ആദ് സമൂഹത്തിന് വമ്പിച്ച കാലാൾപടയും അശ്വസേനയും ഉണ്ടായിരുന്നു. യമൻ മുതൽ ഫലസ്തീൻ വരെ അത് വ്യാപിച്ചു കിടന്നിരുന്നു. ശത്രുക്കളെ അവർ ഹീനമായാണ് ശിക്ഷിച്ചിരുന്നത്. തങ്ങൾക്കിഷ്ടമില്ലാത്തവരെയെല്ലാം നിർദയം മർദ്ദിക്കുമായിരുന്നു. യുദ്ധത്തിൽ പിടിച്ചെടുത്ത ബന്ദികളെയെല്ലാം അടിമകളാക്കി മർദ്ദിച്ചു. കഠിനമായി ജോലി ചെയ്യിച്ചു. ആദ് സമൂഹത്തിൽ പെട്ടവർക്ക് കായിക ശേഷി കാരണം കഠിന ജോലികൾ ചെയ്യാൻ കഴിഞ്ഞിരുന്നു. മറ്റുള്ളവർക്ക് അവരെപ്പോലെ ജോലി ചെയ്യാനാവില്ല. അപ്പോൾ നിർദ്ദയം മർദ്ദിക്കും..
അവരുടെ ഈ സ്വഭാവത്തെക്കുറിച്ചുള്ള ഖുർആൻ പ്രയോഗം വളരെ ശ്രദ്ധേയമാണ്
وَإِذَا بَطَشْتُم بَطَشْتُمْ جَبَّارِينَ
(നിങ്ങൾ വല്ലവരെയും ഊക്കോടെ പിടികൂടുകയാണെങ്കിൽ നിഷ്ഠൂരന്മാരായി പിടികൂടുകയും ചെയ്യും.)
ഈ സ്വഭാവമുള്ള ഒരു സമൂഹത്തിന് അല്ലാഹുﷻ നൽകാൻ പോകുന്ന ശിക്ഷ എത്ര ഭയാനകമായിരിക്കും...
വിശുദ്ധ ഖുർആൻ പറയുന്നു: "അങ്ങനെ അവർ അദ്ദേഹത്തെ നിഷേധിച്ചു. അപ്പോൾ അവരെ നാം നശിപ്പിച്ചു. നിശ്ചയമായും അതിൽ വലിയ ദൃഷ്ടാന്തമുണ്ട്. പക്ഷെ, അവരിൽ അധികമാളുകളും വിശ്വസിക്കുന്നവരായിട്ടില്ല." (26:139)
ആദ് സമൂഹത്തെ ബാധിച്ച ദുർഗുണങ്ങൾ ഖുർആൻ വ്യാഖ്യാതാക്കൾ എടുത്തു പറയുന്നുണ്ട്. പടുകൂറ്റൻ കെട്ടിടങ്ങളുടെ നിർമ്മാണം. തങ്ങളാണ് ഏറ്റവും ഉന്നതന്മാർ എന്ന് തോന്നിപ്പിക്കുന്ന കെട്ടിടങ്ങൾ. അല്ലാഹുﷻവിനെ നിഷേധിക്കുക. ഏക ഇലാഹിൽ വിശ്വസിക്കുന്നില്ല. ബിംബാരാധനയിൽ വലിയ താത്പര്യം. മറ്റുള്ളവരെ അതിക്രൂരമായി ശിക്ഷിച്ചു. ദുനിയാവിനോടുള്ള അടങ്ങാത്ത മോഹം അവരുടെ മനസ്സിനെ അടക്കിഭരിച്ചു. അതുകാരണം അവർക്ക് സത്യത്തിന്റെ പ്രകാശം ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. അന്ത്യപ്രവാചകനായ മുഹമ്മദ് മുസ്തഫ (സ) തങ്ങൾക്ക് രണ്ട് വിശേഷണങ്ങൾ പറയാറുണ്ട്. 1. ബശീർ 2. നദീർ
അല്ലാഹുﷻവിന്റെ കല്പനകൾ അനുസരിച്ചു ജീവിക്കുന്നവർക്ക് സന്തോഷവാർത്ത അറിയിക്കുന്ന ബശീർ.
അല്ലാഹുﷻവിന്റെ കല്പന ധിക്കരിച്ച് ജീവിക്കുന്ന അഹങ്കാരികൾക്ക് മുന്നറിയിപ്പ് നൽകുന്ന നദീർ.
ഹൂദ് നബി (അ) ഈ രണ്ട് മാർഗ്ഗവും അവലംബിച്ചിട്ടുണ്ട്. അല്ലാഹുﷻ നൽകിയതും, ഇനി നൽകാൻ പോകുന്നതുമായ അനുഗ്രഹങ്ങൾ വിവരിച്ചു കൊണ്ട് സന്തോഷവാർത്ത അറിയിച്ചു. കൃഷി, തോട്ടങ്ങൾ, അരുവികൾ, നാൽക്കാലികൾ തുടങ്ങിയ അനുഗ്രഹങ്ങൾ വിവരിച്ചു. കായികശക്തി, നിർമ്മാണ ചാതുരി എന്നിവയും വർണ്ണിച്ചു. ഇവയെല്ലാം നൽകിയ അല്ലാഹുﷻവിനെ ആരാധിക്കാൻ ഉപദേശിച്ചു. അവർ ഉപദേശം തള്ളിക്കളഞ്ഞു. അല്ലാഹുﷻ ഭയാനകമായ ശിക്ഷ ഇറക്കുമെന്ന് മുന്നറിയിപ്പ് നൽകി. പരലോക ശിക്ഷയെക്കുറിച്ച് പറഞ്ഞു കൊടുത്തു. അവർ അതെല്ലാം നിഷേധിച്ചു കളഞ്ഞു...
സൂറത്തുൽ മുഅ്മിനൂൻ ആദ് സമൂഹത്തിന്റെ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്നുണ്ട്. നൂഹ് (അ) ന്റെ കാലത്തുണ്ടായ വെള്ളപ്പൊക്കത്തിൽ ധിക്കാരികളായ ജനത നശിപ്പിക്കപ്പെട്ടു. അവർക്കു പകരം വന്ന ജനതയാണ് ആദ് സമൂഹം. അവരുടെ ഒരു സഹോദരനെ നബിയായി നിയോഗിച്ചുകൊണ്ട് അല്ലാഹുﷻ അവരെ അനുഗ്രഹിച്ചു...
സൂറത്തുൽ മുഅ്മിനൂന്റെ വിവരണം നോക്കൂ...
"പിന്നീട് അവരുടെ ശേഷം നാം മറ്റൊരു ജനതയെ ഉൽഭവിപ്പിച്ചു." (23:31)
"എന്നിട്ട് അവരിൽ നിന്നുതന്നെയുള്ള ഒരു റസൂലിനെ നാം അയച്ചു. നിങ്ങൾ അല്ലാഹുﷻവിനെ മാത്രം ആരാധിക്കുവീൻ നിങ്ങൾക്ക് അവനല്ലാതെ ഒരു ആരാധ്യനുമില്ല. അതിനാൽ നിങ്ങൾ സൂക്ഷിക്കുന്നില്ലേ. (എന്ന് അദ്ദേഹം പറഞ്ഞു)" (23:32)