ഇസ്മാഈൽ (അ) വളർന്നു യുവാവായി. വിവാഹ പ്രായമായി. ജുർഹൂം ഗോത്രത്തിലെ ഒരു പ്രമാണിക്ക് തന്റെ മകളെ ഇസ്മാഈലിനെകൊണ്ട് വിവാഹം കഴിപ്പിക്കണമെന്ന് താൽപ്പര്യം വന്നു. മകൾക്കതിൽ വലിയ താൽപര്യമില്ലായിരുന്നു...
പിതാവിന്റെ നിർബന്ധം കാരണം വിവാഹം നടന്നു. പലപ്പോഴും ഭർത്താവിനോട് പല കാര്യങ്ങളെക്കുറിച്ചും പരാതി പറയും. ജീവിതം തട്ടിമുട്ടി നീങ്ങിക്കൊണ്ടിരുന്നു. ഒരു ദിവസം ഒരു വൃദ്ധൻ അവിടെ വന്നു. വീട്ടുമുറ്റത്തു വന്നു സലാം ചൊല്ലി.
"ഇസ്മാഈലിന്റെ ഭാര്യയാണല്ലേ...?" വൃദ്ധൻ ചോദിച്ചു.
"അതെ"
"എവിടെ നിന്റെ ഭർത്താവ്?"
"വേട്ടക്ക് പോയതാണ്"
"എപ്പോൾ വരും?"
"വൈകുന്നേരം വരും"
"നിങ്ങളുടെ ജീവിതമെങ്ങനെ ?"
"വളരെ ബുദ്ധിമുട്ടിലാണ്. ആഹാരത്തിന്റെ കാര്യം കമ്മിയാണ്."
കുറെ പരാതികൾ പറഞ്ഞു.
"നിന്റെ ഭർത്താവിന് എന്റെ സലാം പറയണം. ഈ കട്ടിളപ്പടി മാറ്റി വെക്കണമെന്ന് അവനോട് പറയണം."
വൃദ്ധൻ മടങ്ങിപ്പോയി വൈകുന്നേരം ഇസ്മാഈൽ (അ) വന്നു. ഒരു മഹാൻ വന്നുപോയതിന്റെ അടയാളങ്ങൾ അദ്ദേഹത്തിന് അനുഭവപ്പെട്ടു.
"ഇവിടെ വിശേഷിച്ച് ആരെങ്കിലും വന്നിരുന്നോ?"
"വന്നിരുന്നു. ഒരു വൃദ്ധൻ."
"അദ്ദേഹമെന്ത് പറഞ്ഞു?"
"അദ്ദേഹം നമ്മുടെ ജീവിതത്തെക്കുറിച്ചു ചോദിച്ചു. ഞാൻ മറുപടി പറഞ്ഞു."
"നിങ്ങൾക്ക് സലാം പറഞ്ഞിട്ടുണ്ട്."
"പിന്നെന്ത് പറഞ്ഞു;"
"കട്ടിളപ്പടി മാറ്റിവെക്കണമെന്ന് പറഞ്ഞു"
ഇസ്മാഈൽ (അ)ഭാര്യയെ നോക്കിപ്പറഞ്ഞു. ആ വന്നത് ആരാണെന്നറിയാമോ? എന്റെ പിതാവായിരുന്നു. കട്ടിളപ്പടി മാറ്റിവെക്കണമെന്ന് പറഞ്ഞതിന്റെ അർഥം ഭാര്യയെ മാറ്റണമെന്നാണ്. ഇനി നീ എന്റെ ഭാര്യയല്ല. വീട്ടിലേക്ക് പൊയ്ക്കൊള്ളൂ. അവർ സാധനങ്ങളുമെടുത്ത് യാത്രയായി...
ഇസ്മാഈൽ (അ)ന്റെ ഇരുപതാമത്തെ വയസ്സിൽ ഉമ്മ ഹാജറ (റ) മരണപ്പെട്ടു. എന്തെല്ലാം ചരിത്ര സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച വനിതയാണവർ. കഅബാ ശരീഫ് മണൽക്കൂനയായി നിൽക്കുന്ന കാലമാണത്. മക്കക്കാരെല്ലാം ഒത്തുകൂടി. അന്നത്തെ നിലക്കുള്ള മയ്യിത്ത് സംസ്കരണ പരിപാടികളൊക്കെ നടന്നു. കഅബാ ശരീഫിന്നടുത്തു തന്നെ ഖബറടക്കി...
ഇസ്മാഈൽ (അ) ആ ഖബറിന്നരികിൽ വന്നു നിൽക്കും. ഉമ്മാക്ക് വേണ്ടി ദുആ ചെയ്യും. തനിക്ക് എന്തുമാത്രം സ്നേഹം നൽകിയ ഉമ്മയാണിത്. ശൈശവകാലം വെള്ളമില്ലാത്ത നാട്. അവർ താൻ കൈകാലിട്ടടിച്ചു കരഞ്ഞ നേരം സഫാ മർവാക്കിടയിൽ ഉമ്മ ഓടിയ ഓട്ടം. ആ ഓട്ടത്തിന്റെ അവസാനത്തിലാണല്ലോ സംസം ഉറവ പൊട്ടിയൊഴുകിയത്. ഉമ്മ തന്നെ ലാളിച്ചു വളർത്തി. വേണ്ടതെല്ലാം തന്നു. ആ ഉമ്മ ഇന്ന് ഈ ഖബറിൽ ഉറങ്ങുന്നു. റബ്ബേ അവർക്ക് പൊറുത്തു കൊടുക്കേണമേ...