നിങ്ങൾ അല്ലാഹുﷻവിനെ അനുസരിച്ചു ജീവിക്കണമെന്ന് ഹൂദ് (അ) അവരോട് ഉപദേശിച്ചു. അപ്പോൾ ജനനേതാക്കൾ രംഗത്തിറങ്ങി. അവർ ആളുകളോടിങ്ങനെ പറഞ്ഞു:" ഇവൻ നിങ്ങളെപ്പോലുള്ള ഒരു മനുഷ്യൻ മാത്രം. നിങ്ങൾ ഭക്ഷിക്കുന്നത് അവനും ഭക്ഷിക്കുന്നു. നിങ്ങൾ കുടിക്കുന്നത് അവനും കുടിക്കുന്നു. ഇവൻ പറയുന്നതൊന്നും നിങ്ങൾ കാര്യമായി എടുക്കേണ്ട."
ഖുർആൻ പറയുന്നത് നോക്കൂ: "അദ്ദേഹത്തിന്റെ ജനതയിൽ നിന്ന്, സത്യത്തെ നിഷേധിക്കുകയും പരലോകത്തെ കാണുന്നതിനെ വ്യാജമാക്കുകയും, ഐഹിക ജീവിതത്തിൽ നാം സൗഖ്യം നൽകുകയും ചെയ്തിട്ടുള്ള പ്രമുഖന്മാരുടെ സംഘം പറഞ്ഞു: ഇവൻ നിങ്ങളെപ്പോലെയുള്ള മനുഷ്യൻ എന്നല്ലാതെ മറ്റൊന്നുമല്ല. നിങ്ങൾ ഭക്ഷിക്കുന്നതിൽ നിന്ന് അവൻ ഭക്ഷിക്കുകയും നിങ്ങൾ കുടിക്കുന്നതിൽ നിന്ന് അവൻ കുടിക്കുകയും ചെയ്യുന്നു. " (23:33)
ആ നേതാക്കന്മാർ ജനങ്ങളോട് സൂത്രം പ്രയോഗിച്ചു. അവർ ചോദിച്ചു: "നിങ്ങളെപ്പോലെയുള്ള ഒരു മനുഷ്യനെ നിങ്ങൾ അനുസരിക്കുകയോ..? മോശം." ഖുർആന്റെ വാക്കുകൾ കാണുക :
"നിങ്ങളെപ്പോലെയുള്ള ഒരു മനുഷ്യനെ നിങ്ങൾ അനുസരിക്കുകയാണെങ്കിൽ നിശ്ചയമായും അപ്പോൾ നിങ്ങൾ നഷ്ടക്കാർ തന്നെയാകുന്നു." (23:34)
നേതാക്കൾ പറഞ്ഞ മറ്റൊരു കാര്യം ഇതാകുന്നു. നിങ്ങൾ മരിച്ച് മണ്ണും എല്ലുമായി കഴിഞ്ഞിട്ട് വീണ്ടും ജീവൻ നൽകി പുറത്തുകൊണ്ടുവരുമെന്നാണിവൻ പറയുന്നത്. ഇതിനെക്കുറിച്ചാണിവൻ താക്കീത് നൽകുന്നത്. ഇല്ല, ഇല്ല ഇവൻ താക്കീത് നൽകുന്ന കാര്യം വളരെ വിദൂരം വിദൂരം.
هَيْهَاتَ هَيْهَاتَ لِمَا تُوعَدُونَ
ഖുർആൻ പറയുന്നതിങ്ങനെ: "നിങ്ങൾ മരിച്ച് മണ്ണും എല്ലുമായിത്തീർന്നാലും നിങ്ങൾ വീണ്ടും പുറത്ത് കൊണ്ടുവരപ്പെടുന്നവരാണെന്ന് ഇവൻ നിങ്ങളോട് താക്കീത് നൽകുന്നുവോ?" (23:35)
"നിങ്ങളോട് താക്കീത് നൽകപ്പെടുന്ന കാര്യം വളരെ വിദൂരം വിദൂരം." (23:36)
"ജീവിതമെന്നത് നമ്മുടെ ഐഹിക ജീവിതമല്ലാതെ മറ്റൊന്നുമല്ല. നാം മരിക്കുന്നു (അതിന് മമ്പെ) ജീവിക്കുന്നു. നാം ഉയിത്തെഴുന്നേൽപ്പിക്കുന്നവരല്ല." (23:37)
"ഇവൻ അല്ലാഹുﷻവിന്റെ മേൽ വ്യാജം കെട്ടിച്ചമക്കുന്ന ഒരു പുരുഷനല്ലാതെ മറ്റൊന്നുമല്ല നാം അവനെ വിശ്വസിക്കുന്നവരല്ല" (23:38)
എത്രയൊക്കെ ശ്രമിച്ചിട്ടും ആ വർഗ്ഗം നന്നായില്ല. വളരെ കുറച്ചു പേർ വിശ്വസിച്ചു. ഒടുവിൽ ഹൂദ് (അ) അല്ലാഹുﷻവിന്റെ സഹായം തേടി പ്രാർത്ഥിച്ചു.
"അദ്ദേഹം പറഞ്ഞു: റബ്ബേ ഇവർ എന്നെ കളവാക്കി അതുകൊണ്ട് നീ എന്നെ സഹായിക്കേണമേ" (23:39)
അല്ലാഹുﷻ പറഞ്ഞു: നിശ്ചയമായും അൽപകാലം കൊണ്ട് അവർ ഖേദിക്കുന്നവരായിത്തീരുന്നതാണ്." (23:40)
"അങ്ങനെ നീതി മുറയനുസരിച്ച് ഒരു കഠോര ശബ്ദം അവരെ പിടികൂടി. എന്നിട്ട് നാം അവരെ ചണ്ടിയാക്കി നശിപ്പിച്ചു കളഞ്ഞു. ആയതിനാൽ അതിക്രമികളായ ജനത കാരുണ്യത്തിൽ നിന്ന് വിദൂരമാക്കപ്പെട്ടു." (23:41)"പിന്നീട് അവരുടെ ശേഷം പല തലമുറകളെയും നാം ഉത്ഭവിപ്പിച്ചു." (23:42)
"ഒരു സമുദായവും തന്നെ അതിന്റെ അവധിയെ മുൻകടക്കുന്നതല്ല. (അവധിക്ക്) പിന്നിലായിപ്പോകുന്നതുമല്ല."(23:43)
"പിന്നീട് നാം ദൂതന്മാരെ തുടരെത്തുടരെ അയച്ചുകൊണ്ടിരുന്നു. ഓരോ സമുദായത്തിനും അതിന്റെ ദൂതൻ വരുമ്പോഴെല്ലാം അവർ അദ്ദേഹത്തെ വ്യാജമാക്കുകയാണ് ചെയ്തത്. അങ്ങനെ അവരിൽ ചിലരെ ചിലരോട് നാം അനുഗമിപ്പിച്ചു (ഒന്നിനു ശേഷം ഒന്നായി നശിപ്പിച്ചു) അവരെ മുഴുവൻ നാം കഥാവിഷയങ്ങളാക്കുകയും ചെയ്തു. അപ്പോൾ വിശ്വസിക്കാത്ത ജനത (കാരുണ്യത്തിൽ നിന്ന്)എത്ര വിദൂരം... (23:44)