സംസം കിണർ നിൽക്കുന്ന സ്ഥലത്തായിരുന്നു കുഞ്ഞ് കിടന്നത്. സംസം പുണ്യജലമാണ്. അന്ന് മുതൽ ഇന്ന് വരെ മനുഷ്യൻ സംസം ഉപയോഗിക്കുന്നു. ലോകം മുഴുവൻ അതെത്തിച്ചേരും...
ഹജ്ജിന്നു പോകുന്നവർ ഹാജറയെയും കുഞ്ഞിനെയും ഓർക്കുന്നു. സഫാ മലയും മർവ മലയും കാണുന്നു. ആ രണ്ടു മലകൾക്കിടയിൽ ഓരോ ഹാജിയും ഓടണം. ഏഴുതവണ ഓടണം. ഹാജറ (റ) ഓടിയത് പോലെ. അത് ഹജ്ജിന്റെ കർമ്മമാകുന്നു...
ഹാജിമാർ സംസം കുടിക്കുന്നു. നാട്ടിലേക്ക് കൊണ്ടുപോവുന്നു. കോടിക്കണക്കിനാളുകൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലിരുന്ന് സംസം കുടിക്കുന്നു. അപ്പോൾ അവരെല്ലാം ഹാജറയെയും ഇസ്മാഈൽ (അ) എന്ന കുഞ്ഞിനെയും ഓർക്കുന്നു.
ഹാജിമാർ സഫായിൽ നിന്ന് മർവയിലേക്ക് ധൃതിയിൽ നടക്കുന്നു. കുറച്ചു ദൂരെയെത്തുമ്പോൾ പച്ച ലൈറ്റ് കാണാം. അവിടം മുതൽ ധൃതി കൂട്ടണം. ഹാജറ(റ)ക്ക് ബേജാറ് കൂടി ഓട്ടം വേഗത്തിലാക്കിയ സ്ഥലമാണത്. കുറെ ദൂരം ചെല്ലുമ്പോൾ വീണ്ടും പച്ച ലൈറ്റ് കാണാം. അവിടം മുതൽ ധൃതി കുറച്ചു നടക്കാം. ചരിത്ര ബോധത്തോടെ സഹ്യ് നടത്തുന്ന ഹാജിമാരുടെ മനസ്സിൽ ഓടുന്ന ഹാജറയുടെ സാന്നിധ്യമുണ്ടാകും...
വെള്ളം വറ്റിപ്പോകില്ല. അത് തടം കെട്ടി നിർത്തിയിരിക്കയാണ്. പിന്നെ അവർ ഒരത്ഭുതം കണ്ടു. താഴ്ന്നു പറന്നു വരുന്ന പറവകൾ. വെള്ളം കണ്ടിട്ട് വരികയാണ് ഇവയെങ്ങനെ വെള്ളത്തിന്റെ കഥയറിഞ്ഞു? ആർക്കറിയാം. അല്ലാഹുﷻ അറിയിച്ചുകൊടുത്തു. അവ കൊച്ചുചുണ്ടുകൾ കൊണ്ട് വെള്ളം കണ്ടു. താഴ്ന്നു പറന്നു വന്നു വെള്ളം കുടിച്ചു. ദാഹം തീർത്ത് സന്തോഷത്തോടെ അവ കലപില സംസാരിച്ചു. വെള്ളം നൽകിയ ഹാജറാക്ക് നന്ദി പറഞ്ഞതാവാം. പറവകൾ പിന്നെയും പിന്നെയും വന്നു...
ഹാജറയും മകനും മക്കയിൽ താമസമാക്കിയതിന്റെ അഞ്ചാം ദിവസം അകലെ മലഞ്ചെരിവിലൂടെ ഒരു കച്ചവടസംഘം കടന്നുപോവുന്നു. അവർ ആ അതിശയം കണ്ടു. വട്ടമിട്ടു പറക്കുന്ന പറവകൾ. ഈ ഭാഗത്ത് പറവകൾ പറന്നു നടക്കാറില്ല. കാരണം അവിടെ വെള്ളമില്ല. ഇപ്പോൾ പറവകളെ കാണുന്നു. എവിടെയെങ്കിലും വെള്ളം കാണും. അന്വേഷിച്ചറിയണം...
നാം എത്രയോ തവണ ഈ പ്രദേശത്തുകൂടി കടന്നുപോയിട്ടുണ്ട്. ഒരു മനുഷ്യനും ഇവിടെയെങ്ങും താമസമില്ല. വെള്ളമില്ല. ചിലരങ്ങനെ പറഞ്ഞു. അപ്പറഞ്ഞത് ശരി. അന്നൊന്നും നാം ഈ ഭാഗത്ത് പക്ഷികളെയും കണ്ടിട്ടില്ല. ഇപ്പോൾ ആദ്യമായി പറവകളെ കാണുന്നു...
അതുകൊണ്ട് ഒന്നുരണ്ടു പേർ താഴ്വരയിൽ ഇറങ്ങി വെള്ളമുണ്ടോ എന്നന്വേഷിക്കട്ടെ. മറ്റു ചിലർ പറഞ്ഞു. ആ അഭിപ്രായം സ്വീകരിക്കപ്പെട്ടു. ഒന്നു രണ്ടാളുകൾ താഴ്വരയിൽ ഇറങ്ങി വന്നു. അത്ഭുതം! ഉമ്മയും മകനും അവർക്കു സമീപം കൊതിയൂറും ശുദ്ധജലം. അവർ കൂട്ടുകാരുടെ അടുത്തേക്ക് ഓടിച്ചെന്നു വിവരം പറഞ്ഞു...
അവർ കൂട്ടത്തോടെ വന്നു. "ഞങ്ങൾക്കും വെള്ളം തരൂ..." അവരാവശ്യപ്പെട്ടു. "വെള്ളം തരാം. ആവശ്യം പോലെ കുടിച്ചോളൂ... പക്ഷെ നിങ്ങൾക്ക് ഈ വെള്ളത്തിൽ അവകാശമൊന്നും ഉണ്ടായിരിക്കില്ല. ഇത് എനിക്കും മകനും അല്ലാഹു ﷻനൽകിയ അനുഗ്രഹമാകുന്നു. ഇത് ഞങ്ങളുടെ സ്വത്താണ്."
സമ്മതിച്ചിരിക്കുന്നു. അവരവിടെ താമസിച്ചു. ഉമ്മാക്കും മകനും പഴവർഗ്ഗങ്ങൾ നൽകി. യമനിൽ നിന്നുള്ള ജുർഹൂം ഗോത്രക്കാരായിരുന്നു അവർ.
ഇവരിൽ നിന്ന് വിവരമറിഞ്ഞ് പല യാത്രാ സംഘങ്ങളും അവിടെ വരാനും വെള്ളം ശേഖരിക്കാനും തുടങ്ങി. ഇതേകാലത്ത് തന്നെ അമാലിക്കത്ത് വർഗത്തിൽ പെട്ട കുറെയാളുകൾ അറഫയിൽ താമസിക്കുന്നുണ്ടായിരുന്നു. അവരുടെ ഒട്ടകത്തെ കാണാതായി. അമാലികൾ അവയെ അന്വേഷിച്ചിറങ്ങി. അവർ പറവകളെ കണ്ടു താഴ്വരയിലേക്ക് നടന്നു. നടന്നു നടന്ന് അവർ സംസം വെള്ളത്തിനടുത്തെത്തി. അവർ ഉമ്മയെയും മകനെയും കണ്ടു. സംസം കുടിച്ചു. അവർ അമാലിക്കത്ത് വിഭാഗത്തെ വിവരം അറിയിച്ചു. അവർ വന്നു. ഹാജറയെ കണ്ടു. ദീർഘമായി സംസാരിച്ചു. ചിലർ അവിടെ താമസമാക്കി...