ഹൂദ് (അ)ന് അല്ലാഹുﷻവിൽ നിന്ന് കൽപന വന്നു. വിശ്വാസികളെയും കൂട്ടി ഉടൻ സ്ഥലം വിടുക. പിന്നെ വൈകിയില്ല. ഹൂദ് (അ)തന്റെ അനുയായികളെയും കൂട്ടി നാട് വിട്ടുപോയി. കാർമേഘം തലക്കു മുകളിൽ നിൽക്കുന്നു. കാറ്റ് വീശി പരിചയമില്ലാത്ത കാറ്റ്. തടുത്തുനിർത്താനാവാത്ത കാറ്റ്. എന്തും പറന്നുപോകും. എന്ത് ചെയ്യും..?
ജനങ്ങൾ പരിഭ്രാന്തരായി ഓട്ടം തുടങ്ങി. ബലം കൂടിയ കെട്ടിടങ്ങൾ നോക്കി ഓടി. കന്നുകാലികളെ വൻ വൃക്ഷങ്ങളിൽ കെട്ടി. കുട്ടികളെ തൂണുകളിൽ മുറുക്കിക്കെട്ടി. അല്ലെങ്കിൽ പറന്നുപോവും. സ്ത്രീകളെ ഇരുമ്പു കൂടാരങ്ങളിൽ ഇരുത്തി. ആ കൂടാരങ്ങൾ ഒട്ടകപ്പുറത്ത് ബന്ധിച്ചു. ആജാനുഭാഹുക്കളായ മനുഷ്യർ കൈകോർത്തു പിടിച്ചു നിന്നു...
കാറ്റിന്റെ ശക്തി വർധിച്ചു. കൈകോർത്തു പിടിച്ചു നിന്ന ആളുകളെ കാറ്റ് പറത്തിക്കൊണ്ടുപോയി. വൻ മരങ്ങൾ വേരോടെ പിഴുതെറിയപ്പെട്ടു. ഒട്ടകങ്ങളും കൂടാരങ്ങളും പറന്നു കളിച്ചു. എവിടെയും കൂട്ട നിലവിളി. കാറ്റ് വീശിയടിച്ചു. വൻ കെട്ടിടങ്ങൾ തകർന്നുവീണു മണൽക്കൂനുകൾ ഇടിഞ്ഞുവീണു. ഒരു ജനതയെ മണൽക്കുന്നുകൾ അടിച്ചു തകർത്തു കളഞ്ഞു. കാറ്റിനു ശമനമില്ല ശക്തി കൂടിക്കൂടിവന്നു. ഏഴു രാത്രിയും എട്ടു പകലും തുടർച്ചയായി കാറ്റടിച്ചു. ആദുകാരുടെ നീണ്ട ശരീരങ്ങൾ ഇതാ വീണുകിടക്കുന്നു. ഈത്തപ്പന മരം കടപുഴകി വീണതുപോലെ...
സൂറത്തുൽ ഖമറിൽ ഇങ്ങനെ കാണാം. "ആദ് ഗോത്രം വ്യാജമാക്കുകയുണ്ടായി. എന്റെ ശിക്ഷകളും എന്റെ താക്കീതുകളും എങ്ങനെയായിത്തീർന്നു..? " (54:18)
"നാം അവരുടെ മേൽ മുറിഞ്ഞുപോവാതെ നിലനിൽക്കുന്ന ഒരു ദുശ്ശകുന ദിവസത്തിൽ, ഉഗ്രമായ ഒരു കാറ്റിനെ നാം അയച്ചു." (54:19)
"അത് മനുഷ്യരെ പറിച്ചെറിഞ്ഞു കൊണ്ടിരുന്നു. അവർ കടപുഴകി വീണ ഈത്തപ്പന മരത്തിന്റെ മുരടുകളെന്നോണമായിരുന്നു." (54:20) "അപ്പോൾ എന്റെ ശിക്ഷയും താക്കീതുകളും എങ്ങനെയായിത്തീർന്നു." (54:21)
അല്ലാഹുﷻവിന്റെ താക്കീതുകൾ ഒരൽപവും തെറ്റാതെ വന്നു ഭവിച്ചു. ആദുകാരുടെ ശരീരബലം അവരെ സഹായിച്ചില്ല. കൊടുങ്കാറ്റ് വന്നപ്പോൾ അവർ ഇയ്യാം പാറ്റകളെപ്പോലെ പറന്നു നടന്നു. ഉയരമുള്ള മനുഷ്യന്മാർ തലങ്ങും വിലങ്ങും മരിച്ചു വീണു. കടപുഴകി വീണ ഈത്തപ്പന മരങ്ങൾപോലെ...
അഹങ്കാരത്തിന്റെ സ്തൂപങ്ങളുടെ അവശിഷ്ടങ്ങൾ അവരുടെ പ്രതാപത്തെയല്ല വിളിച്ചറിയിക്കുന്നത്. അവരുടെ ബുദ്ധി ശൂന്യതയെ വിളിച്ചറിയിക്കുന്നു. ഇത്രയും അനുഗ്രഹങ്ങൾ ലഭിച്ചിട്ട് അവർക്കത് വേണ്ടവിധം ഉപയോഗപ്പെടുത്താൻ കഴിഞ്ഞില്ലല്ലോ..?
നിർഭാഗ്യവാന്മാർ..!