Wednesday - 22 April, 2026 4-Dhu al-Qadah-1447

അനുഗ്രഹങ്ങൾ (1)

   സൂറത്ത് ഹൂദ്. വിശുദ്ധ ഖുർആനിലെ പതിനൊന്നാം അധ്യായത്തിന്റെ പേര്. ഹൂദ് നബി (അ) അങ്ങനെ എല്ലാ ദിവസവും അനുസ്മരിക്കപ്പെടുന്നു. ആദ് സമൂഹത്തിൽ തൗഹീദിന്റെ വെളിച്ചം പരത്താൻ കഠിനാധ്വാനം ചെയ്തു കടുത്ത ത്യാഗത്തിന്റെ ദിനരാത്രങ്ങൾ. ധിക്കാരത്തിന്റെ പ്രതീകങ്ങൾ. അവക്കെതിരെ കൊടുങ്കാറ്റ് പോലെ ആഞ്ഞടിച്ച പ്രവാചകൻ...


തൗഹീദ് ശക്തിയാണ്. വെളിച്ചമാണ്. ഊതിക്കെടുത്താനാവില്ല. ഊതിക്കെടുത്തുമെന്ന നിർബന്ധത്തിലാണ് ആദ് സമൂഹം. അവർ ശിർക്കിന്റെ  കൂട്ടർ. തൗഹീദും ശിർക്കും തമ്മിൽ സംഘട്ടനം. 


ഹൂദ് (അ) സൗമ്യമായി ഉപദേശം നൽകി. "സഹോദരങ്ങളെ! നിങ്ങൾ ഏകനായ അല്ലാഹുﷻവിനെ ആരാധിക്കുവീൻ. അവൻ സർവ്വശക്തനാണ്. അവൻ ആകാശ ഭൂമികളെ പടച്ചു.  വായുവും വെളിച്ചവും തന്നു. നിങ്ങൾക്ക് ശരീര ശക്തി നൽകി. ശില്പകലകളിൽ കഴിവു നൽകി. എന്റെ പ്രിയപ്പെട്ട സഹോദരങ്ങളേ! നിങ്ങൾ അല്ലാഹുﷻവിനോട് നന്ദിയുള്ളവരാവുക. അവൻ സർവ്വശക്തനാണ്. അവൻ ആകാശഭൂമികളെ പടച്ചു. വായുവും വെളിച്ചവും തന്നു. നിങ്ങൾക്ക് ശരീരശക്തി നൽകി. ശില്പകലകളിൽ കഴിവ് നൽകി. എന്റെ പ്രിയപ്പെട്ട സഹോദരങ്ങളേ! നിങ്ങൾ അല്ലാഹുﷻവിനോട് നന്ദിയുള്ളവരാവുക. നന്ദികെട്ടവരായിപ്പോവരുത്. നന്ദികെട്ടവരായിപ്പോയാൽ വേദനാജനകമായ ശിക്ഷ നിങ്ങളെ പിടികൂടും. ഇതൊരു മുന്നറിപ്പാണ് ... 


ഹൂദ് (അ)ന്റെ വാക്കുകൾ അവർ പരിഹസിച്ചു തള്ളി. "ഹേ... ഹൂദ് നിനക്കെന്ത് പറ്റിപ്പോയി? നമ്മുടെ ഏതെങ്കിലും ദൈവത്തിന്റെ ശാപം നിന്നെ ബാധിച്ചുവോ..! ഞങ്ങൾ ശക്തരാണ്. അത് നിനക്കറിയാമല്ലോ ? ഞങ്ങളെക്കാൾ കായികശക്തിയുള്ള ഒരാളെയും ഞങ്ങൾക്കറിയില്ല. നിന്റെ സർവ്വശക്തൻ ആരാണ് ..? അത് പറഞ്ഞ് ഞങ്ങളെ ഭയപ്പെടുത്താൻ നോക്കണ്ട. നിന്റെ മുന്നറിയിപ്പൊന്നും ഞങ്ങൾക്കാവശ്യമില്ല. ഇത്തരം വർത്തമാനങ്ങൾ ഇനിയിവിടെ ആവർത്തിക്കരുത്. ഓർമ്മവേണം..."


വിശുദ്ധ ഖുർആനിൽ അല്ലാഹുﷻ പറയുന്നു : "ആദ് ഗോത്രത്തിലേക്ക് അവരുടെ സഹോദരൻ ഹൂദിനെയും (നാം അയച്ചു). അദ്ദേഹം പറഞ്ഞു: എന്റെ ജനങ്ങളെ, നിങ്ങൾ അല്ലാഹുﷻവിനെ ആരാധിക്കുവീൻ! അവൻ അല്ലാതെ നിങ്ങൾക്ക് ഒരു ആരാധ്യനുമില്ല.  നിങ്ങൾ കെട്ടിച്ചമക്കുന്നവരല്ലാതെ മറ്റൊന്നും അല്ല." (11:50)


ആദ് സമൂഹത്തിന്റെ അവസ്ഥ ഈ വചനത്തിൽ നാം വ്യക്തമായി കാണുന്നു. അവർ ബിംബാരാധകരായിരുന്നു. സൂര്യൻ,ചന്ദ്രൻ, നക്ഷത്രങ്ങൾ തുടങ്ങിയ പ്രകൃതിശക്തികളെ ആരാധിച്ചിരുന്നു. ബഹുദൈവ വിശ്വാസികൾ. അവരെ ഏകദൈവ വിശ്വാസത്തിലേക്കാണ് ഹൂദ് (അ) ക്ഷണിച്ചത്.