പിതാവ് മകനെ ഉപദേശിച്ചു പിന്തിരിപ്പിക്കാൻ നോക്കി. അവർ തമ്മിൽ നടന്ന സംഭാഷണം വിശുദ്ധ ഖുർആൻ ഉദ്ധരിക്കുന്നുണ്ട്. പിതാവിനോട് മകൻ ചോദിച്ചു; "കേൾക്കാനും കാണാനും കഴിവില്ലാത്ത ഈ പ്രതിമകളെ എന്തിനാണ് നിങ്ങൾ ആരാധിക്കുന്നത്? യാതൊരുപകാരവും ചെയ്യാൻ അവയ്ക്ക് കഴിയില്ലല്ലോ..?"
പിതാവ് കേൾക്കാൻ ഒട്ടും ഇഷ്ടപ്പെടാത്ത ചോദ്യമാണ് മകൻ ചോദിച്ചത്. കോപം വരാൻ ഇനി വല്ലതും വേണോ? ചോദ്യം അവിടെയും നിർത്തിയില്ല. ഉപദേശ രൂപത്തിലായിരുന്നു പിന്നെ സംസാരം.
"ബാപ്പാ... താങ്കൾക്ക് ലഭിക്കാത്ത ചില അറിവുകൾ എനിക്ക് ലഭിച്ചിട്ടുണ്ട്. ഞാനത് പറഞ്ഞുതരാം. താങ്കൾ വിശ്വസിക്കണം. അല്ലാഹുﷻവാണ് നമ്മുടെ സൃഷ്ടാവ്. അവനിലേക്കുള്ള ശരിയായ മാർഗം ഞാൻ കാണിച്ചുതരാം."
"ബാപ്പാ... താങ്കൾ പിശാചിനെ ആരാധിക്കരുത്. പിശാച് പറയുന്നത് കേൾക്കരുത്. അവനെ പിന്തുടരരുത്. അവൻ അല്ലാഹുﷻവിനോട് അനുസരണക്കേട് കാണിച്ചവനാണ്. താങ്കൾ ഞാൻ പറയുന്നത് വിശ്വസിക്കാതെ പിശാചിന്റെ പിന്നാലെ പോയാൽ അല്ലാഹുﷻവിന്റെ ശിക്ഷ നിങ്ങളെ പിടികൂടുമെന്ന് ഞാൻ ഭയപ്പെടുന്നു..."
ഈ ഉപദേശങ്ങൾ പിതാവിനെ എത്രമാത്രം കോപാകുലനാക്കിയിട്ടുണ്ടാവും? ഊഹിക്കാൻ പോലും കഴിയില്ല. പിതാവിന്റെ മറുപടിയിൽ കോപവും വെറുപ്പും നിറഞ്ഞു നിൽക്കുന്നു...
"ഇബ്രാഹീം ഇത്തരം സംസാരം നിർത്തുക. അല്ലെങ്കിൽ നിന്നെ ഞാൻ കല്ലെടുത്തെറിയും. എന്റെ മുമ്പിൽ നിന്ന് എങ്ങോട്ടെങ്കിലും പോ..."
ഈ സംഭാഷണം വിശുദ്ധ ഖുർആനിൽ നിന്ന് ഇങ്ങനെ വായിക്കാം... "അദ്ദേഹം തന്റെ പിതാവിനോട് പറഞ്ഞ സന്ദർഭം (ഓർക്കുക)എന്റെ പിതാവേ കേൾക്കാനും കാണാനും കഴിയാത്ത ഒന്നിനും ഉപകരിക്കാത്തവയെ (ബിംബത്തെ) എന്തിനാണ് നിങ്ങൾ ആരാധിക്കുന്നത്..?" (19:42)
"എന്റെ പിതാവേ നിങ്ങൾക്കു സിദ്ധിച്ചിട്ടില്ലാത്ത ചില അറിവ് എനിക്ക് കിട്ടിയിട്ടുണ്ട് അതുകൊണ്ട് നിങ്ങൾ എന്നെ പിന്തുടരുക ഞാൻ നിങ്ങൾക്ക് ശരിയായ മാർഗം കാണിച്ചുതരാം." (19:43)
"എന്റെ പിതാവേ നിങ്ങൾ പിശാചിനെ ആരാധിക്കരുത് നിശ്ചയമായും പിശാച് പരമകാരുണികനോട് അനുസരണയില്ലാത്തവനാകുന്നു." (19:44)
"എന്റെ പിതാവേ പരമകാരുണികനിൽ നിന്നുള്ള ശിക്ഷ നിങ്ങളെ ബാധിക്കുന്നതിനെ നിശ്ചയമായും ഞാൻ ഭയപ്പെടുന്നു. അപ്പോൾ നിങ്ങൾ പിശാചിന് ഒരു ഒരു ബന്ധുവായിത്തീരുന്നതാണ്." (19:45)
ഇത്രയും കേട്ട ശേഷമുള്ള പിതാവിന്റെ പ്രതികരണം കാണുക;
"(പിതാവ് ) പറഞ്ഞു : എന്റെ ഇലാഹുകളെ വെണ്ടെന്നുവെക്കുന്നവനാണോ? നീ... ഇബ്രാഹീമേ നീ (ഇതിൽ നിന്ന് ) വിരമിക്കുന്നില്ലെങ്കിൽ നിശ്ചയം നിന്നെ ഞാൻ എറിഞ്ഞോടിക്കുക തന്നെ ചെയ്യും. സുരക്ഷിതനായി നീ എന്നെ വിട്ടേച്ചുപോവുക." (19:46)
ഇബ്രാഹീം (അ)ന്റെ മനസ്സ് അന്ന് എത്ര വേദനിച്ചിട്ടുണ്ടാവും. താൻ പറയുന്ന കാര്യങ്ങളെക്കുറിച്ച് അൽപനേരം ചിന്തിക്കാൻ പോലും ആരും തയ്യാറായില്ല. സൃഷ്ടാവായ അല്ലാഹുﷻﷻ നെക്കുറിച്ചല്ല സൃഷ്ടിയായ നംറൂദിനെക്കുറിച്ചാണവർ ചിന്തിച്ചത്. നംറൂദ് കാണിച്ചുകൊടുത്ത വഴിയിലൂടെയാണ് സമൂഹം സഞ്ചരിക്കുന്നത്. അവന്റെ പാത ശിർക്കിലേക്കുള്ളതാണ്. ഒരു നാട് മുഴുവൻ ശിർക്കിലേക്ക് ഒഴികിക്കൊണ്ടിരിക്കുന്നു. ബിംബാരാധന വളരെ ശക്തമായിരിക്കുന്നു. ആ സമൂഹത്തെ ഏകദൈവ വിശ്വാസത്തിലേക്ക് കൊണ്ടുവരണം. അതിനുവേണ്ടിയാണ് ഇബ്രാഹീമിനെ പ്രവാചകനായി നിയോഗിച്ചിരിക്കുന്നത്...
ബിംബങ്ങൾക്ക് യാതൊരു കഴിവുമില്ലെന്ന് ഈ സമൂഹം എന്താണ് മനസ്സിലാക്കാത്തത്? അവരുടെ ചിന്ത ആ വഴിക്ക് തിരിച്ചുവിടാൻ എങ്ങനെ കഴിയും? വളരെ നേരം ചിന്തിച്ചപ്പോൾ ഒരു തന്ത്രം തോന്നി. ആരാധനാലയത്തിൽ ഒരുപാട് ബിംബങ്ങളുണ്ട്. വലുതും ചെറുതുമായ ബിംബങ്ങൾ. അവയെ വെട്ടിപ്പൊളിക്കുക. സ്വയം രക്ഷക്കുപോലും അവയ്ക്ക് കഴിവില്ലെന്ന് ജനങ്ങൾ അപ്പോൾ മനസ്സിലാക്കിക്കൊള്ളും...
കോടാലിയുമായി ഒരാൾ വെട്ടാൻ വരുമ്പോൾ അവ തടയുമോ? തടയാനുള്ള കഴിവ് അവയ്ക്കുണ്ടോ? ജനങ്ങളുടെ ചിന്താമണ്ഡലം തട്ടിയുണർത്താൻ അങ്ങനെ ഒരു വഴിയേയുള്ളൂ. പെരുന്നാൾ വരികയാണ്. മൈതാനിയിൽ എല്ലാവരും ഒത്തുകൂടുന്ന ദിവസം. അന്ന് പദ്ധതി നടപ്പാക്കാം...