Wednesday - 22 April, 2026 4-Dhu al-Qadah-1447

ധിക്കാരികൾ (1)

   ഹൂദ് നബി (അ) തന്റെ സമൂഹവുമായി നടത്തിയ സംഭാഷണം സൂറത്ത് അഅ്റാഫിൽ കൊടുത്തിട്ടുണ്ട്... 


അല്ലാഹുﷻവിനെ മാത്രം ആരാധിക്കുക. അവനല്ലാതെ ഒരു ആരാധ്യനുമില്ല. നിങ്ങൾ സൂക്ഷ്മത (തഖ് വ) യുള്ളവരാവുക. ഇതാണ് ഹൂദ് (അ) ന്റെ ഉപദേശം. സത്യസന്ദേശം  സ്വീകരിക്കാൻ കൂട്ടാക്കാത്ത കുറെ ജനനേതാക്കന്മാരാണ് നബിയെ നേരിട്ടത്. നീ വിഡ്ഢിയാണ്, കള്ളംപറയുന്നവനാണ് എന്നൊക്കെയാണവർ വിളിച്ചു പറഞ്ഞത്...


 വിശുദ്ധ ഖുർആൻ വചനങ്ങൾ കാണുക: 

"ആദ് ഗോത്രത്തിലേക്ക് അവരുടെ സഹോദരൻ ഹൂദിനെ നാം അയച്ചു. അദ്ദേഹം പറഞ്ഞു: എന്റെ ജനങ്ങളെ നിങ്ങൾ അല്ലാഹുﷻവിനെ ആരാധിക്കുവീൻ അവനല്ലാതെ ഒരാരാധ്യനും നിങ്ങൾക്കില്ല എന്നിരിക്കെ, നിങ്ങൾ സൂക്ഷിക്കുന്നില്ലേ?" (7:65)


"അദ്ദേഹത്തിന്റെ ജനങ്ങളിൽ നിന്ന് സത്യനിഷേധികളായ നേതാക്കന്മാർ പറഞ്ഞു: നിശ്ചയമായും നിന്നെ ഞങ്ങൾ ഒരുതരം വിഡ്ഢിത്തത്തിൽ കാണുന്നു. തീർച്ചയായും നീ കള്ളം പറയുന്നവരിൽ പെട്ടവനാണെന്ന് ഞങ്ങൾ കരുതുകയും ചെയ്യുന്നു... " (7:66)


ഹൂദ് (അ) ഈ ആരോപണത്തിന് വളരെ വ്യക്തമായിതന്നെ മറുപടി നൽകി. ഞാൻ വിഡ്ഢിയല്ല എനിക്കൊരു വങ്കത്തരവുമില്ല. ഞാൻ നബിയാണ്. ലോകരക്ഷിതാവായ അല്ലാഹുﷻവാണ് എന്നെ നബിയായി നിയോഗിച്ചത്. ഞാൻ നിങ്ങളുടെ ഗുണകാംക്ഷിയാണ്. വിശ്വസ്ഥനാണ്. ഞാൻ പറയുന്ന വാക്കുകൾ നിങ്ങൾക്ക് വിശ്വസിക്കാം. ഞാൻ സത്യം മാത്രമാണ് പറയുന്നത്. കാലാകാലങ്ങളിൽ നബിമാർ വന്നിട്ടുണ്ട്. അവർ രിസാലത്തുകൾ കൊണ്ടുവന്നിട്ടുണ്ട്. ഞാൻ രിസാലത്ത് (സന്ദേശം) കൊണ്ടുവന്നു. നിങ്ങളത് സ്വീകരിക്കുക. വിജയം വരിക്കുക...


വിശുദ്ധ ഖുർആൻ വചനം ഇങ്ങനെ : "അദ്ദേഹം പറഞ്ഞു: എന്റെ ജനങ്ങളെ എനിക്കൊരു വിഡ്ഢിത്തവുമില്ല. ഞാൻ ലോകരക്ഷിതാവിങ്കൽ നിന്നുള്ള ഒരു ദൂതനാകുന്നു." (7:67) 

"എന്റെ റബ്ബിന്റെ രിസാലത്തുകളെ ഞാൻ നിങ്ങൾക്ക് എത്തിച്ചു തരികയാണ് ഞാൻ നിങ്ങൾക്കുള്ള വിശ്വസ്ഥനായ ഉപദേശകനാകുന്നു." (7:68)


സർവ്വശക്തനായ അല്ലാഹുﷻ ആദ് സമൂഹത്തോടു പറഞ്ഞു: നിങ്ങൾക്കു മുമ്പ് ഇവിടെ ഒരു ജനത താമസിച്ചിരുന്നു. അവർ  അല്ലാഹുﷻവിന്റെ കല്പനകൾ ധിക്കരിച്ചു. തോന്നിവാസികളായി നടന്നു. അല്ലാഹുﷻ ഒരു പ്രവാചകനെ അവരിലേക്കയച്ചു. നൂഹ് (അ). നൂഹ് നബി (അ) പറഞ്ഞതൊന്നും അവർ വിശ്വസിച്ചില്ല. ധിക്കാരികളായി ജീവിച്ചു. അല്ലാഹുﷻ പ്രളയം വരുത്തി.  ധിക്കാരികളെ നശിപ്പിച്ചു...