Wednesday - 22 April, 2026 4-Dhu al-Qadah-1447

ആദ് (2)

 മറ്റൊരു രീതിയിലും പരമ്പര രേഖപ്പെടുത്തിക്കാണുന്നുണ്ട്. സാമിന്റെ പുത്രൻ ഇറമ്. അദ്ദേഹത്തിന്റെ പുത്രൻ ഔസ്വ്. ഔസ്വിന്റെ പുത്രൻ ആദ്. ഇറമിന്റെ സന്താന പരമ്പര ഇറം  ഗോത്രം എന്ന പേരിൽ അറിയപ്പെട്ടു. ഈ വംശത്തിൽ നിന്നു തന്നെയാണ് ആദ് ഗോത്രം ഉണ്ടാവുന്നത്...


 ആദ്യമുണ്ടായത് ഇറം ഗോത്രം. പിന്നീടുണ്ടായത് ആദ് ഗോത്രവുമാകുന്നു. വമ്പിച്ച ശരീരബലത്തിന്റെ ആളുകളായിരുന്നു അവർ. കായികശക്തിയിൽ വമ്പന്മാർ. അവരോട് മല്ലിട്ടു ജയിക്കാൻ മറ്റുള്ളവർക്കാവില്ല. വലിയ പാറക്കഷ്ണങ്ങൾ അവർ ചുമന്നു കൊണ്ടുപോവും.  മലമുകളിൽ വമ്പിച്ച സ്തൂപങ്ങൾ അവർ സ്ഥാപിച്ചിരുന്നു. കാണികളെ അമ്പരപ്പിക്കുന്ന  കാഴ്ചയാണത്. അവരുടെ ശക്തിയുടെയും പ്രതാപത്തിന്റെയും ചിഹ്നമായിരുന്നു ആ തൂണുകൾ. ഇത്തരം സ്തംഭങ്ങൾക്ക് അറബിയിൽ ഇമാദ് എന്നാണ് പറയുക...


വിശുദ്ധ ഖുർആൻ സൂറത്തുൽ ഫജ്റിൽ ഇങ്ങനെ പറയുന്നു: "നിന്റെ രക്ഷിതാവ് ആദിനെക്കൊണ്ട് എപ്രകാരം ചെയ്തുവെന്ന് നീ കണ്ടില്ലേ." (89:6) "അതായത് തൂണിന്റെ ആൾക്കാരായ ഇറമ് (ഗോത്രം)." (89:7) "മറ്റുരാജ്യങ്ങളിൽ അതുപോലെയുള്ളവർ സൃഷ്ടിക്കപ്പെട്ടിട്ടില്ല."(89:8)


അങ്ങനെയുള്ള ഗോത്രം വമ്പിച്ച തൂണുകൾ സ്ഥാപിച്ച് അതിനു മുകളിൽ ഉറപ്പുള്ള വീടുകൾ പണിയുകയെന്നതും പതിവായിരുന്നു. ഇറമുകാരും ആദുകാരും വലിയ  അഹങ്കാരികളായിരുന്നു. അഹങ്കാരം വിളിച്ചറിയിക്കുന്നതായിരുന്നു അവരുടെ പാർപ്പിടങ്ങൾ. ആദ് എന്ന ഗോത്രത്തലവൻ ഒരു രാജാവായിട്ടുതന്നെയാണ് ജീവിച്ചിരുന്നത്. ആദ് ചന്ദ്രനെ ആരാധിച്ചുവെന്നാണ് രേഖകൾ പറയുന്നത്. ഇറം ഒരു സ്ഥലപ്പേരാണെന്ന് കരുതുന്നവരുമുണ്ട്. ഇത് ഏദന്ന് സമീപമാണെന്നും, അവിടത്തെ താമസക്കാരെ ഇറമുകൾ എന്നു വിളിച്ചിരുന്നുവെന്നും കാണുന്നു. 


ആദ് സമൂഹം അഹ്ഖാഫ് എന്ന സ്ഥലത്താണ് താമസിച്ചിരുന്നത്. ഇത് യമനിലാകുന്നു. പ്രസിദ്ധമായ ഹളർമൗത്തിന് സമീപം.  ആദുകാരുടെ പാർപ്പിടങ്ങൾ ഇന്നും അത്ഭുതകരമായ കാഴ്ചയായി നിലനിൽക്കുന്നു. പർവ്വതങ്ങളുടെ മുകളിൽ പാറ തുരന്നുണ്ടാക്കിയ അറകളുള്ള പാർപ്പിടങ്ങൾ...


വലിയ കലാവൈഭവം അല്ലാഹുﷻ അവർക്ക് നൽകിയിരുന്നു. അതിശയകരമായ വൈഭവത്തോടെയാണ് അവർ സ്തംഭങ്ങളും പാർപ്പിടങ്ങളും നിർമ്മിച്ചിരുന്നത്.  മലമുകളിലെ താമസസ്ഥലത്തേക്ക് കയറിപ്പോവാൻ അവർക്കൊരു പ്രയാസവും തോന്നിയിരുന്നില്ല. സമതലത്തിലേക്ക് ചാടിയിറങ്ങിവരാനും ഒരു ബുദ്ധിമുട്ടുമില്ല. ഏത് കൂരിരുട്ടിലും സഞ്ചരിക്കും.  ശരീരബലത്തിനൊത്ത ധീരതയും അവർക്കുണ്ടായിരുന്നു. എത്ര അധ്വാനിച്ചാലും മടുപ്പില്ല. ക്ഷീണം ബാധിക്കുന്നത് വളരെ അപൂർവ്വമാണ്...


ഒട്ടകമാണ് പ്രധാന വാഹനം. അതിന്റെ പുറത്ത് കയറി വളരെ ദൂരം സഞ്ചരിക്കും. നല്ല ആരോഗ്യമുള്ള ഒട്ടകങ്ങൾക്കു മാത്രമേ അവരുടെ ഭാരം താങ്ങാൻ കഴിഞ്ഞിരുന്നുള്ളൂ. വേണമെന്ന് വെച്ചാൽ ഒരൊട്ടകത്തിന്റെ മാംസം ഒരാൾ ഒറ്റക്കിരുന്ന് ഭക്ഷിക്കുകയും ചെയ്യും. അങ്ങനെയൊക്കെയായിരുന്നു അവരുടെ ആഹാരരീതി ...