Wednesday - 22 April, 2026 4-Dhu al-Qadah-1447

ദൃഢപ്രഖ്യാപനം (2)

   അവർ തന്നെ ഒന്നാം നമ്പർ ശത്രുവായി പ്രഖ്യാപിക്കും. തന്നെ അപായപ്പെടുത്താൻ കുടില തന്ത്രങ്ങൾ പ്രയോഗിക്കും. കൊടും ചതിനടക്കും. അവർ ഒറ്റക്കെട്ടായി തനിക്കെതിരെ അണിനിരക്കും.  എല്ലാം നടക്കട്ടെ. അക്കാര്യം അങ്ങോട്ട് പറഞ്ഞേക്കാം. "ഹേ....ജനങ്ങളേ നിങ്ങളെല്ലാവരുംകൂടി എനിക്കെതിരായി തന്ത്രങ്ങൾ പ്രയോഗിച്ചുകൊള്ളുക. ഇനിയൊട്ടും താമസിക്കേണ്ട. നിങ്ങളുടെ തന്ത്രങ്ങളെല്ലാം നടക്കട്ടെ. എനിക്ക് അല്ലാഹുﷻ മതി. തീർച്ചയായും അവൻ മാത്രം മതി."  ശത്രുക്കളെ അമ്പരപ്പിക്കുന്ന പ്രഖ്യാപനം...


വിശുദ്ധ ഖുർആൻ വചനം നോക്കൂ!  "അവന് പുറമെ (നിങ്ങൾ ആരെയൊക്കെ വിളിച്ചു ആരാധിക്കുന്നുവോ അതിൽ നിന്നെല്ലാം ഞാൻ  ഒഴിവാണ് ). അതിനാൽ നിങ്ങൾ എല്ലാവരുംകൂടി എന്നോട് തന്ത്രം പ്രയോഗിച്ചു കൊള്ളുക. പിന്നെ നിങ്ങൾ എനിക്ക് താമസം നൽകേണ്ട." (11:55)


ഹൂദ് (അ) ഉപദേശം തുടർന്നു: "എന്റെ റബ്ബ് ഏകനാണ്. അവൻ എന്നെ സൃഷ്ടിച്ചു. നിങ്ങളെയും അവൻ തന്നെ സൃഷ്ടിച്ചു. അങ്ങനെയുള്ള റബ്ബിൽ ഞാൻ ഭാരമേൽപിക്കുന്നു. എനിക്കാശ്വാസമായി ഭാരമേൽപിക്കുന്നവരെ അവൻ കൈവെടിയുകയില്ല. എനിക്കവൻ മതി...


വിശുദ്ധ ഖുർആൻ പറയുന്നു : "നിശ്ചയമായും എന്റെ റബ്ബും നിങ്ങളുടെ റബ്ബുമായ അല്ലാഹുﷻവിന്റെ മേൽ ഞാൻ ഭാരമേൽപിച്ചിരിക്കുന്നു. ഒരു ജീവിയും തന്നെയില്ല അല്ലാഹുﷻ അതിനെ അടക്കി ഭരിക്കുന്നവനായിട്ടല്ലാതെ. നിശ്ചയമായും എന്റെ റബ്ബ് ചൊവ്വായ പാതയിലാകുന്നു." (11:56)


എതിർപ്പുകൾ വർദ്ധിച്ചുവരികയാണ്. എന്നിട്ടും ഉപദേശം തുടർന്നു കൊണ്ടിരുന്നു. സകല ജീവികളെയും സൃഷ്ടിച്ചത് അല്ലാഹുﷻവാകുന്നു. അവയ്ക്ക് ആഹാരം നൽകുന്നതും അവൻ  തന്നെ. അവനറിയാതെ ഒരു ജീവിയും ഒരു ചലനവും നടത്തുന്നില്ല...


ഇതെല്ലാം കേട്ടിട്ടും നിങ്ങൾ തിരിഞ്ഞു കളയുകയാണോ..? അല്ലാഹുﷻവിന്റെ മാർഗ്ഗത്തിൽ നിന്നും നിങ്ങൾ ഓടിയകലുകയാണോ..? എങ്കിൽ ഞാനൊരു കാര്യം പറഞ്ഞേക്കാം. ഞാൻ എന്റെ ദൗത്യം നിർവഹിച്ചിരിക്കുന്നു. അല്ലാഹുﷻ ഏതൊരു സന്ദേശം നിങ്ങൾക്കെത്തിച്ചു തരാൻ എന്നോട് കല്പിച്ചുവോ അത് ഞാൻ എത്തിച്ചു തന്നിരിക്കുന്നു.  അല്ലാഹുﷻ എല്ലാ തന്ത്രവും അറിയുന്നവനാണ്. അപാര ശക്തിയുള്ളവനാണ്. നിങ്ങൾക്കവനെ ഒന്നും ചെയ്യാനാവില്ല. നിങ്ങൾക്കു പകരം മറ്റൊരു ജനതയെ ഇവിടെ കൊണ്ടുവരാൻ അവനൊരു പ്രയാസവുമില്ല...


വിശുദ്ധ ഖുർആൻ വചനം കാണുക: "നിങ്ങൾ തിരിഞ്ഞു കളയുകയാണെങ്കിൽ, എന്നെ നിങ്ങളിലേക്ക് ഏതൊന്നുമായി അയക്കപ്പെട്ടിരിക്കുന്നുവോ. അത് നിങ്ങൾക്ക് ഞാൻ എത്തിച്ചു തന്നിട്ടുണ്ട്. എന്റെ റബ്ബ് നിങ്ങളല്ലാത്ത ഒരു ജനതയെ (നിങ്ങൾക്കു പകരം) പിന്നാലെ കൊണ്ടു വരികയും ചെയ്യും. നിങ്ങൾ അവന് യാതൊരു ഉപദ്രവവും ചെയ്യുകയില്ല. നിശ്ചയമായും എന്റെ റബ്ബ് എല്ലാ വസ്തുക്കളെയും കാത്തുസൂക്ഷിക്കുന്നവനാകുന്നു." (11:57)