ഇറാഖിലെ ബാബിലോൺ അവിടെയാണ് ഇബ്രാഹീം നബി (അ)ജനിച്ചത്. പൗരാണിക സംസ്കാരങ്ങളുടെ കളിത്തൊട്ടിലായിരുന്നു ആ പ്രദേശം. നൂഹ് നബി (അ)ന്റെ പുത്രൻ സാമിന്റെ സന്താന പരമ്പരയിലാണ് ഇബ്രാഹീം (അ)ജനിച്ചത്...
ചില ചരിത്രകാരന്മാർ ആ പരമ്പര ഇങ്ങനെ രേഖപ്പെടുത്തുന്നു (1) നൂഹ് (അ), (2) സാം, (3) അർഫഹശ്ദ്, (4) ശാലിഹ്, (5) ആബിർ, (6) ഫാലിഗ്, (7) റാഊ, (8) സാറൂഗ്, (9) നാഹൂർ, (10) താറാഹ്, (11) ഇബ്രാഹീം (അ) ...
ഇബ്രാഹീം (അ)ന്റെ പിതാവിന്റെ പേരിനെപ്പറ്റി പല അഭിപ്രായങ്ങളുണ്ട്. പിതാവിന്റെ പേര് ആസർ എന്നായിരുന്നു. ഖുർആനിൽ ആസർ എന്നു പറഞ്ഞിട്ടുണ്ട്. പിതാവ് താറാഹ് (തേരഹ് ) ആയിരുന്നുവെന്ന് മറ്റൊരഭിപ്രായം. ആസർ പിതൃവ്യനായിരുന്നുവെന്ന് പറഞ്ഞവരുമുണ്ട്. താറാഹിന്റെ മറ്റൊരു പേരായിരുന്നു ആസർ എന്നാണ് ചിലരുടെ പക്ഷം. ആസർ ബിംബങ്ങൾ വിൽക്കുന്ന ആളായിരുന്നുവെന്നും താറാഹ് ഏകദൈവ വിശ്വാസിയായിരുന്നുവെന്നും ചില പണ്ഡിതൻമാർ അഭിപ്രായപ്പെട്ടിട്ടുണ്ട്...
ഇബ്രാഹീം (അ)ന്റെ മാതാവിന്റെ പേര് അമീല എന്നായിരുന്നു. മറ്റൊരഭിപ്രായ പ്രകാരം ബൂന. അക്കാലത്ത് ബാബിലോൺ ഭരിച്ചത് നംറൂദ് രാജാവായിരുന്നു. ടൈഗ്രീസ് യൂഫ്രട്ടീസ് നദികൾക്കിടയിലുള്ള മെസൊപ്പോട്ടോമിയ എന്ന പ്രദേശം വളരെ ഫലപുഷ്ടിയുള്ളതായിരുന്നു. കൃഷിയും കന്നുകാലികളും വർദ്ധിച്ചു. ഐശ്വര്യത്തിന്റെ കേന്ദ്രമായി വളർന്നു. അത് കൊണ്ട് ലോകശ്രദ്ധ അങ്ങോട്ടാകർഷിക്കപ്പെട്ടു. പല രാജ്യക്കാരും അവിടെയെത്തി. ധാരാളം തൊഴിലവസരങ്ങളുണ്ടായി. ജനങ്ങൾ കഠിനാദ്ധ്വാനം ചെയ്തു. മെസൊപ്പൊട്ടോമിയ അതിവേഗം വളർന്നു കൊണ്ടിരുന്നു...
പൗരാണിക ചരിത്രത്തിൽ പദ്ദൻ അരം എന്നൊരു പട്ടണത്തെക്കുറിച്ചു പറയുന്നുണ്ട്. ഇബ്രാഹീം (അ)ന്റെ യൗവനകാലത്ത് പദ്ദൻ അരമിൽ താമസിച്ചിട്ടുണ്ട്. ഇത് മെസൊപ്പൊട്ടോമിയയുടെ മറ്റൊരു പേരായിരുന്നുവെന്നും അഭിപ്രായമുണ്ട്. ഇബ്രാഹീം (അ) കുറെ കാലം ജീവിച്ച പട്ടണമാണ് ഊർ. ഊർ പട്ടണത്തിൻ കൽദേയ പട്ടണം എന്നും പേരുണ്ട്. യുഫ്രട്ടീസ് നദിയുമായി സന്ധിക്കുന്ന മനോഹരമായ ഒരു അരുവിയുടെ കരയിലാണ് ഊർ പട്ടണം. കൂഫയിലും ഹാറാൻ പട്ടണത്തിലും ഇബ്രാഹീം (അ) താമസിച്ചിട്ടുണ്ട്...
ചരിത്രപ്രാധാന്യമുള്ള ഈ പ്രദേശങ്ങളെല്ലാം ഉൾക്കൊള്ളുന്ന രാജ്യത്തിന്റെ ഭരണാധികാരിയാണ് ധിക്കാരിയായ നംറൂദ്. കഴ്ചക്കാരെ അമ്പരപ്പിക്കുന്നതായിരുന്നു രാജകൊട്ടാരം. പ്രൗഢി കൂടിയ ആരാധനാലയങ്ങൾ സ്ഥാപിച്ചു. ആരാധനാലയങ്ങളിൽ ബിംബങ്ങൾ വെച്ചു. സൂര്യനും ചന്ദ്രനുമെല്ലാം ആരാധ്യ വസ്തുക്കളായി. ഒരുദിവസം നംറൂദ് ഒരു പ്രഖ്യാപനം നടത്തി ജനങ്ങളേ ഞാൻ തന്നെയാണ് ലോക രക്ഷിതാവ് ഞാനാണ് ദൈവം. ജീവനെടുക്കാനും ജീവൻ കൊടുക്കാനും എനിക്ക് കഴിയും. നിങ്ങൾ എന്നെ ആരാധിക്കുക. ജനം അതു സ്വീകരിച്ചു. ബിംബങ്ങളും രാജാവും ആരാധിക്കപ്പെട്ടു...
കൊട്ടാരത്തിൽ ജ്യോത്സ്യന്മാർക്കായിരുന്നു മുഖ്യസ്ഥാനം. അവരുടെ പ്രവചനങ്ങൾ തള്ളപ്പെടുകയില്ല. രാജാവും പ്രജകളുമെല്ലാം അത് വിശ്വസിക്കും. ഇബ്രാഹീം നബി (അ) ന്റെ ജനനവുമായി ബന്ധപ്പെട്ട കുറെ സംഭവങ്ങൾ ചില പണ്ഡിതൻമാർ രേഖപ്പെടുത്തിയിട്ടുണ്ട്
അവയിൽ ചിലത് പറയാം :-
തന്റെ രാജ്യത്തിന്റെ തലസ്ഥാനമായ ബാബിലോൺ പട്ടണത്തിലെ കൊട്ടാരത്തിൽ സകല ആഡംബരങ്ങളോടും കൂടി കഴിഞ്ഞുവരികയാണ് നംറൂദ്. തന്നെ എതിർക്കാൻ കഴിവുള്ള ഒരു ശത്രുവില്ല. എടുത്താൽ തീരാത്ത സ്വത്ത്, ഖജനാവ് സമ്പന്നം, വിനോദം നായാട്ട്, ദുഃഖമറിയാത്ത ജീവിതം...