ഒരിക്കൽ നബി (സ) തങ്ങൾ ഇങ്ങനെ അരുൾ ചെയ്തു. "ആരെങ്കിലും പാപമോചനം തേടുകയെന്ന കാര്യം കൈവിടാതിരുന്നാൽ അവന് അല്ലാഹുﷻ എല്ലാ ഞെരുക്കത്തിൽ നിന്നും രക്ഷ നൽകുകയും എല്ലാ ദുഃഖങ്ങളിൽ നിന്നും മുക്തി നൽകുകയും ചെയ്യും. കണക്കാക്കാത്ത മാർഗത്തിലൂടെ അവന് അല്ലാഹുﷻ ഉപജീവന മാർഗ്ഗം നൽകുകയും ചെയ്യും." ഇബ്നു അബ്ബാസ് (റ) റിപ്പോർട്ട് ചെയ്ത ഹദീസ്.
ഇക്കാര്യം തന്നെയാണ് ഹൂദ് (അ) തന്റെ ജനതയെ അറിയിച്ചത്. അവർ അത് സ്വീകരിച്ചില്ല. ധിക്കാരപൂർവം തള്ളിക്കളഞ്ഞു. അവർ ഇത്രകൂടി പറഞ്ഞു: "നീ ഞങ്ങൾക്ക് വ്യക്തമായ ഒരു തെളിവും കൊണ്ടുവന്നിട്ടില്ല. നീ ഞങ്ങളുടെ ആരാധ്യവസ്തുക്കളെ തള്ളിപ്പറഞ്ഞിരിക്കുന്നു. നീ എന്തൊക്കെ പറഞ്ഞാലും ശരി, ഞങ്ങളവയെ ഉപേക്ഷിക്കുകയില്ല. നിന്റെ വാക്കുകളിൽ ഞങ്ങൾക്ക് വിശ്വാസവുമില്ല."
മനസ്സ് മടുപ്പിക്കുന്ന മറുപടി...
എത്ര ശക്തമായ പ്രതിരോധമുണ്ടായാലും ഹൂദ് (അ) ന് പിന്തിരിയാൻ പറ്റില്ല. അല്ലാഹുﷻവിന്റെ കല്പന അനുസരിക്കുകതന്നെ വേണം. ഹൂദ് (അ) അവരെ പിന്നേയും ഉപദേശിച്ചു കൊണ്ടിരുന്നു. അപ്പോൾ അവരും ഉപദേശം തുടങ്ങി. "ഹൂദ്, നിനക്ക് ശാപം പറ്റിപ്പോയി. എന്തുചെയ്യും? നീയെന്തിന് നമ്മുടെ ആരാധ്യ വസ്തുക്കളെ തള്ളിപ്പറഞ്ഞു. ആരാധ്യവസ്തുക്കളിൽ ഏതിന്റേയോ ശാപം നിനക്ക് പറ്റിയിരിക്കുന്നു. അത് നീക്കാൻ നോക്ക്...
ഹൂദ് (അ) ഇങ്ങനെ മറുപടി നൽകി: "നിങ്ങൾ പലതിനേയും ആരാധിക്കുന്നു. അതിൽ എനിക്ക് പങ്കില്ല. ഞാനതിൽ നിന്നൊഴിവാണ്. ഇതിന് അല്ലാഹുﷻ സാക്ഷി. നിങ്ങളും സാക്ഷി. ഞാൻ ഏകനായ അല്ലാഹുﷻവിനെ മാത്രം ആരാധിക്കുന്നു. അവനാണെന്റെ സംരക്ഷകൻ. ആദ് സമൂഹം രോഷംകൊണ്ടു. ഉപദേശംകൊണ്ട് യാതൊരു ഫലവുമില്ലെന്നവർക്ക് ബോധ്യമായി. ബലപ്രയോഗം തന്നെ വേണ്ടിവരും...
വിശുദ്ധ ഖുർആൻ വചനം കാണുക: "അവർ പറഞ്ഞു: ഹൂദ്..! നീ ഞങ്ങൾക്ക് വ്യക്തമായ ഒരു തെളിവും കൊണ്ടുവന്നിട്ടില്ല. നിന്റെ വാക്കിനാൽ ഞങ്ങളുടെ ആരാധ്യവസ്തുക്കളെ ഞങ്ങൾ ഉപേക്ഷിക്കുന്നവരുമല്ല. ഞങ്ങൾ നിന്നെ വിശ്വസിക്കുന്നവരുമല്ല." (11:53)
"ഞങ്ങളുടെ ആരാധ്യവസ്തുക്കളിൽ ചിലതിൽ നിന്ന് നിനക്ക് ചില തിന്മകൾ ബാധിച്ചിരിക്കുന്നുവെന്നല്ലാതെ ഞങ്ങൾ ഒന്നും പറയുന്നില്ല. അദ്ദേഹം പറഞ്ഞു: ഞാൻ അല്ലാഹുﷻവിനെ സാക്ഷ്യപ്പെടുത്തുന്നു. നിങ്ങളും സാക്ഷ്യം വഹിച്ചുകൊള്ളുവീൻ! നിങ്ങൾ പങ്ക് ചേർക്കുന്നതിൽ നിന്ന് ഞാൻ ഒഴിവായവനാണ്... (11:54)
അന്തരീക്ഷം ചൂടുപിടിക്കുകയാണ്. ഹൂദ് (അ) ദൃഢസ്വരത്തിൽ സംസാരിച്ചു. തന്റെ കാര്യത്തിൽ അവർ ഒരു പ്രതീക്ഷയും വെച്ചുപുലർത്തരുത്. താനാരാണെന്ന് അവർ ശരിക്ക് മനസ്സിലാക്കിക്കൊള്ളട്ടെ. അവരുടെ വിശ്വാസത്തിലേക്ക് താനൊരിക്കലും ചെല്ലില്ലായെന്ന് അവർ നന്നായി മനസ്സിലാക്കിക്കൊള്ളട്ടെ.