മക്കാ മുശ്രിക്കുകൾക്ക് താക്കീത് നൽകാൻ വേണ്ടി അന്ത്യപ്രവാചകനായ മുഹമ്മദ് മുസ്തഫ ﷺ തങ്ങളോട് അല്ലാഹുﷻ കല്പിച്ചു. കഠിനമായ ശിക്ഷയെക്കുറിച്ചു മുന്നറിയിപ്പ് നൽകുക. ആദിനെയും സമൂദിനെയും ബാധിച്ചത് പോലുള്ള ശിക്ഷയെക്കുറിച്ച് മുന്നറിയിപ്പ് നൽകുക. ഇടിത്തീ (സാഇഖത്ത്) എന്ന പദമാണ് അല്ലാഹുﷻ ഉപയോഗിച്ചത്...
സൂറത്ത് ഹാമീം സജദയിൽ അത് കാണാം: "അവർ ശ്രദ്ധിക്കാതെ തിരിഞ്ഞു കളയുകയാണെങ്കിൽ (നബിയേ) പറയുക: ആദിന്റെയും സമൂദിന്റെയും ഇടിത്തീ (കഠിന ശിക്ഷ)യിനെപ്പോലെയുള്ള ഒരു ഇടിത്തീയിനെക്കുറിച്ച് ഞാൻ നിങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നു." (41:13)
ഈ വചനവുമായി ബന്ധമുള്ള പ്രസിദ്ധമായൊരു സംഭവം പറയാം. ഇസ്ലാം മത പ്രബോധന പ്രവർത്തനങ്ങളിൽ നിന്ന് നബി ﷺ തങ്ങളെ എങ്ങനെ പിന്തിരിപ്പിക്കാൻ കഴിയും? അതിനുള്ള മാർഗ്ഗമെന്ത്..?
ഖുറൈശികൾ രഹസ്യമായി യോഗം ചേർന്ന് ചർച്ച നടത്തുകയാണ്. "ധാരാളം ധനം നൽകാം" ചിലർ അഭിപ്രായപ്പെട്ടു.
"നല്ല സുന്ദരിയെ ഭാര്യയാക്കി കൊടുക്കാം" മറ്റൊരഭിപ്രായം ഇതൊക്കെ അവൻ അംഗീകരിക്കുമോ..? ചിലർക്കു സംശയം. വാചാലമായി സംസാരിക്കുന്ന ഒരാൾ പോവണം. ഈ കാര്യങ്ങൾ ആകർഷകമായി അവതരിപ്പിക്കണം. വേണ്ടത്ര ധനം നൽകാം. പത്ത് സുന്ദരികളെവരെ ഭാര്യമാരാക്കി കൊടുക്കാം. ഇതൊന്നു നിർത്തിക്കിട്ടിയാൽ മതി. ഇതൊക്കെ പറയാൻ ആര് പോകും..? ഉത്ബത്തുബ്നു റബീഅഃ.
എല്ലാവരും ആ പേര് അംഗീകരിച്ചു. എല്ലാവരുംകൂടി അദ്ദേഹത്തെ യാത്രയാക്കി. ഉത്ത്ബത്ത് ജാലവിദ്യക്കാരനാണ്. പ്രശ്നം വെക്കാനറിയാം കവിത ചൊല്ലും. ഉത്ത്ബത്ത് വന്നു. നബി ﷺ യെ കണ്ടു. ഉത്ത്ബത്തിന്റെ മുഖം ശ്രദ്ധിച്ചു. വരവ് അത്ര പന്തിയല്ല...
മുഹമ്മദേ നീയോ നിന്റെ പിതാവായ അബ്ദുല്ലയോ ആരാണ് കൂടുതൽ ഉത്തമൻ..?
നബി ﷺ ഒന്നും പറഞ്ഞില്ല.
നീയോ നിന്റെ പിതാമഹനായ അബ്ദുൽ മുത്തലിബോ ഉന്നതൻ..?
നബി ﷺ മറുപടി പറഞ്ഞില്ല.
അവരൊക്കെ നിന്നെക്കാൾ ഉത്തമരായിരുന്നെങ്കിൽ അവരൊക്കെ ഞങ്ങളുടെ മതത്തിന്റെ ആളുകളായിരുന്നു...
ഈ ജനതയിൽ നിന്നെക്കാൾ ലക്ഷണംകെട്ട ഒരാളുമില്ല. നീ ഞങ്ങളുടെ ഐക്യം തകർത്തു. ഞങ്ങളുടെ കാര്യങ്ങൾ നീ താറുമാറാക്കി. മതത്തെ കുറ്റപ്പെടുത്തി. അറബികളുടെ മുമ്പിൽ ഞങ്ങളെ അപമാനിച്ചു. ഹേ.... മനുഷ്യാ... നിനക്ക് ധനം ആവശ്യമാണോ? പറയൂ ... ഞങ്ങൾ ധനം ശേഖരിച്ചു നിന്നെ ധനികനാക്കിത്തരാം. നീ ഇഷ്ടപ്പെടുന്ന യുവതിയെ വിവാഹം ചെയ്തുതരാം. വേണമെങ്കിൽ പത്തുപേരെ വിവാഹം ചെയ്തു തരാം...
നബി ﷺ ചോദിച്ചു: താങ്കൾക്ക് പറയാനുള്ളതെല്ലാം പറഞ്ഞു കഴിഞ്ഞുവോ..?
ശരി പറഞ്ഞു കഴിഞ്ഞു...
എന്നാൽ ഇനി ഞാൻ പറയാം കേട്ടോളൂ...
ഉത്ത്ബത്ത് ശ്രദ്ധയോടെ കേട്ടു...
വിശുദ്ധ ഖുർആനിലെ നാല്പത്തി ഒന്നാം അധ്യായം ആ സൂറത്തിന് രണ്ടു പേരുണ്ട്. സൂറത്ത് ഫുസ്വിലത്ത്, സൂറത്ത് ഹാമീം സജദഃ
ബിസ്മി മുതൽ പതിമൂന്നാം വചനം വരെ ഓതി...