Wednesday - 22 April, 2026 4-Dhu al-Qadah-1447

പിതാവുമായി സംവാദം (1)

   ഇബ്രാഹീം (അ) നാട്ടുകാരുടെ നോട്ടപ്പുള്ളിയായി. തനിക്കു ചുറ്റുമുള്ള ചരാചരങ്ങൾ അല്ലാഹുﷻന്റെ സൃഷ്ടിയാണെന്ന് ആ ചെറുപ്പക്കാരൻ പറഞ്ഞുകൊണ്ടിരുന്നു. ആകാശവും ഭൂമിയും സൃഷ്ടിച്ചവൻ അല്ലാഹുﷻ ... 


 സൂര്യനും, ചന്ദ്രനും, നക്ഷത്രങ്ങളും അല്ലാഹുﷻന്റെ സൃഷ്ടികളാവുന്നു. കാറ്റും മഴയും വെയിലും ചൂടും തണുപ്പും തരുന്നതും അല്ലാഹുﷻ ... അവനെ മാത്രമേ ആരാധിക്കാവൂ. ആരാധനക്കർഹൻ അവൻ മാത്രം. എന്നിട്ട് ഈ ജനത ചെയ്യുന്നതോ..? 


 അവൻ സ്വന്തം കൈകൊണ്ട് ബിംബങ്ങൾ ഉണ്ടാക്കുന്നു. എന്നിട്ടവയെ ആരാധിക്കുന്നു. എന്തൊരു വിവരക്കേട് ? ഇതെങ്ങനെ ഇവർക്ക്  മനസ്സിലാക്കിക്കൊടുക്കും. ഇബ്രാഹീം (അ)ന് നേരത്തെ തന്നെ അല്ലാഹുﷻ തന്റേടവും സന്മാർഗബോധവും നൽകിയിരുന്നു...


"തീർച്ചയായും നാം മുമ്പ് തന്നെ ഇബ്റാഹീമിന് അദ്ദേഹത്തിന്റെ തന്റേടം (സന്മാർഗം) നൽകിയിട്ടുണ്ട്. അദ്ദേഹത്തെപ്പറ്റി നാം അറിയുന്നവരുമായിരുന്നു." (21:51)


 മനസ്സിൽ തൗഹീദിന്റെ വെളിച്ചം പരന്നതോടെ ബഹുദൈവാരാധനയോടുള്ള വെറുപ്പ് വർദ്ധിച്ചു. പിതാവിന്റെ മുമ്പിൽ തന്നെയാണ് ഈ വെറുപ്പ് ആദ്യമായി പ്രകടിപ്പിച്ചത്. നിങ്ങൾ വിഗ്രഹങ്ങൾക്കു മുമ്പിൽ ഭജനമിരിക്കുന്നു. എന്താണതിന്റെ ആവശ്യം? എന്തൊരു നോട്ടമാണ് നിങ്ങൾക്കത് കൊണ്ട് ലഭിക്കാനുള്ളത്..?  


ചോദ്യവും ഉത്തരവും വിശുദ്ധ ഖുർആൻ ഉദ്ധരിക്കുന്നു : "തന്റെ പിതാവിനോടും ജനങ്ങളോടും അദ്ദേഹം നിങ്ങൾ ഭജനമിരുന്നുകൊണ്ടിരിക്കുന്ന ഈ പ്രതിമകൾ എന്താകുന്നു ?" (21:52) എന്നു ചോദിച്ചപ്പോൾ 

"അവർ പറഞ്ഞു : ഞങ്ങളുടെ പിതാക്കൾ അവയെ ആരാധിച്ചുവരുന്നതായിട്ടാണ് ഞങ്ങൾ കണ്ടത്."  ( 52,53)  


 ഈ മറുപടി പ്രവാചകന് ഒട്ടും ഇഷ്ടപ്പെട്ടില്ല. ഈ സമുദായത്തെപ്പോലെ അവരുടെ പിതാക്കളും വഴികേടിലായിരുന്നു. ഇക്കാര്യം വെട്ടിത്തുറന്നു പറയുകയും ചെയ്തു. അതുമൂലം താൻ ഒറ്റപ്പെടുമെന്നും പലതരം ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരുമെന്നും അറിയാമായിരുന്നു. എന്നാലും സത്യം തുറന്നു പറയണം. ഭവിഷ്യത്തുകൾ ഭയന്ന് സത്യം മൂടിവെക്കരുത്. പ്രവാചകന്റെ വാക്കുകൾ വിശുദ്ധ ഖുർആൻ ഉദ്ധരിക്കുന്നു...


"അദ്ദേഹം പറഞ്ഞു : തീർച്ചയായും നിങ്ങളും നിങ്ങളുടെ പിതാക്കളും വ്യക്തമായ വഴികേടിലായിരുന്നു." (21:54)


 ആ പ്രഖ്യാപനം നടത്തുമ്പോൾ ആ മുഖമൊന്നു കാണണമായിരുന്നു. എന്തൊരു ഗൗരവം. ഇതുപോലൊരു പ്രസ്ഥാവന ഇതിന് മുമ്പ് ആ സമൂഹം കേട്ടിട്ടില്ല. ആരാധ്യവസ്തുക്കളെ തള്ളിപ്പറയുക, ഒരു സമൂഹത്തെ ആക്ഷേപിക്കുക, കഴിഞ്ഞുപോയ പിതാക്കാൾ വഴികേടിലാണെന്ന് പ്രഖ്യാപിക്കുക,  ഈ ചെറുപ്പക്കാരനെന്തുപറ്റിപ്പോയി ജനങ്ങൾ അങ്ങനെയാണ് ചിന്തിച്ചത്. ഇവൻ കളിതമാശ പറയുകയാണെന്ന് ചിലർ കരുതി. വെറുതെ ഒരു രസത്തിന് വേണ്ടി ചെറുപ്പക്കാർ പലതും സംസാരിക്കും. ഇതും ഒരു വെറും വാക്കായിരിക്കും. ചിലർ അക്കാര്യം എടുത്തു ചോദിക്കുകയും ചെയ്തു...


അവർ പറഞ്ഞു : "നീ ഞങ്ങളുടെ  അടുക്കൽ (യഥാർത്ഥ ) കാര്യവുമായി വന്നിരിക്കുകയാണോ ? അതോ നീ കളിക്കാരുടെ കൂട്ടത്തിൽ പെട്ടവനാണോ?" (21:55)


ഈ ചോദ്യം ചോദിച്ച ശേഷം അവർ ചെറുപ്പക്കാരന്റെയടുത്തേക്ക് പ്രതീക്ഷയോടെ നോക്കി. ഞാൻ തമാശ പറഞ്ഞതാണ് അങ്ങനെയൊരു വാചകം ചെറുപ്പക്കാരനിൽ നിന്ന് കിട്ടിയിരുന്നെങ്കിൽ അത് കേൾക്കാൻ വല്ലാതെ മോഹിച്ചു. ചെറുപ്പക്കാരൻ വളരെ ഗൗരവത്തിലാണ് സംസാരിച്ചത്. ഞാൻ കളിക്കുകയല്ല കളി പറയുകയുമല്ല. ഗൗരവമുള്ള സത്യം നിങ്ങളെ കേൾപ്പിക്കുകയാണ്. ആകാശവും ഭൂമിയും സൃഷ്ടിച്ച അല്ലാഹുﷻനെക്കുറിച്ചാണ് ഞാൻ സംസാരിക്കുന്നത്. കളി പറയുകയല്ല...


"അദ്ദേഹം പറഞ്ഞു : എന്നാൽ നിങ്ങളുടെ രക്ഷിതാവ് ആകാശഭൂമികളുടെ രക്ഷിതാവാകുന്നു അവയെല്ലാം പടച്ചവനാകുന്നു ഞാൻ അതിന് സാക്ഷ്യം വഹിക്കുന്നവരിൽ പെട്ടവനുമാണ്." (അമ്പിയാഹ് :56)


 കളിയല്ല കാര്യമായിട്ടു തന്നെയാണ് പറയുന്നത്. എങ്കിൽ ഇതനുവദിച്ചുകൂടാ... അതായിരുന്നു ആ സമൂഹത്തിന്റെ നിലപാട്. പിതാവ് സമൂഹത്തിൽ നിന്ദിക്കപ്പെട്ടു. സ്വന്തം പുത്രനെ നിലക്കുനിർത്താൻ കഴിയാത്ത പിതാവ്. സമൂഹം അദ്ദേഹത്തെ കുറ്റപ്പെടുത്തി...