ബലിയുടെ സമയമായി. മകൻ ബാപ്പയോടിങ്ങനെ പറഞ്ഞു:
"ഉപ്പാ എന്റെ മുഖം കാണാത്തവിധം എന്നെ ചരിച്ചുകിടത്തണം. കൈകാലുകൾ ബന്ധിക്കണം. കത്തി നന്നായി മൂർച്ച കൂട്ടണം. വളരെ പെട്ടെന്ന് അറവ് തീരണം. എന്റെ ഉടുപ്പ് ഊരിമാറ്റുക. അല്ലെങ്കിൽ അതിൽ രക്തം തെറിച്ചു വീഴും. രക്തം പുരണ്ട ഉടുപ്പ് കണ്ടാൽ ഉമ്മ സങ്കടപ്പെടും."
മകൻ പറഞ്ഞതു പോലെ ഉപ്പ ചെയ്തു. മകനെ ചരിച്ചു കിടത്തി. കൈകാലുകൾ കയർകൊണ്ട് ബന്ധിച്ചു. കത്തി നന്നായി മൂർച്ച കൂട്ടി. ഉടുപ്പ് ഊരിമാറ്റിവെച്ചു. കത്തി കഴുത്തിൽ വെച്ചു. അറവ് തുടങ്ങി. മുറിയുന്നില്ല. രണ്ടാമതും ശ്രമിച്ചു. മുറിയുന്നില്ല. മൂന്നാമതും ശ്രമിച്ചു മുറിഞ്ഞില്ല. അപ്പോൾ ഒരു അശരീരി കേട്ടു...
"ഓ......... ഇബ്രാഹീം ......നീ സ്വപ്നത്തെ സാക്ഷാൽകരിച്ചിരിക്കുന്നു."
അല്ലാഹുവിന്റെ ഭാഗത്തുനിന്നുള്ള ശബ്ദം. സമാധാനമായി. ജിബ്രീൽ (അ) സ്വർഗത്തിൽ നിന്നൊരാടിനെക്കൊണ്ട് വന്നു. ഇബ്രാഹീം (അ) ആടിനെ അറുക്കാൻ തുടങ്ങി. അപ്പോൾ ജിബ്രീൽ (അ) തക്ബീർ ചൊല്ലി.
"അല്ലാഹു അക്ബർ അല്ലാഹു അക്ബർ."
ആട് സ്വയം തക്ബീർ ചൊല്ലി. ഇബ്രാഹീം (അ) ഇങ്ങനെ ചൊല്ലി:
"ലാഇലാഹ ഇല്ലല്ലാഹു അല്ലാഹു അക്ബർ"
ഇസ്മാഈൽ (അ) ഇങ്ങനെ പൂർത്തിയാക്കി.
"അല്ലാഹു അക്ബർ വലില്ലാഹിൽ ഹംദ്."
പെരുന്നാൾ ദിനത്തിൽ തക്ബീർ ചെല്ലുമ്പോൾ ഈ ത്യാഗസ്മരണ സത്യവിശ്വാസികളുടെ മനസ്സിൽ തെളിയുന്നു. അറുക്കപ്പെട്ട ആടിന്റെ കൊമ്പ് സൂക്ഷിച്ചുവെച്ചു വളരെക്കാലം അത് കഅബയിൽ തൂക്കിയിട്ടിരുന്നു. മകനെ അറുക്കാനുള്ള സ്വപ്നം കണ്ടത് ദുൽഹജ്ജ് എട്ടിനായിരുന്നു. അന്നുമുതൽ ആ ദിവസത്തിന് യൗമുത്തർവിയ്യ എന്നു പറഞ്ഞുവരുന്നു. മകനെയും കൊണ്ട് ഉപ്പ ഹാജറയുടെ സമീപം തിരിച്ചെത്തി. ഹാജറ അല്ലാഹുവിനെﷻ വാഴ്ത്തി...
വിശുദ്ധ ഖുർആൻ ഈ സംഭവം എങ്ങനെ അവതരിപ്പിക്കുവെന്ന് നോക്കാം...
"എന്റെ റബ്ബേ നീ എനിക്ക് സദ് വൃത്തരിൽ പെട്ട (മകനെ) നൽകേണമേ എന്ന് (ഇബ്രാഹീം പ്രാർഥിച്ചു ) (37:100)
"അപ്പോൾ സഹനശീലനായ ഒരു സന്താനത്തെക്കുറിച്ച് നാം അദ്ദേഹത്തിന് സന്തോഷവാർത്ത അറിയിച്ചു." (37:101)
"എന്നിട്ട് (ആ ബാലൻ) തന്റെ കൂടെ പ്രത്നിക്കുവാൻ (പ്രായം) എത്തിയപ്പോൾ അദ്ദേഹം പറഞ്ഞു. എന്റെ കുഞ്ഞു മകനേ... ഞാൻ നിന്നെ അറുക്കുന്നതായി സ്വപ്നം കണ്ടു."
"എന്താണ് നിന്റെ അഭിപ്രായം?"
ഇസ്മാഈൽ (അ)പറഞ്ഞു : "എന്റെ ഉപ്പാ. ... താങ്കാളോട് കൽപിക്കപ്പെട്ടത് പോലെ ചെയ്യുക. അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം എന്നെ ക്ഷമാശീലരുടെ കൂട്ടത്തിൽ താങ്കൾക്കു കാണാം. (37:102)
അങ്ങനെ രണ്ടുപേരും (കൽപനക്ക് ) കീഴടങ്ങുകയും അദ്ദേഹം അവനെ നെറ്റി വെച്ചു കിടത്തുകയും ചെയ്തപ്പോൾ (37 103)
നാം (അല്ലാഹു) അദ്ദേഹത്തെ വിളിച്ചു ഹേ... ഇബ്രാഹീം. ...(37:104 )
തീർച്ചയായും നീ സ്വപ്നത്തെ സാക്ഷാൽകരിച്ചിരിക്കുന്നു. ഇപ്രകാരമാണ് സുകൃതന്മാർക്ക് നാം പ്രതിഫലം കൊടുക്കുന്നത്. (37:105) "തീർച്ചയായും ഇത് തന്നെയാണ് സ്പഷ്ടമായ പരീക്ഷണം." (37:106 )
"മഹത്തായൊരു മൃഗത്തെക്കൊണ്ട് അവനു (പകരം) നാം ബലി കൊടുക്കുകയും ചെയ്തു." (37:107)
ഇബ്രാഹീം (അ)ന്റെ ത്യാഗത്തെ അല്ലാഹുﷻ വാഴ്ത്തിപ്പറഞ്ഞു. പിൽക്കാല സമൂഹങ്ങൾ ഈ ബലിയുടെ ചരിത്രം പഠിച്ചു. അവർ ഇബ്രാഹീം (അ)നെ ആദരവോടെ ഓർക്കുന്നു. മഹാനായ ഇബ്രാഹീം (അ) നെക്കുറിച്ചുള്ള മഹത്തായ സ്മരണ അല്ലാഹു തന്നെയാണ് പിൽക്കാല സമൂഹങ്ങളിൽ നിലനിർത്തിയത്. ഇത് ദൈവികമായ ഒരനുഗ്രഹം തന്നെയാണ്. നാലായിരം കൊല്ലങ്ങൾക്ക് ശേഷവും ആ സ്മരണ എത്ര സജീവമായി ജ്വലിച്ചുനിൽക്കുന്നു...
വിശുദ്ധ ഖുർആൻ പറയുന്നതു നോക്കൂ....
"പിന്നീടുള്ളവരിൽ അദ്ദേഹത്തിന്റെ മേൽ നാം സൽകീർത്തി ബാക്കിയാക്കുകയും ചെയ്തു." (37:108)
"ഇബ്രാഹീമിന് സമാധാനം , ശാന്തി."(37:109)
"അപ്രകാരമാണ് നാം സുകൃതം ചെയ്തവർക്ക് പ്രതിഫലം നൽകുന്നത്." (37:110)
"നിശ്ചയം അദ്ദേഹം നന്മയുടെ സത്യവിശ്വാസികളായ അടിയന്മാരിൽ പെട്ടവനാകുന്നു." (37:111)
ഇബ്രാഹീം (അ)ന്റെ പ്രാർത്ഥനകൾ വിശുദ്ധ ഖുർആൻ ഉദ്ധരിച്ചിട്ടുണ്ട്. പിൽകാല സമൂഹത്തിൽ എന്നെക്കുറിച്ചു നല്ല സ്മരണ നില നിർത്തേണമേ... എന്ന് അദ്ദേഹം പ്രാർത്ഥിച്ചിരുന്നു. അന്ത്യനാൾ വരെ അദ്ദേഹത്തിന്റെ സ്മരണ നിലനിൽക്കും. വിശുദ്ധ ഖുർആൻ പല സ്ഥലത്തും അദ്ദേഹത്തെ വാഴ്ത്തിപ്പറഞ്ഞു. വിശുദ്ധ ഖുർആൻ പാരായണം ചെയ്യുമ്പോഴെല്ലാം ഇബ്രാഹീം (അ) സ്മരിക്കപ്പെടുന്നു....