാകർമ്മം നിർവഹിച്ചു. അതിനുശേഷം എൺപത് വർഷം കൂടി ജീവിച്ചു."
അബൂഹുറൈറ (റ) പറഞ്ഞു : "ഇബ്രാഹീം (അ) ചേലാകർമ്മം നിർവ്വഹിച്ചത് നൂറ്റി ഇരുപതാം വയസ്സിലായിരുന്നു. പിന്നീട് എൺപത് വർഷം കൂടി ജീവിച്ചു. അൽഖുദൂം എന്ന ഗ്രാമത്തിൽ വെച്ചായിരുന്നു ചേലാകർമ്മം നിർവ്വഹിക്കപ്പെട്ടത്." ഈ റിപ്പോർട്ടുകളനുസരിച്ച് ഇബ്രാഹീം (അ) ജീവിച്ചത് ഇരു നൂറ് വർഷമാകുന്നു...
സംഭവബഹുലമായ ഇരുനൂറ് വർഷങ്ങൾ... അതിന്റെ ധന്യമായ ഓർമ്മയിൽ ഈ ചരിത്രം അവസാനിപ്പിക്കുന്നു. അല്ലാഹുﷻ സ്വീകരിക്കട്ടേ....! ആമീൻ
ഇബ്രാഹീം (അ)ന്റെ ഹഖ് ജാഹ് ബറകത്ത് കൊണ്ട് അല്ലാഹു സുബ്ഹാനഹുവതാല നമുക്ക് ഇരുലോക വിജയം പ്രദാനം ചെയ്യട്ടെ ...
ആമീൻ യാ റബ്ബൽ ആലമീൻ...
ഇബ്റാഹീം നബി (അ)നും മറ്റു ഈ ചരിത്രത്തിൽ പരാമർശിച്ച എല്ലാ മഹാന്മാർക്കും മൂന്ന് ഫാതിഹ ഓതി ഹദിയ ചെയ്യണമെന്നു വിനീതമായി അഭ്യർത്ഥിക്കുന്നു...
ഈ ചരിത്രം നിങ്ങളുടെ കൈകളിൽ എത്താൻ കാരണക്കാരായ എല്ലാവരെയും നിങ്ങളുടെ വിലപ്പെട്ട ദുആകളിൽ ഉൾപ്പെടുത്തണമെന്ന് വസ്വിയ്യത്ത് ചെയ്യുന്നു...
【 ഇബ്രാഹിം നബി (അ) ചരിത്രം ഇവിടെ അവസാനിക്കുന്നു.】