Wednesday - 22 April, 2026 4-Dhu al-Qadah-1447

ധിക്കാരികൾ (2)

   അവർക്ക് പകരം വന്ന ജനതയാണ് നിങ്ങൾ. നിങ്ങളും അവരെ പിന്തുടരുകയാണോ? നിങ്ങളും അവരെപ്പോലെ ധിക്കാരം കാണിക്കുകയാണോ..?


നിങ്ങളെ അവൻ കൂടുതൽ ശക്തന്മാരാക്കി അയച്ചു. മറ്റുള്ളവരെക്കാൾ പൊക്കവും ശക്തിയും നിങ്ങൾക്ക് നൽകപ്പെട്ടിരിക്കുന്നു. അതുകൊണ്ട് നിങ്ങൾ നന്ദിയുള്ളവരാവുക. അല്ലാഹുﷻ നൽകിയ അനുഗ്രഹങ്ങൾ ഓർക്കുക. വിജയം പ്രാപിക്കുക. നിങ്ങളുടെ കൂട്ടത്തിൽപ്പെട്ട ഒരാളെത്തന്നെയാണ് നിങ്ങളുടെ നബിയായി നിയോഗിക്കപ്പെട്ടിരിക്കുന്നത്.  അല്ലാഹുﷻവിന്റെ വചനങ്ങളാണ് അദ്ദേഹം നിങ്ങളെ കേൾപ്പിക്കുന്നത്. നിങ്ങൾക്കെന്താ അത്ഭുതം തോന്നുന്നുണ്ടോ..?  


 വിശുദ്ധ ഖുർആൻ പറയുന്നതിങ്ങനെ: "നിങ്ങളിൽ നിന്നുതന്നെയുള്ള ഒരു പുരുഷൻ, നിങ്ങൾക്കു താക്കീത് നൽകുവാനായി നിങ്ങളുടെ റബ്ബിന്റെ സന്ദേശവുമായി നിങ്ങളിലേക്കു വന്നപ്പോൾ നിങ്ങൾ അത്ഭുതപ്പെടുകയാണോ..? നൂഹിന്റെ ജനതക്കു ശേഷം നിങ്ങളെ അവൻ പിൻഗാമികളാക്കിയിട്ടുള്ളത് നിങ്ങൾ ഓർത്തുനോക്കുവീൻ. സൃഷ്ടികളിൽ വെച്ച് അവൻ നിങ്ങൾക്ക് വികാസം(പൊക്കവും ശക്തിയും) വർദ്ധിപ്പിക്കുകയും ചെയ്തിരിക്കുന്നു. അതുകൊണ്ട് അല്ലാഹുﷻവിന്റെ അനുഗ്രഹങ്ങളെ നിങ്ങൾ ഓർക്കുവീൻ. നിങ്ങൾ വിജയം പ്രാപിച്ചേക്കാം." (7:69)  


അല്ലാഹുﷻ നൽകിയ അനുഗ്രഹങ്ങളെക്കുറിച്ച് നന്ദിപൂർവ്വം ഓർക്കണം. അങ്ങനെയുള്ളവർക്ക് കൂടുതൽ അനുഗ്രഹങ്ങൾ ലഭിച്ചു കൊണ്ടിരിക്കും. 

ശരീരത്തിൽ ഇറങ്ങിയ അനുഗ്രഹം.  സമ്പത്തിൽ ഇറങ്ങിയ അനുഗ്രഹം. ആദ് സമൂഹക്കാർക്ക് രണ്ടും കിട്ടിയിട്ടുണ്ട്. രണ്ടിനും അവർ നന്ദിയുള്ളവരായിരിക്കണം. നൂഹ്(അ) ന്റെ കപ്പലിൽ ഉണ്ടായിരുന്നവരുടെ പിൻഗാമികളാണ് ആദ് സമൂഹക്കാർ. പിന്നീട് അവരും വഴി തെറ്റി. ബഹുദൈവാരാധന പടർന്നുപിടിച്ചു. "ഞങ്ങളെക്കാൾ ഊക്കേറിയവർ ആരാണുള്ളത്..?" എന്നാണവർ ചോദിച്ചു കൊണ്ടിരുന്നത്. അഹങ്കാരത്തിന്റെ ചോദ്യം...


അവരുടെ ധിക്കാരത്തെക്കുറിച്ചു വിശുദ്ധ ഖുർആൻ പറയുന്നു. "ആദ് ഗോത്രം ഭൂമിയിൽ അഹംഭാവം കാണിച്ചു. ഒരു അർഹതയുമില്ലാത്ത വിധത്തിൽ അവർ പറഞ്ഞു: ഞങ്ങളെക്കാൾ ശക്തി കൂടിയവർ ആരാണുള്ളത്..? അവരെ സൃഷ്ടിച്ച അല്ലാഹുﷻ അവരേക്കാൾ ശക്തിയുള്ളവനാണെന്ന് അവർക്ക് കണ്ടുകൂടേ..! അവർ നമ്മുടെ ആയത്തുകളെ (ദൃഷ്ടാന്തങ്ങളെ) നിഷേധിക്കുകയും ചെയ്തിരിക്കുന്നു..." (41:15)


അഹങ്കാരം ഒരിക്കലും മനുഷ്യനെ നന്മയിലേക്കും പുരോഗതിയിലേക്കും നയിക്കില്ല. സജ്ജനങ്ങളുമായുള്ള സഹവാസത്തിന് അവർക്കവസരം സിദ്ധിക്കുകയില്ല. നല്ല മാർഗ്ഗത്തിൽ പ്രവേശിക്കാൻ അതു മൂലം അവർക്ക് കഴിയാതെവരുന്നു. അഹങ്കാരം നാശത്തിലേക്കുള്ള  ചൂണ്ടുപലകയാകുന്നു. എല്ലാ വിധത്തിലും അത്തരക്കാർ അധഃപതിക്കും. മറ്റാരെയും തങ്ങളേക്കാൾ ഉന്നതരായി കാണാൻ അവർക്കാവില്ല...  


ശക്തിയിൽ ഞങ്ങളെക്കാൾ മെച്ചപ്പെട്ടവർ ആരുണ്ട്..? ഇതാണവരുടെ ചോദ്യം. വലിയ അഹങ്കാരത്തിന്റെ ചോദ്യം. ശക്തി നൽകിയ അല്ലാഹുﷻവിനെക്കുറിച്ച് അവർ ഓർത്തില്ല. അവർ അവനെ ഓർക്കണമായിരുന്നു. അവന്റെ ശക്തി അംഗീകരിക്കണമായിരുന്നു. അതുണ്ടായില്ല ...