ഞങ്ങൾ ഇവിടെ നിന്നു പ്രാർത്ഥിക്കും, കാര്യം നേടും. കുന്നിൻ മുകളിലേക്ക് കയറി. അവർ നഗ്നപാദരായി. ശിരസ്സ് തുറന്നിട്ടു പ്രാർത്ഥിച്ചു. മുആവിയ ബ്നു ബക്റിന്റെ അതിഥികളായി എഴുപതോളം വരുന്ന സംഘം ഒരു മാസക്കാലം മക്കയിൽ താമസിച്ചു. മൂന്നു വർഷമായി മഴയില്ലാതെ ബുദ്ധിമുട്ടുകയാണ്. ആദിന്റെ കഷ്ടപ്പാടുകളെക്കുറിച്ചു മക്കയിലെ കവികൾ പാട്ടു പാടാൻ തുടങ്ങി...
ആദിന്റെ ദൗത്യസംഘം എല്ലാം മറന്നു പ്രാർത്ഥനയിൽ മുഴുകി. പെട്ടെന്ന് മേഘങ്ങൾ പ്രത്യക്ഷപ്പെട്ടു. അതുകണ്ട് ആദ് സംഘം ആഹ്ലാദം കൊണ്ടു. നമ്മുടെ പ്രാർത്ഥന സഫലമായി മഴമേഘങ്ങൾ വന്നു. അവർ ഉറക്കെ വിളിച്ചു പറഞ്ഞു. മൂന്നു മേഘങ്ങൾ നീങ്ങി വന്നു. അവരുടെ മുകളിലായി നിന്നു. വെളുത്ത മേഘം,
കറുത്ത മേഘം,
ചുവന്ന മേഘം എല്ലാവരും ആകാംക്ഷയോടെ നോക്കിനിന്നു...
ഇഷ്ടമുള്ള മേഘത്തെ തിരഞ്ഞെടുക്കാം
ആകാശത്ത് നിന്ന് വന്ന ശബ്ദം. ഏത് മേഘം വേണം..? ചർച്ചയായി. കറുത്ത മേഘത്തിൽ നിന്നാണ് കൂടുതൽ മഴ കിട്ടുക. അത് മതി. ആദുകാർ വിളിച്ചു പറഞ്ഞു. കറുത്ത മേഘം...
കറുത്ത മേഘം നന്നായി പ്രത്യക്ഷപ്പെട്ടു. ആദുകാർ ആഹ്ലാദനൃത്തം ചവിട്ടി. ഇനി നാട്ടിലേക്ക് തിരിക്കാം. മഴ ഉടനെയുണ്ടാവും. ആദുകാരുടെ ഒട്ടകങ്ങൾ വേഗത്തിൽ സഞ്ചരിച്ചു. മേഘം കൂടെ സഞ്ചരിച്ചു. കുതിരപ്പുറത്ത് കയറിയവർ മിന്നൽ വേഗത്തിൽ കുതിരയെ പായിച്ചു. സന്തോഷവാർത്ത നാട്ടിലെത്തിക്കണം...
കുതിര സവാരിക്കാർ അഹ്ഖാഫിലെത്തി. അവരുടെ ശബ്ദം അന്തരീക്ഷത്തിലെത്തി. "ആദുകാരേ, സന്തോഷിക്കുക ..! നമ്മുടെ പ്രാർത്ഥന ഫലിച്ചു. മഴ മേഘം ഇതാ എത്തിയിരിക്കുന്നു. ഉടനെ മഴ പെയ്യും. കിണറുകളും കുളങ്ങളും വൃത്തിയാക്കിവെക്കുക. ശുദ്ധജലം ശേഖരിക്കാനുള്ള പാത്രങ്ങൾ തയ്യാറാക്കുക. കൈത്തോടുകൾ അറ്റക്കുറ്റ പണി നടത്തി ജലപ്രവാഹത്തിന് സൗകര്യപ്പെടുത്തുക..."
ആദുകാർ വീടുകളിൽ നിന്നിറങ്ങി. വെള്ളം സംഭരിക്കാനുള്ള സ്ഥലങ്ങൾ വൃത്തിയാക്കാൻ തുടങ്ങി. മേഘം അവർക്കു മുമ്പിൽ ഉയരത്തിൽ നിൽക്കുന്നു. അപ്പോൾ ഹൂദ് (അ) വിളിച്ചു പറഞ്ഞു; "ഹേ, സഹോദരന്മാരേ ഇത് അനുഗ്രഹത്തിന്റെ മേഘമല്ല. ശിക്ഷയുടെ മേഘമാണ്. ഇനിയെങ്കിലും അല്ലാഹുﷻവിങ്കലേക്ക് പശ്ചാത്തപിച്ചു മടങ്ങുക. ഞാൻ പറയുന്നത് വിശ്വസിക്കൂ..."
ജനങ്ങൾ ആർത്തു ചിരിച്ചു. പരിഹാസച്ചിരി. ഹൂദ് നിന്റെ പോയത്തം ഇനിയും തീർന്നില്ലേ..? ഇതാ മഴ വർഷിക്കാൻ പോവുന്നു. ഇല്ല, മഴ വീഴില്ല കൊടുങ്കാറ്റടിക്കും. കൊടും ശിക്ഷ വരും. നിങ്ങൾക്ക് തടുക്കാനാവില്ല...
അതൊക്കെ തടുക്കാൻ കരുത്തുള്ളവരാണ് ഞങ്ങൾ...