സകല സത്യവിശ്വാസികൾക്കും വിശ്വാസിനികൾക്കും വേണ്ടി നൂഹ് (അ) പ്രാർത്ഥിച്ചിട്ടുണ്ട്. നൂഹ് (അ)ന്റെ വീട്ടിൽ സത്യവിശ്വാസികളായി വന്നവർക്കുവേണ്ടി പ്രത്യേകം എടുത്തുപറഞ്ഞുകൊണ്ട് പ്രാർത്ഥിച്ചിട്ടുണ്ട്. വിശുദ്ധ ഖുർആനിൽ സൂറത്തുന്നൂഹിൽ ഇങ്ങനെ കാണാം: (നൂഹ് പ്രാർത്ഥിച്ചു)
رَّبِّ اغْفِرْ لِي وَلِوَالِدَيَّ وَلِمَن دَخَلَ بَيْتِيَ مُؤْمِنًا وَلِلْمُؤْمِنِينَ وَالْمُؤْمِنَاتِ وَلَا تَزِدِ الظَّالِمِينَ إِلَّا تَبَارًا
"എന്റെ റബ്ബേ എനിക്കും എന്റെ മാതാപിതാക്കൾക്കും എന്റെ വീട്ടിൽ സത്യവിശ്വാസിയായിക്കൊണ്ട് പ്രവേശിച്ചവർക്കും സത്യവിശ്വാസികൾക്കും സത്യവിശ്വാസിനികൾക്കും പൊറുത്തുതരേണമേ അക്രമികൾക്ക് നാശനഷ്ടമല്ലാതെ നീ വർദ്ധിപ്പിക്കുകയും ചെയ്യരുതേ!" (71:28)
നൂഹ് (അ)ന്റെ പ്രാർത്ഥന ലഭിച്ച അനുയായികളുടെ സന്താന പരമ്പരയിൽ ബിംബാരാധന വന്നുചേർന്നു. ആദ്യം വന്നത് ആദ് സമൂഹത്തിൽ തന്നെ. ബിംബാരാധന അവസാനിപ്പിക്കാനും ഏകദൈവ വിശ്വാസം ഉണ്ടാക്കാനുമാണ് ഹൂദ് (അ) ശ്രമിച്ചത്. സത്യനിഷേധികൾ ജനങ്ങളെ സത്യം മനസ്സിലാക്കാൻ അനുവദിക്കുകയില്ല. അവരെ തടയും. പണം കൊടുത്ത് വശത്താക്കും. എല്ലാ കാലത്തും ഇത് നടന്നിട്ടുണ്ട്...
സാധാരണക്കാർ പ്രവാചകനെ കാണരുത്. പ്രവാചകൻ പറയുന്നത് കേൾക്കരുത്. ഇതാണവരുടെ ലക്ഷ്യം . പ്രവാചകൻ പറയുന്നത് കേട്ടാൽ സാധാരണക്കാർ ചിന്തിക്കും. കാര്യം മനസ്സിലാക്കും. സത്യത്തിലേക്കു നീങ്ങും. ഈ അവസ്ഥ ഇല്ലായ്മ ചെയ്യണം. അതിനുവേണ്ടി അവർ പണം ചെലവഴിക്കുന്നു. ഈ വഴിയിൽ ചെലവഴിച്ച സമ്പത്ത് ഫലശൂന്യമായി ഒഴികിപ്പോയിരിക്കുന്നു.
സത്യം തന്നെയാണ് ഒടുവിൽ ജയിക്കുക. അതോടെ സത്യനിഷേധികളുടെ നാശം സംഭവിക്കും. എല്ലാം അവർക്ക് നഷ്ടം തന്നെ...
വിശുദ്ധ ഖുർആനിൽ ഇങ്ങനെ കാണാം:
"തീർച്ചയായും സത്യനിഷേധികൾ അല്ലാഹുﷻവിന്റെ മാർഗത്തിൽ നിന്ന് ആളുകളെ തടയുവാൻ വേണ്ടി തങ്ങളുടെ സ്വത്തുക്കൾ ചെലവഴിക്കുന്നു. അവരത് ചെലവഴിച്ചുകൊണ്ടിരിക്കും പിന്നെ അവർക്കത് ഖേദമായിത്തീരുകയും ചെയ്യും. പിന്നീട് അവർ ജയിച്ചടക്കപ്പെടുകയും ചെയ്യും. സത്യനിഷേധികൾ നരകത്തിൽ ഒരുമിച്ചുകൂട്ടപ്പെടുകയും ചെയ്യും..." (8:36)
അല്ലാഹുﷻവിനെ കുറിച്ചു വളരെ ലളിതമായ രീതിയിൽ ജനങ്ങൾക്ക് വിവരിച്ചു കൊടുക്കണം. അതാണ് പ്രവാചകന്മാർ ചെയ്തത്. അല്ലാഹുﷻവിനെ ഇങ്ങനെ പരിചയപ്പെടുത്താം. "നിശ്ചയമായും അല്ലാഹുﷻ-ആകാശങ്ങളുടെയും ഭൂമിയുടെയും രാജാധികാരം അവനുള്ളതാകുന്നു. അവൻ ജീവിപ്പിക്കുകയും മരണപ്പെടുത്തുകയും ചെയ്യുന്നു-അല്ലാഹുﷻവിന് പുറമെ നിങ്ങൾക്ക് ഒരു കൈകാര്യകർത്താവോ സഹായകനോ ഇല്ല..." (9:116)
അല്ലാഹു എല്ലാറ്റിനും കഴിവുള്ളവൻ. നമുക്ക് കൈകാര്യകർത്താവായി അവൻ മതി. സഹായി എന്ന നിലയിലും അവൻ മതി...