Wednesday - 22 April, 2026 4-Dhu al-Qadah-1447

നല്ല സഹായി (1)

   ഹൂദ് (അ) നെ ചരിത്രം  വളരെ നന്നായി വർണ്ണിച്ചിട്ടുണ്ട്. ഗോതമ്പ് വർണ്ണമുള്ള സുമുഖനായിരുന്നു. ശരീരത്തിൽ ധാരാളം രോമങ്ങളുണ്ടായിരുന്നു. ഉദാരമതിയും കൃപാലുവുമായിരുന്നു. ആദ് സമൂഹത്തെ രണ്ട് വിഭാഗമായി കണക്കാക്കപ്പെടുന്നു. പഴയ ആദു വംശക്കാർ, പിൽക്കാലക്കാരായ ആദുകാർ. പഴയ കാല ആദുകാരിലേക്ക് ഹൂദ് (അ) നബിയായി നിയോഗിക്കപ്പെട്ടു. അക്കാലത്ത് ആദുകാർ പതിമൂന്ന് ഗോത്രക്കാരായിരുന്നു. ഇവരുടെ രാജാവായിരുന്നു ആദ്...


ആദ് രാജാവ് ആയിരത്തി ഇരുനൂറ് കൊല്ലം ജീവിച്ചിരുന്നുവെന്ന് കാണുന്നു. പഴയ ആദ് വംശത്തെയാണ് ഇറമ് ഗോത്രം എന്നു പറയുന്നത്. ഏദന് സമീപമുള്ള ഇറമിൽ ഇവർ താമസിച്ചു. പല  പണ്ഡിതന്മാരും ഈ വിധത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. പിൽക്കാല ആദുകാരുടെ വാസസ്ഥലം യമനിലെ അഹ്ഖാഫ് പ്രദേശമായിരുന്നു. ഇവരും ആദിന്റെ വംശപരമ്പര തന്നെയാണ്.  രണ്ട് കൂട്ടരിലേക്കും നിയോഗിക്കപ്പെട്ട പ്രവാചകനായിരുന്നു ഹൂദ് (അ). 


എൺപത് അടിവരെ ഉയരമുള്ളവർ അവരുടെ കൂട്ടത്തിലുണ്ടായിരുന്നുവെന്ന് പറയപ്പെട്ടിട്ടുണ്ട്... 


ബലിഷ്ഠഗാത്രന്മാരായിരുന്നു. അവരുടെ ശിരസ്സ് ഗോപുരം പോലെയായിരുന്നു. ഒട്ടകമായിരുന്നു സമ്പത്ത്. ഒട്ടകങ്ങളുടെ എണ്ണം നോക്കി സാമ്പത്തിക നില കണക്കാക്കാം. ഓട്ടകത്തെ വേവിച്ച് രാവിലെയും വൈകുന്നേരവും നന്നായി ഭക്ഷിച്ചിരുന്നു.  മറ്റു മൃഗങ്ങളെയും പക്ഷികളെയും. ഭക്ഷിച്ചിരുന്നു. അതൊക്കെ ലഘുഭക്ഷണമായേ കണക്കാക്കിയിരുന്നുള്ളൂ. അവരുടെ പ്രധാന ആരാധ്യദേവത അഗ്നിയായിരുന്നു. അഗ്നിദേവതയെ പ്രസാദിപ്പിക്കാൻ പ്രത്യേക വഴിപാടുകൾ നടത്തിയിരുന്നു. മഴയെ നൽകുന്ന ദേവതക്കാണ് പിന്നത്തെ സ്ഥാനം. സഞ്ചാര സമയത്ത് രക്ഷ നൽകുന്ന മറ്റൊരു ദേവതയുണ്ട് അതിനും മുഖ്യ സ്ഥാനം തന്നെ...  


പ്രാവ് വളർത്തൽ പ്രധാന വിനോദമായിരുന്നു. അവയെ ഉയരത്തിൽ പറക്കാൻ പരിശീലിപ്പിക്കും പ്രാവ് പന്തയം നടത്തും. അത് കാണാൻ നിരവധി പേർ തടിച്ചു കൂടും. അത്യാവശ്യം സാമ്പത്തിക ശേഷിയും ഒഴിവു സമയവുമുള്ള ജനങ്ങളുടെ വിനോദമാണ് പ്രാവ് വളർത്തൽ. അതിന് തീറ്റ കൊടുക്കാനും അത് പറന്നുയരുന്നത് നോക്കിരസിക്കാനും അവർ വളരെയേറെ സമയം ചെലവഴിക്കുന്നു. സ്വന്തം പ്രാവുകളുടെ മഹിമ വാഴ്ത്തിപ്പറയലും മനുഷ്യ സ്വഭാവത്തിൽ പെട്ടതാകുന്നു... 


പ്രളയത്തിനു ശേഷം ബിംബാരാധന തുടങ്ങിയത് ആദ് സമൂഹക്കാരാവുന്നു. പ്രളയം കഴിഞ്ഞപ്പോൾ ഏകദൈവ വിശ്വാസികളാണ് കപ്പലിൽ നിന്നിറങ്ങിവന്നത് അവർ. നൂഹ് നബി (അ) ന്റെ സന്ദേശമനുസരിച്ചാണ് ജീവിച്ചത്.