വിശുദ്ധ ഖുർആനിലെ അറുപത്തി ഒമ്പതാമത്തെ സൂറത്തിന്റെ പേര് അൽ-ഹാഖ്ഖ എന്നാകുന്നു.
അൽ ഹാഖ്ഖ എന്ന പദത്തിന്റെ അർഥം യഥാർത്ഥ സംഭവം എന്നാകുന്നു. ഖിയാമം നാളിലെ സംഭവങ്ങളാണുദ്ദേശ്യം.
الْحَاقَّةُ
അൽ ഹാഖ്ഖ (69:1)
مَا الْحَاقَّةُ
(യഥാർത്ഥ സംഭവമെന്നാലെന്താണ്?)(69:2)
وَمَا أَدْرَاكَ مَا الْحَاقَّةُ
യഥാർത്ഥ സംഭവം എന്താണെന്ന് നിനക്കെന്തറിയാം ? (69:3)
كَذَّبَتْ ثَمُودُ وَعَادٌ بِالْقَارِعَةِ
സമൂദും ആദും ആ ഭയങ്കര സംഭവത്തെ വ്യാജമാക്കി (69:4)
فَأَمَّا ثَمُودُ فَأُهْلِكُوا بِالطَّاغِيَةِ
എന്നാൽ സമൂദ് ഗോത്രമാകട്ടെ അതിര് കവിഞ്ഞ സംഭവം കൊണ്ട് നശിപ്പിക്കപ്പെട്ട് (69:5)
وَأَمَّا عَادٌ فَأُهْلِكُوا بِرِيحٍ صَرْصَرٍ عَاتِيَةٍ
ആദ് ഗോത്രമോ ഊക്കേറിയ ഒരു കാറ്റ് കൊണ്ടും നശിപ്പിക്കപ്പെട്ടു (69:6)
سَخَّرَهَا عَلَيْهِمْ سَبْعَ لَيَالٍ وَثَمَانِيَةَ أَيَّامٍ حُسُومًا فَتَرَى الْقَوْمَ فِيهَا صَرْعَىٰ كَأَنَّهُمْ أَعْجَازُ نَخْلٍ خَاوِيَةٍ
ഏഴ് രാത്രിയും എട്ട് പകലും തുടർച്ചയായി അവരിൽ അതിനെ അല്ലാഹുﷻ നിയോഗിച്ചു. അപ്പോൾ ആ ജനതയെ കട പുഴകി വീണ ഈത്തപ്പനത്തടികളെന്നപോലെ അതിൽ വീണുകിടക്കുന്നവരായി നിനക്ക് കാണാമായിരുന്നു. (69:7)
فَهَلْ تَرَىٰ لَهُم مِّن بَاقِيَةٍ
ഇനി അവരുടെ വല്ല അവശിഷ്ടവും നീ കാണുന്നുണ്ടോ..? (ഒന്നുമില്ല)(69:8)
ആദ് സമൂഹത്തെ നശിപ്പിച്ച കാറ്റിന്റെ ശക്തിയെക്കുറിച്ച് വർണിക്കാനാവില്ല. ഖബറുകളിലുണ്ടായിരുന്ന മൃതദേഹങ്ങളപ്പോലും കാറ്റ് പുറത്തെടുത്തു പറത്തിക്കളഞ്ഞു...
ആളുകളെ കൈ കൊട്ടി വിളിക്കുന്ന സമ്പ്രദായം നടപ്പിൽ വന്നത് ആദ് സമുദായത്തിലായിരുന്നു. ഒരു സംഭവം ഇങ്ങനെ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു. ഒരു സ്ത്രീ മേഘത്തിലേക്കു നോക്കി. മേഘത്തിൽ നിന്ന് തീപ്പൊരി പറക്കുന്നത് കണ്ടു. അവർ കൈകൊട്ടി ആളുകളെ വിളിച്ചു കൂട്ടി. സംഭവം പറഞ്ഞു. "ജനങ്ങളേ ഞാൻ മേഘത്തിൽ നിന്ന് തീ പറക്കുന്നത് കണ്ടു. ഹൂദ് താക്കീത് നൽകിയ ശിക്ഷയാണിത്. നബിയുടെ നേരെ ഓടിച്ചെല്ലൂ. പാപമോചനത്തിന് തേടൂ...!
ഈ ശിക്ഷയിൽ നിന്ന് മോചനം നൽകാൻ ഹൂദ് നബിയുടെ പ്രാർത്ഥന കൊണ്ടേ കഴിയുകയുള്ളൂ. ആദുകാർക്ക് കോപം വന്നു. അവർ കോപത്തോടെ വിളിച്ചു പറഞ്ഞു: ആ സ്ത്രീക്ക് ഭ്രാന്താണ്..? വാസ്തവത്തിൽ സ്ത്രീ പറഞ്ഞത് സത്യമായിരുന്നു.
സൂറത്തുദ്ദാരിയാത്തിൽ ഇങ്ങനെ കാണാം: "ആദ് സമുദായത്തിലുമുണ്ട് (ദൃഷ്ടാന്തം) അവരുടെ മേൽ ഒട്ടും ഗുണകരമല്ലാത്ത കാറ്റ് നാം അയച്ച സന്ദർഭം." (51:41)
"അത് ഏതൊരു സാധനത്തിന്മേൽ ചെന്നെത്തിയാലും അതിനെ തുരുമ്പുപോലെ ആക്കാതെ വിട്ടുകളഞ്ഞിരുന്നില്ല" (51:42)
രൗദ്രഭാവമുള്ള കൊടുങ്കാറ്റാണ് ആദിലേക്ക് അടിച്ചുവീശി വന്നത്. ശക്തരായ മനുഷ്യന്മാർ കാലിടറി വീണു. കല്ലുകളും ചരലുകളും പറന്നുയരുന്നു. നിലത്തു വീണ മനുഷ്യരെ കാറ്റ് പൊക്കിയെടുത്തു. മൂർദ്ധാവ് ഭൂമിയിൽ തട്ടുന്ന വിധത്തിൽ തൂക്കിയടിച്ചു. അടിയുടെ ശക്തിയിൽ തല പൊട്ടിച്ചിതറി. തലച്ചോർ ചിതറിവീണു. വീണ്ടും കാറ്റ് ശരീരത്തെ പൊക്കിയടിക്കും. എത്ര കഠിനമായ ശിക്ഷ. തലയില്ലാത്ത ശവശരീരങ്ങൾ...!