ഇബ്രാഹീം (അ)ന് ഹജ്ജിന്റെ കർമ്മങ്ങൾ പഠിപ്പിച്ചുകൊടുക്കാൻ ജിബ്രീൽ (അ) ന് അല്ലാഹുﷻ കൽപന നൽകി. ജിബ്രീൽ (അ) ഓരോ കാര്യങ്ങൾ പഠിപ്പിച്ചുകൊടുത്തു. ഹജ്ജിന്റെ മാസം പരിചയപ്പെടുത്തിക്കൊടുത്തു...
ഹജ്ജിന്റെ ദിവസങ്ങൾ വരികയായി. ജിബ്രീൽ (അ) പറഞ്ഞുകൊടുത്തത് പോലെ ഇഹ്റാമിൽ പ്രവേശിച്ചു. മിനായിലേക്ക് പോയി. അടുത്ത ദിവസം അറഫയിലും. അവിടെ നിന്ന് മുസ്ദലിഫയിലുമെത്തി. വീണ്ടും മിനായിൽ വന്നു. ബലിയറുത്തു. പിശാച് വന്നു. ജംറകളിൽ വെച്ച് പിശാചിനു നേരെ കല്ലെറിഞ്ഞു. ത്വവാഫും സഹ്യ്യും നടത്തി. മുടി നീക്കി...
ഹജ്ജിന്റെ ദിവസങ്ങൾ കടന്നുപോയി. വല്ലാത്ത അനുഭൂതിയുടെ നാളുകൾ. മകൻ ഇസ്മാഈൽ (അ) കൂടെയുണ്ടായിരുന്നു. ഹജ്ജ് കഴിഞ്ഞപ്പോൾ അല്ലാഹുﷻ ഇങ്ങനെ കൽപ്പിച്ചു. ജനങ്ങളെ ഹജ്ജിന് വിളിക്കൂ. ഞാൻ വിളിച്ചാൽ ആര് കേൾക്കും. വിളിച്ചോളൂ... ഞാൻ കേൾപ്പിക്കും. അതെന്റെ കടമയാണ്...
ഇബ്രാഹീം (അ) അബൂഖുബൈസ് മലയുടെ ഉന്നത ശിഖരത്തിൽ കയറിനിന്നു. കാതുകളിൽ വിരലമർത്തി. ഇരുവശങ്ങളിലേക്കും തിരിഞ്ഞ് മുമ്മൂന്ന് പ്രാവശ്യം അല്ലാഹുﷻന്റെ കൽപ്പന ഉച്ചത്തിൽ വിളിച്ചറിയിച്ചു...
"ആദമിന്റെ മക്കളേ... അല്ലാഹുﷻ നിങ്ങൾക്കു വേണ്ടി ഭൂമിയിൽ ഒരു ആരാധനാലയം പണിതിരിക്കുന്നു. കഅബ... നിങ്ങൾ മക്കയിൽ വന്നു ഹജ്ജ് നിർവഹിക്കണമെന്ന് അല്ലാഹുﷻ കൽപിച്ചിരിക്കുന്നു. കഅബത്തിങ്കലേക്ക് വരുവീൻ കാൽനടയായും വാഹനമേറിയും വന്നുകൊള്ളുവീൻ."
ലോകമെങ്ങും ഈ ശബ്ദം മുഴങ്ങി. ആത്മാവുകളുടെ ലോകത്തും അത് മുഴങ്ങിക്കേട്ടു. സകല ജീവജാലങ്ങളും സാക്ഷിയായി മൂന്നു തവണ അറിയിപ്പുണ്ടായി. മറുപടി പറഞ്ഞവരും പറയാത്തവരുമുണ്ട്. മറുപടി പറഞ്ഞവർ കാലാകാലങ്ങളിൽ ഹജ്ജിന്നു വേണ്ടി മക്കയിലെത്തിക്കൊണ്ടിരിക്കും...
വിശുദ്ധ ഖുർആൻ പറയുന്നു : "ഹജ്ജ് കർമ്മത്തിന് വരുവാൻ ജനങ്ങളിൽ പ്രഖ്യാപനവും ചെയ്യുക. കാൽ നടക്കാരായും വിദൂരമായ സകല മാർഗ്ഗങ്ങളിൽ കൂടിയും വന്നുകൊണ്ടിരിക്കുന്ന (ക്ഷീണിച്ച്) മെലിഞ്ഞ എല്ലാ വാഹനപ്പുറത്തായും അവർ നിന്റെ അടുക്കൽ വന്നുകൊള്ളുന്നതാണ്." (22:27)
"ഇബ്രാഹീം (അ)ന്റെ വിളിക്കുത്തരം നൽകിക്കൊണ്ട് ഓരോ വർഷവും അനേക ലക്ഷം ഹാജിമാർ മക്കയിലെത്തിക്കൊണ്ടിരിക്കുന്നു. എന്തിനാണവർ വരുന്നത്..? വിശുദ്ധ ഖുർആൻ വചനം നോക്കൂ...
"അവർക്ക് പ്രയോജനകരമായ രംഗങ്ങളിൽ അവർ സന്നിഹിതരാകുവാനും അല്ലാഹുﷻ അവർക്ക് നൽകിയിട്ടുളള നാൽക്കാലിമൃഗങ്ങളെ നിശ്ചിതദിവസങ്ങളിൽ അവന്റെ പേര് ഉച്ചരിച്ചുകൊണ്ട് ബലികഴിക്കാനും വേണ്ടിയത്രെ. അങ്ങനെ അവയിൽ നിന്ന് നിങ്ങൾ തിന്നുകയും വിഷമിക്കുന്നവനും ദരിദ്രനുമായിട്ടുള്ളവന് ഭക്ഷിക്കാൻ കൊടുക്കുകയും ചെയ്യുക." (22:28)
പുണ്യഭൂമിയിൽ വെച്ച് നിർവ്വഹിക്കുന്ന സൽകർമ്മങ്ങളെല്ലാം പ്രയോജനകരമായ കാര്യങ്ങളിൽപെടുന്നു. മനുഷ്യരുടെ ത്യാഗവും ഭക്തിയും വ്യക്തമാവുന്ന കർമ്മമാണ് ബലിയറുക്കൽ. ബലിയറുത്ത മൃഗങ്ങളുടെ മാംസം ദരിദ്രർക്കു നൽകുന്നത് മഹത്തായ കർമ്മമാണ്. വലിയൊരു സാമൂഹിക സേവനവുമാണ്...
ശക്തമായ സാമൂഹിക ബോധം വളർത്തുന്ന കർമ്മമാണ് ഹജ്ജ്. കറുത്തവരും വെളുത്തവരും ഇരുനിറമുള്ളവരുമെല്ലാം ഒന്നിച്ചു ചേരുന്ന മഹാ സംഗമം. ഒരേ വേഷം. ഒരേ വചനം. ഏകനായ അല്ലാഹുﷻവിലേക്കുള്ള മുന്നേറ്റം. അല്ലാഹുﷻന്റെ കൽപ്പന പ്രകാരം ഇബ്രാഹീം (അ)വിളിച്ച വിളിക്കുത്തരം നൽകിക്കൊണ്ടാണ് ഞങ്ങൾ വരുന്നതെന്ന ബോധം...
"ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക് "
അല്ലാഹുവേ.., നിന്റെ വിളിക്ക് ഞങ്ങളിതാ ഉത്തരം നൽകുന്നു. വീണ്ടും വീണ്ടും ഉത്തരം നൽകുന്നു. മനുഷ്യവർഗ്ഗം ഒന്നായിത്തീരുന്നു. ഒരേ ദിശ. ഒരേ ശബ്ദം. ഒരേ ലക്ഷ്യം. കഅബാലയത്തിനു ചുറ്റും അവർ ഒഴുകുന്നു സഫയിൽ നിന്ന് മർവയിലേക്ക്. മർവായിൽ നിന്ന് സഫായിലേക്ക്. മനുഷ്യവർഗ്ഗത്തിന്റെ പ്രവാഹം. ഇബ്രാഹീം (അ) ആ പ്രവാഹത്തിലുണ്ട്. ലക്ഷങ്ങളുടെ മനസ്സുകളിലുണ്ട്...
കഅബാലയം ചുറ്റുമ്പോൾ നാല് കണ്ണുകൾ അവരെ തഴുകുന്നു. ഹാജറ (റ) യുടെ കണ്ണുകൾ, ഇസ്മാഈൽ (അ)ന്റെ കണ്ണുകൾ. അവർ അവിടെത്തന്നെയുണ്ട്. കഅബാലയത്തിന്റെ നിഴലിൽ. അവർ അവിടെത്തന്നെയാണ് മരിച്ചു വീണത്. മറ്റെങ്ങും പോയില്ല. ഹാജറ (റ) ഇസ്മാഈൽ (അ) എന്നിവരുടെ ഓർമ്മകൾ മാത്രമല്ല. സജീവ സാന്നിധ്യവും അവിടെയുണ്ട്...