Wednesday - 22 April, 2026 4-Dhu al-Qadah-1447

അഗ്നി പരീക്ഷണം (2)

   ദിവസങ്ങൾ കടന്നുപോയി. നംറൂദും സംഘവും വന്നു. അവർ ഞെട്ടിപ്പോയി. അഗ്നി ഇബ്രാഹീമിനെ സ്പർശിച്ചിട്ടില്ല. കഴുത്തിലും കൈകാലുകളിലും ബന്ധിച്ചിരുന്ന ഇരുമ്പുചങ്ങലകൾ അഗ്നിയിൽ ഉരുകിപ്പോയിരിക്കുന്നു. മുഖത്ത് സന്തോഷം. ആരോടോ സംസാരിച്ചുകൊണ്ടിരിക്കുന്നു. മലക്കുകൾ അദ്ദേഹത്തിന് ഇരിപ്പിടം നൽകിയിരുന്നു. വസ്ത്രം ധരിപ്പിക്കുകയും ചെയ്തിരിക്കുന്നു. ഏഴു ദിനരാത്രങ്ങൾ ഈ രീതിയിൽ കടന്നുപോയി...


 നംറൂദ് തന്റെ യുവ സുന്ദരിയായ മകളോടു കൂടി വന്നു. മകൾ പിതാവിനോട് പറഞ്ഞു;  

"എന്റെ പിതാവേ ഇബ്രാഹീം പറയുന്ന റബ്ബ് സർവ്വശക്തനാണെന്ന് ഇപ്പോൾ ബോധ്യമായില്ലേ? ഈ അഗ്നിയിൽ നിന്ന് അദ്ദേഹത്തെ ആ റബ്ബ് രക്ഷിച്ചില്ലേ? ഇനിയെങ്കിലും ആ റബ്ബിൽ നമുക്ക് വിശ്വസിച്ചുകൂടേ..? 


നംറൂദ് കോപത്തോടെ അലറി : 

"എടീ ....മിണ്ടിപ്പോവരുത്. കൊന്നുകളയും ഞാൻ." നംറൂദിന്റെ ഭീഷണി അവഗണിച്ചുകൊണ്ട് ആ മകൾ ഇസ്ലാം മതം സ്വീകരിച്ചതായി ചില ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. അഗ്നികുണ്ഡത്തിൽ നിന്ന് സുസ്മേരവദനനായി ഇബ്രാഹീം പുറത്തുവന്നു. ചിലർക്കൊക്കെ ഇബ്രാഹീം  (അ)ൽ വിശ്വാസം വന്നു. അവർ ഇസ്ലാം മതം സ്വീകരിച്ചു... 


 അക്കൂട്ടത്തിൽ ഒരാളായിരുന്നു സാറ (റ). ഇബ്രാഹീം (അ)ന്റെ പിതൃവ്യനായ ഹാറാൻ അക്ബറിന്റെ മകളാണ് സാറ (റ)യെന്ന് ചില രേഖകളിൽ കാണാം. സഹോദര പുത്രനായ ലൂത്വ് (അ) ഇക്കാലത്ത് ഇബ്രാഹീം (അ) ന്റെ കൂടെയുണ്ടായിരുന്നു. 

ഇബ്രാഹീം (അ) സാറാ(റ)യെ വിവാഹം ചെയ്തു. ഇനിയുള്ള ജീവിതയാത്രയിൽ സാറ (റ)യും പങ്കാളിയാവും... 


ഊർ പട്ടണത്തിലും ബാബിലോണിയായുടെ മറ്റു ഭാഗങ്ങളിലുമായിട്ടാണ് ഇത് വരെ കഴിഞ്ഞുകൂടിയത്. ഇനി പിറന്ന നാടിനോട് യാത്ര പറയണം. ഹിജ്റ പോവാൻ സമയമായിരിക്കുന്നു. സാറ (റ)യെ കൂടെകൂട്ടാം. ലൂത്വ് (അ)കൂടെ വരും. നബിയും മുശ്രിക്കുകളും തമ്മിൽ പലയിടത്തുവെച്ചും വാഗ്വാദങ്ങൾ നടന്നു. ഇബ്രാഹീം (അ) തന്റെ റബ്ബിനെക്കുറിച്ച് നിരന്തരം സംസാരിച്ചു കൊണ്ടിരുന്നു. അദ്ദേഹത്തിന്റെ വചനങ്ങൾ സൂറത്തുശ്ശുഅറാഇൽ എടുത്തു പറയുന്നുണ്ട്... 


"എന്നെ സൃഷ്ടിച്ചിട്ടുള്ളവനാണവൻ. എന്നിട്ട് അവൻ എനിക്ക് മാർഗദർശനം നൽകുന്നു. അവൻ എനിക്ക് ഭക്ഷണം നൽകുന്നു. എനിക്ക് കുടിക്കുവാൻ (വെള്ളം) തരികയും ചെയ്യുന്നു. എനിക്ക് രോഗം ബാധിച്ചാൽ എന്നെ അവൻ സുഖപ്പെടുത്തുകയും ചെയ്യുന്നു. എന്നെ മരണപ്പെടുത്തുകയും പിന്നീട് എന്നെ ജീവിപ്പിക്കുകയും ചെയ്യുന്നവനുമാണ് (അവൻ)."


 ജനനം മുതൽ മരണം വരെയുള്ള സകല കാര്യങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള സംസാരമാണിത്. എന്നെ സൃഷ്ടിച്ചത് അല്ലാഹു. എന്നെ സന്മാർഗത്തിലാക്കിയതും അവൻ തന്നെ. മാർഗദർശനം ലഭിക്കുന്നതോടെ ജീവിതം ധന്യമായി. ഭക്ഷണവും പാനീയവും മനുഷ്യജീവൻ നിലനിർത്താനാവശ്യമാണ്. അവ തരുന്നവൻ അല്ലാഹു. ആരോഗ്യം വേണം. അനാരോഗ്യം വരുമ്പോൾ രോഗിയാവുന്നു. രോഗം ഭേദമാക്കുന്നവനും അല്ലാഹുﷻ... 


ജീവിതാന്ത്യം മരണമാകുന്നു. മരണാനന്തരം വീണ്ടും ജീവിതം. പരലോകം. ശിക്ഷാ-രക്ഷകളുടെ ലോകം. മനുഷ്യർ പാപമോചനത്തിന് വേണ്ടി സദാ പ്രാർത്ഥിച്ചുകൊണ്ടിരിക്കണം. പാപമോചനം ലഭിക്കുമെന്ന പ്രതീക്ഷയും വേണം. അതിനുള്ള മാതൃകയും നബിയുടെ വിവരണത്തിലുണ്ട്...