ആദ് സമൂഹത്തിന്റെ അന്ത്യഘട്ടത്തെക്കുറിച്ച് വിശുദ്ധ ഖുർആൻ ഇങ്ങനെ പറയുന്നു: "നമ്മുടെ കല്പന വന്നപ്പോഴാകട്ടെ, ഹൂദിനെയും അദ്ദേഹത്തോടൊപ്പം വിശ്വസിച്ചവരെയും നമ്മുടെ പക്കൽ നിന്നുള്ള കാരുണ്യം കൊണ്ട് നാം രക്ഷിച്ചു. അതികഠിനമായ ഒരു ശിക്ഷയിൽ നിന്ന് അവരെ നാം രക്ഷപ്പെടുത്തുകയും ചെയ്തു." (11:58)
"അത് ആദ് സമുദായമാണ്. അവർ തങ്ങളുടെ രക്ഷിതാവിന്റെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചു. അവന്റെ ദൂതന്മാരോട് അനുസരണക്കേട് കാണിക്കുകയും ചെയ്തു. സ്വേച്ഛാധികാരികളും ധിക്കാരികളുമായ എല്ലാവരുടെയും കൽപനകൾ അവർ പിൻപറ്റുകയും ചെയ്തു." (11:59)
"ഈ ഐഹിക ജീവിതത്തിലും പുനരുത്ഥാന ദിവസവും ശാപം അവരെ പിൻതുടർന്നു. അറിയുക ആദ് സമുദായം അവരുടെ രക്ഷിതാവിനോട് നന്ദികേട് കാണിച്ചു. അറിയുക ഹൂദ് നബിയുടെ ജനതയായ ആദ് സമുദായത്തിന് വമ്പിച്ച നാശം." (11:60)
ആദ് സമൂഹത്തിന് ലഭിച്ച ശിക്ഷ അതികഠിനമായിരുന്നുവെന്ന് ഈ വിശുദ്ധ വചനങ്ങളിൽ നിന്ന് മനസ്സിലാക്കാം. ആദ് സമൂഹക്കാരുടെ ഒരു പ്രധാന വിനോദം വഴിയാത്രക്കാരെ പരിഹസിക്കുകയെന്നതായിരുന്നു. അവരുടെ കൂർത്ത മൂർച്ചയുള്ള വാക്കുകളുപയോഗിച്ചുള്ള പരിഹാസം എത്രയോ മനസ്സുകളെ മുറിവേൽപ്പിച്ചിട്ടുണ്ട്. വഴിയാത്രക്കാരെ അക്രമിക്കുകയും സാധനങ്ങൾ കൊള്ളയടിക്കുകയും ചെയ്തു പോന്നു. ധിക്കാരം അതിരുവിട്ടപ്പോൾ ശിക്ഷയുടെ ആദ്യലക്ഷണങ്ങൾ വന്നുതുടങ്ങി.
മഴ പെയ്യാതായി. വരൾച്ച വന്നു. ഇത് കൃഷിയെ ബാധിച്ചു. അരുവികൾ വറ്റി. ജനം പരിഭ്രാന്തരായി. ആദ് സമൂഹത്തിന്റെ മുമ്പിൽ ഹൂദ് (അ) നിരന്തരം പ്രത്യക്ഷപ്പെട്ട് താക്കീത് നൽകി കൊണ്ടിരുന്നു...
"സഹോദരങ്ങളേ..! അല്ലാഹുﷻവിനെ സൂക്ഷിക്കുക. ശിക്ഷ വരുന്നതിനു മുമ്പ് പശ്ചാത്തപിച്ചു മടങ്ങുക!" പക്ഷെ ആര് കേൾക്കാൻ. അവരുടെ ജീവിതം പഴയതുപോലെ തന്നെ. ആപത്ത് വരുമ്പോൾ പ്രാർത്ഥന നടത്താൻ വേണ്ടി പൂർവ്വികന്മാർ മക്കത്ത് പോകുമായിരുന്നു. ഇന്ന് കഅ്ബ നിൽക്കുന്ന സ്ഥലത്ത് അന്ന് ചുവന്ന ചെറിയ കുന്ന് ഉണ്ടായിരുന്നു. അതിൽ കയറിനിന്ന് പ്രാർത്ഥിക്കുകയാണ് പതിവ്. അതുകാരണം ആപത്തുകൾ നീങ്ങിപ്പോവും...
വരൾച്ച ബാധിച്ചു. നാടാകെ ദുരിതത്തിലായി. നേതാക്കൾ ഒരുമിച്ചുകൂടി. ചൂടുപിടിച്ച ചർച്ച നടന്നു. മക്കത്തേക്ക് പോകാൻ തീരുമാനമായി. പതിനേഴ് നേതാക്കന്മാരെ തിരഞ്ഞെടുത്തു. അവരുടെ നേതൃത്വത്തിൽ ഒരു വലിയ കൂട്ടം ആളുകൾ മക്കയിലേക്ക് പോവുന്നു. ഒട്ടകങ്ങളുടെ നീണ്ട നിര മരുഭൂമിയിലൂടെ നീങ്ങിപ്പോയി. നാളുകളോളം നീണ്ട യാത്ര. അതിന്നൊടുവിൽ അവർ മക്കയിലെത്തി...
അക്കാലത്ത് മക്ക ഭരിച്ചിരുന്നത് അമാലികത്ത് വർഗത്തിൽപെട്ട മുആവിയ എന്നൊരാളായിരുന്നു. ഇദ്ദേഹം ആദ് വംശജനുമായിരുന്നു. മക്കയിലേക്ക് വന്ന സംഘത്തിൽ രണ്ട് മുസ്ലിംകളുമുണ്ടായിരുന്നു. ലുക്മാൻ, മർസദ് എന്നിവർ. ആദ് സമൂഹം മുആവിയായുടെ മുമ്പിലെത്തി സങ്കടം പറഞ്ഞു. അപ്പോൾ മർസദ് ഉച്ചത്തിൽ സംസാരിക്കാൻ തുടങ്ങി...
"ആദ് സമൂഹമേ ഇവിടെ വന്ന് പ്രാർത്ഥിച്ചതുകൊണ്ടൊന്നും നിങ്ങളുടെ ദുരിതങ്ങൾ തീരാൻ പോവുന്നില്ല. നിങ്ങൾ ഒരു പ്രവാചകനെ തള്ളിക്കളഞ്ഞിട്ടാണ് വന്നിരിക്കുന്നത്. പ്രവാചകനെ തള്ളിക്കളഞ്ഞവരുടെ പ്രാർത്ഥന അല്ലാഹുﷻ സ്വീകരിക്കുകയില്ല. നിങ്ങൾ ഇവിടെ വരേണ്ട കാര്യമില്ല. പ്രവാചകനെ സമീപിക്കൂ സങ്കടം പറയൂ. അദ്ദേഹം പ്രാർത്ഥിക്കട്ടെ..! മഴ ലഭിക്കും. അനുഗ്രഹങ്ങൾ കോരിച്ചൊരിയും."
ഇല്ല ഹൂദിനെ ഞങ്ങൾ സ്വീകരിക്കില്ല...