ഹൂദ് (അ) തന്റെ സമുദായത്തെ ഇങ്ങനെ അറിയിച്ചു. "ഹേ....ജനങ്ങളേ! തൗഹീദിലേക്ക്, ഏകദൈവ വിശ്വാസത്തിലേക്കാണ് ഞാൻ നിങ്ങളെ ക്ഷണിക്കുന്നത്. ഇത് മഹത്തായ കർമ്മമാണ്. പക്ഷെ ഞാൻ അതിന് നിങ്ങളിൽ നിന്നൊരു പ്രതിഫലവും ആവശ്യപ്പെടുന്നില്ല. എന്റെ പ്രതിഫലം അല്ലാഹുﷻ നൽകും. അവനാണ് അതിന്റെ ബാധ്യത. നിങ്ങൾ സത്യമാർഗ്ഗത്തിലേക്ക് വരിക. വിജയം കൈവരിക്കുക..."
ഹൂദ് നബി (അ)ന്റെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് അല്ലാഹുﷻ ഇങ്ങനെ പറയുന്നു: "എന്റെ ജനങ്ങളേ! ഇതിന്റെ പേരിൽ നിങ്ങളോട് ഞാൻ ഒരു പ്രതിഫലവും ചോദിക്കുന്നില്ല. എന്റെ പ്രതിഫലം എന്നെ സൃഷ്ടിച്ചുണ്ടാക്കിയവന്റെ മേൽ അല്ലാതെ ബാധ്യതയില്ല. അപ്പോൾ നിങ്ങൾ ബുദ്ധികൊടുത്തു ഗ്രഹിക്കുന്നില്ലേ." (11:51)
മനുഷ്യരുടെ ബുദ്ധി മണ്ഡലത്തെ തൊട്ടുണർത്തുന്ന ചോദ്യമാണിത്. പക്ഷെ അവർ ചിന്തിക്കാൻ തയ്യാറല്ല. തങ്ങൾ ചെയ്തു വരുന്ന കാര്യങ്ങളിൽ ഒരു മാറ്റവും വരുത്താൻ അവർ തയ്യാറില്ല. മർക്കട മുഷ്ടിയുമായി മുമ്പോട്ടുപോവുകയാണവർ. ഹൂദ് (അ) അവരെ പിന്നെയും ഉപദേശിച്ചു. എന്റെ ജനങ്ങളേ! നിങ്ങൾ ഒരുപാട് പാപങ്ങൾ ചെയ്തുകൂട്ടിയവരാണ്. ആ പാപങ്ങൾ പൊറുത്തു തരാൻ വേണ്ടി അല്ലാഹുﷻവിനോട് പ്രാർത്ഥിക്കൂ! പാപമോചനം തേടൂ! എങ്കിൽ അവൻ നിങ്ങൾക്ക് പൊറുത്തുതരും. ചെയ്തുപോയ പാപങ്ങളെയോർത്ത് നിങ്ങൾ പശ്ചാത്തപിക്കൂ! എങ്കിൽ അവൻ നിങ്ങൾക്ക് പൊറുത്തുതരും. നിങ്ങൾ ധിക്കാരികളാവാതിരിക്കൂ ...
മഴ വലിയ അനുഗ്രഹമാണ്. അല്ലാഹുﷻവാണ് മഴ വർഷിപ്പിക്കുന്നത്. അതുമൂലം നിങ്ങളുടെ കൃഷികൾ വർദ്ധിക്കുന്നു. നിങ്ങൾ ധാന്യങ്ങളും പഴവർഗ്ഗങ്ങളും ഉല്പാദിപ്പിക്കുന്നു. ഇതെല്ലാം കണ്ടിട്ടും നിങ്ങൾ അല്ലാഹുﷻവിന് നന്ദിരേഖപ്പെടുത്തുന്നില്ലേ..? നിങ്ങൾ കുറ്റവാളികളായിക്കൊണ്ട് തിരിഞ്ഞുകളയുകയാണോ..? എന്റെ സഹോദരങ്ങളേ! നിങ്ങളങ്ങനെ ചെയ്യരുത്. മനസ്സിൽ തട്ടുന്ന സ്വരത്തിലാണ് പ്രവാചകൻ സംസാരിക്കുന്നത്. എന്നിട്ടും അവരുടെ മനസ്സലിഞ്ഞില്ല...
വിശുദ്ധ ഖുർആൻ പറയുന്നു: "എന്റെ ജനങ്ങളേ! നിങ്ങൾ നിങ്ങളുടെ റബ്ബിനോട് പാപമോചനം തേടുകയും, പിന്നെ അവങ്കലേക്ക് പശ്ചാത്തപിക്കുകയും ചെയ്യുവീൻ! എന്നാൽ അവർ നിങ്ങൾക്ക് ആകാശത്തെ മഴയെ സമൃദ്ധമായി അയച്ചുതരുന്നതാണ്. നിങ്ങളുടെ ശക്തിയിലേക്ക് അവൻ കൂടുതൽ ശക്തി നൽകി വർദ്ധിപ്പിക്കുകയും ചെയ്യും. നിങ്ങൾ കുറ്റവാളികളായിക്കൊണ്ട് തിരിഞ്ഞു കളയുകയും ചെയ്യരുത്." (11:52)
അഹ്ഖാഫ് എന്ന പ്രദേശം അക്കാലത്ത് ബഹുദൈവാരാധനയുടെ കേന്ദ്രമായിരുന്നു. ആ പ്രദേശത്തുകാരെ അതിൽ നിന്ന് പിന്തിരിപ്പിക്കാൻ ഹൂദ് (അ) വളരെയേറെ ശ്രമങ്ങൾ നടത്തിനോക്കി. നിങ്ങൾ അല്ലാഹുﷻവിനെ ആരാധിക്കാൻ തുടങ്ങിയാൽ നിങ്ങളുടെ ശക്തി അല്ലാഹുﷻ ഇനിയും വർദ്ധിപ്പിച്ചുതരും. ഹൂദ് (അ) പലതവണ അവരെ ഉപദേശിച്ചു നോക്കി. തങ്ങളെക്കാൾ കയ്യൂക്കുള്ളവർ ആരുണ്ട്..! ഇതായിരുന്നു അവരുടെ ചോദ്യം ...
പാപമോചനം തേടണം. പശ്ചാത്തപിക്കണം. അങ്ങനെ ചെയ്താൽ അല്ലാഹുﷻ കൂടുതൽ അനുഗ്രഹങ്ങൾ നൽകും. ഈ ലോകത്തു വെച്ചു തന്നെ അനുഗ്രഹങ്ങൾ കിട്ടും. പരലോകത്ത് കണക്കില്ലാതെ കിട്ടും. പ്രവാചകൻ ഉപദേശം തുടർന്നു...