Wednesday - 22 April, 2026 4-Dhu al-Qadah-1447

സത്യനിഷേധികൾ (2)

   അല്ലാഹുﷻ അവരോട് ചോദിച്ചതിങ്ങനെയായിരുന്നു. "നിങ്ങൾ നിത്യവാസം ചെയ്തേക്കാമെന്ന ഭാവത്തിൽ വൻ കെട്ടിടങ്ങൾ നിർമ്മിക്കുകയും ചെയ്യുന്നു." (26:129)

സ്വന്തം കായബലത്തിൽ അവർക്ക് അമിതമായ വിശ്വാസമായിരുന്നു. മറ്റുള്ളവരുടെ മുമ്പിൽ അവർ കയ്യൂക്ക് കാണിച്ചു. ധിക്കാരികളെയും സ്വേച്ഛാധികാരികളെയും പോലെയുള്ള കയ്യൂക്കാണവർ കാണിച്ചത്...


വിശുദ്ധ ഖുർആൻ പറയുന്നു  : "നിങ്ങൾ കയ്യൂക്ക് നടത്തുകയാണെങ്കിൽ, നിഷ്ഠൂരന്മാരായ നിലയിൽ കയ്യൂക്ക് നടത്തുകയും ചെയ്യുന്നു. " (26:130)

ശിക്ഷിക്കപ്പെടേണ്ട പല ദുർഗുണങ്ങളും നിങ്ങളിലുണ്ട്. എന്നാലും നിങ്ങൾക്ക് രക്ഷപ്പെടാൻ മാർഗമുണ്ട്. അല്ലാഹുﷻവിനെ സൂക്ഷിക്കുക. എന്നെ അനുസരിക്കുക. ഇതാണ് നന്നാവാനുള്ള മാർഗ്ഗം. രക്ഷയുടെ  മാർഗ്ഗവും. അത് മാത്രം കായബലം ഒന്നിനും പരിഹാരമല്ല...


വിശുദ്ധ ഖുർആൻ ശ്രദ്ധിക്കൂ..... 

"അതുകൊണ്ട് നിങ്ങൾ അല്ലാഹുﷻവിനെ സൂക്ഷിക്കുകയും, എന്നെ അനുസരിക്കുകയും ചെയ്യുവീൻ" (26:131)

"നിങ്ങൾക്കറിയാവുന്ന അനുഗ്രഹങ്ങൾ ചെയ്തു തന്നുകൊണ്ട് നിങ്ങളെ സഹായിച്ച അല്ലാഹുﷻവിനെ സൂക്ഷിച്ചു കൊള്ളുക. "(26:132)

"കന്നുകാലികളെയും (ആട്, മാട്, ഒട്ടകങ്ങൾ) സന്താനങ്ങളെയും കൊണ്ട് അവൻ നിങ്ങൾക്ക് സഹായം നൽകിയിരിക്കുന്നു. (26:133)


തോട്ടങ്ങൾ കൊണ്ടും നീരുറവകൾ കൊണ്ടും (അല്ലാഹുﷻ സഹായം നൽകിയിരിക്കുന്നു. (26:134)

"നിശ്ചയമായും ഒരു വമ്പിച്ച ദിവസത്തിലെ ശിക്ഷ നിങ്ങളുടെ മേൽ ഞാൻ ഭയപ്പെടുന്നു" (26:135)

ആദ് സമൂഹം വിദൂര രാജ്യങ്ങളുമായിട്ടുവരെ വ്യാപാരബന്ധം സ്ഥാപിച്ചിരുന്നു. ഇന്ത്യ, തുർക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ വന്ന് സാധനങ്ങൾ വാങ്ങിക്കൊണ്ടുപോയിരുന്നു...  


കൊട്ടാരങ്ങൾ പണിതുയർത്തി. ധനവാന്മാർ അത്തരം കൊട്ടാരങ്ങളിൽ താമസിച്ചു. നിരവധി മണിമന്ദിരങ്ങളുണ്ടാക്കി. അണക്കെട്ടുകളുണ്ടാക്കി. വമ്പിച്ച അളവിൽ വെള്ളം ശേഖരിച്ചുവെച്ചു. അരുവികളിലൂടെ ഒഴുക്കി. കൃഷിസ്ഥലങ്ങൾ ജലസേചനം നടത്തി. ആവശ്യമുള്ളതിന്റെ എത്രയോ ഇരട്ടി ധാന്യം ഉല്പാദിപ്പിച്ചു. പലതരം പഴങ്ങൾ വിളയിച്ചു. ധാന്യവും പഴവർഗ്ഗങ്ങളും പല രാജ്യങ്ങളിലുമെത്തിച്ചു ഒഴിഞ്ഞുകിടക്കുന്ന ഒരു കുന്നും വെറുതെയിട്ടില്ല. അതിനു മുകളിൽ കൊട്ടാരവും സ്തൂപങ്ങളും സ്ഥാപിച്ചു. വിഗ്രഹാരാധന വളരെ ശക്തിപ്പെട്ടു.  ഹൂദ് (അ)അവരെ അതിൽ നിന്ന് തടയാൻ ശ്രമിച്ചു. നന്നായി ഉപദേശിച്ചു. ശിക്ഷ വരുമെന്ന് മുന്നറിയിപ്പ് നൽകി. അവരുടെ പ്രതികരണം ഇങ്ങനെയായിരുന്നു... 


ഹൂദ് നിന്റെ ശ്രമം വെറുതെയാണ്. നീ സദുപദേശം നൽകിയാലും ഇല്ലെങ്കിലും ഞങ്ങൾക്കൊരുപോലെയാണ്.  ഞങ്ങൾ നിന്നെ അനുസരിക്കാൻ പോവുന്നില്ല.  നീ മുന്നറിയിപ്പ് നൽകിയ ശിക്ഷയില്ലേ. അത് ഞങ്ങൾ തള്ളിക്കളയുന്നു. അങ്ങനെയൊരു ശിക്ഷ വരുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നില്ല. മരണാനന്തര ജീവിതത്തെക്കുറിച്ചും നീ പറഞ്ഞു മരണാനന്തരം ഞങ്ങൾ ശിക്ഷിക്കപ്പെടുമെന്നാണ് നീ പറഞ്ഞത്. അതും ഞങ്ങൾ അവജ്ഞയോടെ തള്ളിക്കളയുന്നു...


ധിക്കാരം എല്ലാ പരിധികളും വിട്ടുകഴിഞ്ഞു. പരലോക ജീവിതംവരെ നിഷേധിച്ചു കളഞ്ഞു അവരുടെ ധിക്കാരപൂർണ്ണമായ വചനങ്ങൾ വിശുദ്ധ ഖുർആൻ ഉദ്ധരിക്കുന്നത് കാണുക :

"അവർ പറഞ്ഞു: നീ സദുപദേശം ചെയ്യലും, നീ സദുപദേശകന്മാരിൽ പെടാതിരിക്കലും ഞങ്ങൾക്ക് സമമാണ്." (26:136). വിഗ്രഹാരാധന പൂർവ്വികന്മാരുടെ നടപടിയാണെന്ന് അവർ അവകാശപ്പെട്ടു. പൂർവ്വികർ ചെയ്തതിനാൽ പുണ്യമാണെന്നും കരുതി. 


വിശുദ്ധ ഖുർആൻ പറയുന്നു: "ഇത് പൂർവ്വികന്മാരുടെ നടപടി സമ്പ്രദായം മാത്രമാകുന്നു "(26:137)

"ഞങ്ങൾ (മരണാനന്തരം) ശിക്ഷിക്കപ്പെടുന്നവരല്ലതന്നെ." (26:138)