ഓരോ പദവും ഉത്ബത്തിന്റെ മനസ്സിന്റെ അടിത്തട്ടിലേക്ക് ഇറങ്ങിപ്പോയി. മനസ്സിൽ വല്ലാത്ത ചലനം...
بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ حم تَنْزِيلٌ مِنَ الرَّحْمَٰنِ الرَّحِيمِ
ഓരോ വചനങ്ങൾ മനസ്സിലേക്കിറങ്ങുമ്പോൾ ഉത്ബത്ത് പുളയുകയാണ്. ഇപ്പോൾ പതിമൂന്നാം വചനം ഓതുകയാണ്. കേട്ട് സഹിക്കാനാവുന്നില്ല...
അല്ലാഹുﷻ മുഹമ്മദ് നബി ﷺ തങ്ങൾക്ക് വിശുദ്ധ ഖുർആൻ ഇറക്കി. അത് ശ്രദ്ധിക്കാതെ തിരിഞ്ഞു കളയുന്നവരുടെ അവസ്ഥയാണ് പറയുന്നത്. താനും അത്തരക്കാരിൽ ഒരാളാണല്ലോ എന്നാണ് ഉത്ബത്ത് ചിന്തിച്ചത്. എന്തൊക്കെയാണ് താൻ കേട്ടത്? മനസ്സിനെ ഇളക്കിമറിച്ച വചനങ്ങൾ ഏതൊക്കെയാണ്..?
ഈ ഖുർആൻ കരുണാനിധിയും പരമ കാരുണികനുമായ അല്ലാഹുﷻവിങ്കൽ നിന്ന് അവതരിച്ചത്. അറബി ഭാഷയിലുള്ള ഖുർആൻ. ബോധമുള്ള ജനതക്കുവേണ്ടി വിശദീകരണമുള്ള ഗ്രന്ഥം. സന്തോഷവാർത്ത അറിയിക്കുന്നതും താക്കീത് നൽകുന്നതുമായ ഗ്രന്ഥം. അധികമാളുകളും പിന്തിരിഞ്ഞു കളഞ്ഞു. ഓരോ വചനം കഴിയും തോറും ഉത്ബത്ത് തളരുകയാണ്...
ഇപ്പോഴിതാ പതിമൂന്നാം വചനം. വിശുദ്ധ ഖുർആൻ ശ്രദ്ധിക്കാതെ തിരിഞ്ഞു പോവുന്നവർക്ക് ആദിനെയും സമൂദിനെയും ബാധിച്ച ഘോരശിക്ഷ ബാധിക്കുന്നതാണ്...
ഉത്ബത്ത് ചാടിയെണീറ്റു. നബി ﷺ യുടെ വായ പൊത്തിപ്പിടിച്ചു. മതി...മതി... ഇനി പാരായണം വേണ്ട. സഹിക്കാൻ വയ്യ.
ഇത് ദൈവിക വചനങ്ങൾ തന്നെ. ഇത് മാരണമല്ല. കവിതയല്ല. ഉത്ബത്തിന്റെ മുഖഭാവം മാറുന്നത് നബി ﷺ വ്യക്തമായി കണ്ടു. കൈകൾ പിന്നോട്ട് കെട്ടി നിന്ന് എല്ലാ വചനങ്ങളും ശ്രദ്ധയോടെ കേട്ടിട്ടുണ്ട്...
ഉത്ബത്ത് ഖുറൈശികളുടെ സദസ്സിലേക്ക് പോയില്ല. വീട്ടിലേക്കാണ് നടന്നത്. വീട്ടിലെത്തി കാതിൽ ഖുർആൻ വചനങ്ങളുടെ സുന്ദര ശബ്ദം പ്രതിധ്വനിക്കുന്നു. ഖുറൈശികൾ കാത്തിരുന്നു മടുത്തു. അബൂജഹൽ മറ്റു നേതാക്കന്മാർ ഉത്ബത്തിന്റെ വീട്ടിലെത്തി...
ഉത്ബത്ത് അവരോടിങ്ങനെ പറഞ്ഞു: മുഹമ്മദ് ചിലതെല്ലാം പാരായണം ചെയ്തു. ഞാനത് കേട്ടു അത് മാരണമല്ല. ജാലവിദ്യയല്ല. അതുപോലുള്ളത് ഞാനിതുവരെ കേട്ടിട്ടേയില്ല. അവസാനം ആദ് -സമൂദ് ഗോത്രങ്ങൾക്ക് ലഭിച്ചതു പോലുള്ള ശിക്ഷ നമുക്കും ലഭിക്കുമെന്ന് താക്കീത് നൽകി. അപ്പോൾ ഞാനവന്റെ വായ മൂടിപ്പിടിച്ചു. പാരായണം നിർത്താൻ പറഞ്ഞു. അങ്ങനെയാണ് നിർത്തിയത്...
മുഹമ്മദ് കളവ് പറയില്ല. നിങ്ങൾക്കത് നന്നായറിയാമല്ലോ. നമുക്ക് വല്ല ശിക്ഷയും ബാധിക്കുമോ. എന്നാണെന്റെ ഭയം. മുഹമ്മദിനെ നിങ്ങൾ വെറുതെ വിട്ടേക്കുക. അവന്റെ കാര്യത്തിൽ ഇടപെടാതിരിക്കുന്നതാണ് നല്ലത്. അവന്റെ ഭാവി ശോഭനമാണ്. ഭാവിയിൽ അവൻ പ്രതാപശാലിയായി മാറിയാൽ ആ പ്രതാപം നമുക്കും കൂടിയുള്ളതാണെന്ന് കരുതാം...
ആദിനും സമൂദിനും ലഭിച്ച കഠിനമായ ശിക്ഷയെക്കുറിച്ചുള്ള വചനമാണ് ഉത്ബത്തിനെക്കൊണ്ട് ഇത്രയൊക്കെ പറയിച്ചത്. ആദിന് കിട്ടിയ ശിക്ഷയെക്കുറിച്ച് ഇതേ അധ്യായത്തിൽ ഇങ്ങനെ പറയുന്നു:
"അതിനാൽ, ദുശ്ശകുനം പിടിച്ച ചില ദിവസങ്ങൾ നാം അവരിൽ ഉഗ്രമായ ഒരു കാറ്റിനെ അയച്ചു. ഐഹിക ജീവിതത്തിൽ തന്നെ അവർക്കു അപമാനത്തിന്റെ ശിക്ഷ ആസ്വദിപ്പിക്കാൻ വേണ്ടിയായിരുന്നു. പരലോക ശിക്ഷയാവട്ടെ കൂടുതൽ അപമാനകരവും അവർ സഹായിക്കപ്പെടുകയുമില്ല." (41:16)