Thursday - 23 April, 2026 5-Dhu al-Qadah-1447

സ്വഫ മർവ , സംസം (1)

   സഞ്ചിയിൽ കരുതിയിരുന്ന ഈത്തപ്പഴം തീർന്നു. തോൽപാത്രത്തിലുണ്ടായിരുന്ന വെള്ളവും തീർന്നു... 


 ഹാജറക്ക് പട്ടിണി. വിശപ്പും ദാഹവും വർദ്ധിച്ചു. ഭക്ഷണം നിലച്ചപ്പോൾ മുലപ്പാലു  വറ്റി. കുഞ്ഞിന് പാലില്ല. കുഞ്ഞ് നിലവിളിച്ചു കരയാൻ തുടങ്ങി. മാതൃ ഹൃദയം വല്ലാതെ വേദനിച്ചു. കുഞ്ഞിനെന്ത് കൊടുക്കും? എങ്ങനെ ദാഹം തീർത്തുകൊടുക്കും? ചുറ്റുപാടും നോക്കി. സർവ്വത്ര വിജനം. അകലെ ആരെങ്കിലും കാണുമോ? അകലേക്ക് കാണാൻ ഉയരമുള്ള സ്ഥലത്ത് കയറി നോക്കണം...


 ഈ കാണുന്ന മലയിൽ കയറി നോക്കിയാലോ. അപ്പോൾ കുഞ്ഞിനെ എന്ത് ചെയ്യും?  ഈ തണലിൽ തുണി വിരിച്ചു കിടത്താം. ഏതെങ്കിലും വന്യജീവികൾ ഉപദ്രവിക്കുമോ? അല്ലാഹുവേ എന്റെ കുഞ്ഞിനെ കാത്തുകൊള്ളേണമേ!. കുഞ്ഞിനെ നിലത്ത് കിടത്തി. ഹാജറ സഫ മലയുടെ മുകളിലേക്ക് ഓടിക്കയറി...


 മലയുടെ മുകളിലെത്തി നാലു ഭാഗത്തേക്കും ആകാംക്ഷയോടെ നോക്കി. ഒരു മനുഷ്യനെയും കാണാനില്ല. വെള്ളത്തിന്റെ തിളക്കമില്ല. പരന്നുവീണ വെയിൽ മാത്രം. പിടയുന്ന ഹൃദയത്തോടെ സഫാ മലയിൽ നിന്നിറങ്ങി. കുഞ്ഞിന്റെ കരച്ചിൽ ഉച്ചത്തിലായിരിക്കുന്നു. ഇനിയെന്തു ചെയ്യും?  അകലെ ഒരു മല കാണുന്നു. മർവ. മർവ വരെ ഓടി. മർവായുടെ  മുകളിൽ കയറി. നാലുപാടും നോക്കി. മനുഷ്യവാസമില്ല. വെള്ളമില്ല... 

 

എന്റെ പൊന്നുമോൻ.. മോൻ അകലെ കിടക്കുകയാണ്. കരൾ പിടഞ്ഞു. മർവയിൽ നിന്നിറങ്ങി. സഫാക്കു നേരെ ഓടി. അതിന്നു സമീപമാണ് കുഞ്ഞ് കിടക്കുന്നത്. കുഞ്ഞ് കരയുന്നു എന്ത് ചെയ്യും?  സഫയിൽ ഒന്നുകൂടി കയറി നോക്കിയാലോ? മറ്റൊരു മാർഗമില്ലല്ലോ? സഫാ മലയിൽ കയറി നിരാശയോടെ ഇറങ്ങി വന്നു. മർവായിലേക്കോടി. മർവ കയറി. നെഞ്ചിടിപ്പോടെ ഇറങ്ങിവന്നു. വീണ്ടും സഫായിലേക്ക് പിന്നെ മർവായിലേക്ക്. സഫാ മലക്കും മർവ മലക്കുമിടയിൽ ഏഴ് തവണ ഓടി...


ഓടിത്തളർന്നു വിവശയായി. വിയർത്തുകുളിച്ചു കുഞ്ഞിന്റെ സമീപത്തേക്ക് ഓടിയെത്തി. എല്ലാ ശ്രമവും പരാജയപ്പെട്ടു. ഇനിയൊന്നും ചെയ്യാനില്ല... 


അവിടെ അല്ലാഹുﷻവിന്റെ സഹായം എത്തി. മകന്റെ സമീപം ഒരു മലക്ക്. കുഞ്ഞ് മടമ്പുകാലിട്ടടിക്കുന്ന സ്ഥലം. അവിടെ മലക്ക് ചിറകിട്ടടിച്ചു. പെട്ടെന്ന് വെള്ളത്തിന്റെ ഉറവ പൊട്ടി. വെള്ളം പരന്നൊഴുകാൻ തുടങ്ങി...


 ഹാജറ തടം കെട്ടി വെള്ളം തടഞ്ഞു നിർത്തി. കരയുന്ന കുഞ്ഞിന്റെ വായിലേക്ക് വെള്ളം കോരിയൊഴിച്ചുകൊടുത്തു...


കുഞ്ഞ് വെള്ളം കുടിച്ചിറക്കി. കുഞ്ഞിനാശ്വാസമായി. കരച്ചിൽ നിന്നു. ഓടിത്തളർന്ന ഉമ്മ വെള്ളം കോരിക്കുടിച്ചു. ദാഹവും ക്ഷീണവും തീർന്നു. എന്തൊരാശ്വാസം. അല്ലാഹുﷻകൃപാലുവാണ്. ഈ മരുഭൂമിയിൽ അല്ലാഹുﷻ വെള്ളം തന്നല്ലോ... ഇതാണ് സംസം...