Wednesday - 22 April, 2026 4-Dhu al-Qadah-1447

സത്യനിഷേധികൾ (1)

   ആദ് സമുദായക്കാർ രാവിലെത്തന്നെ ജോലിക്കിറങ്ങി. പണിയായുധങ്ങളുമായി മലഞ്ചരിവിലേക്ക് നീങ്ങി. ആ പോക്കു തന്നെ ആശ്ചര്യകരമായ കാഴ്ചയാണ്. നല്ല ഉയരമുള്ള മനുഷ്യരുടെ ഒരു വലിയ കൂട്ടം. പണിയായുധങ്ങൾ ചുമലിലേറ്റിയുള്ള യാത്ര. വലിയ പാറകൾ വെട്ടിയെടുക്കും. ചെത്തിമിനുക്കിയെടുക്കും. മലമുകളിലേക്ക് ചുമന്നുകൊണ്ടുപോകും. സാഹസികമായ ജോലിയാണത്. മലമുകളിൽ സ്തൂപങ്ങൾ പണിയും. വളരെ അകലെനിന്ന് നോക്കിയാൽ തന്നെ സ്തൂപങ്ങൾ കാണാം. ആദ്കാരുടെ അഹങ്കാരത്തിന്റെ ചിഹ്നമായി അവ ഉയർന്നു നിൽക്കും. എന്തിന് ഇത്രയും പാടുപെട്ട് ഇവ നിർമ്മിക്കുന്നു..?  

ഹൂദ് നബി (അ) അവരോട് ചോദിച്ചു... 


 അവർക്ക് അതൊരു വിനോദമാണ്. ഒരു നേരംപോക്ക്. അല്ലാഹുﷻ അവർക്ക് വേണ്ടത്ര ഐശ്വര്യം നൽകിയിട്ടുണ്ട്. വയറു നിറയെ ഭക്ഷിക്കാൻ ആഹാരമുണ്ട്. ഒഴിവു സമയം ധാരാളം. പിന്നെ ഇതൊക്കെ ഒരു വിനോദം...


ഹളർമൗത്തിന്നടുത്ത് അഹ്ഖാഫ് എന്ന പ്രദേശത്താണ് ആദ് സമുദായക്കാർ ധാരാളമായി താമസിക്കുന്നത്. അതിന് വടക്കുഭാഗത്താണ് റുബ്ഉ ഖാലി എന്ന വിശാലമായ മരുഭൂമി. മണൽക്കുന്നുകൾ ധാരാളം കാണാം. വിജനമായിക്കിടക്കുകയാണ്. ആദ്കാരുടെ കാലത്ത് അവിടെ വെള്ളം സുലഭമായി ലഭിച്ചിരുന്നു. അരുവികൾ ഒഴുകിയിരുന്നു. തോട്ടങ്ങളും കൃഷ്സ്ഥലങ്ങളുമുണ്ടായിരുന്നു.  മരുഭൂമിയുടെ മധ്യത്തിൽ അത്ഭുതകരമായ അനുഗ്രഹം. നന്ദികേട് കാട്ടിയപ്പോൾ അനുഗ്രഹങ്ങൾ നീങ്ങിപ്പോയി...


അവിടുത്തെ മണൽക്കുന്നുകൾക്ക് എന്തുമാത്രം കഥകൾ പറയാൻ കാണും. ജീവനുള്ള മനുഷ്യരെയും കന്നുകാലികളെയും മണൽ മൂടിക്കളഞ്ഞ ഞെട്ടിക്കുന്ന കഥകൾ.   ശക്തമായ കൊടുങ്കാറ്റ് വന്നപ്പോൾ മണൽക്കുന്നുകൾ അവരുടെ മേൽ തകർന്നു വീണു. അവർ മണ്ണിന്നടിയിലായി. കുറേക്കാലത്തിനു ശേഷം മറ്റൊരു കൊടുങ്കാറ്റിൽ ആ മണൽക്കുന്നുകൾ ഇല്ലാതാവുന്നു. നേരത്തെ മണ്ണിൽ മൂടിപ്പോയവരുടെ അസ്ഥികൾ കാറ്റിൽ ചിതറിവീഴുന്നത് കാണാം. ഉയരുകയും തകരുകയും ചെയ്യുന്ന മണൽക്കുന്നുകൾ. അവക്കിടയിലൂടെ ആദുകാരുടെ ജീവിതം ഒഴുകിപ്പോയി. ഇറാഖ് വരെയുള്ള പ്രദേശങ്ങളിൽ അവർ വ്യാപിച്ചിരുന്നതായി കണക്കാക്കപ്പെടുന്നു. സിറിയ, ഈജിപ്ത് മുതലായ രാജ്യങ്ങളിൽ സഞ്ചരിച്ചിരുന്നതായും പറയപ്പെടുന്നുണ്ട്...


ആദുകാരുടെ മഹാസ്തംഭങ്ങൾ എല്ലാ നാടുകളിലും സംസാരവിഷയമായിരുന്നു. തങ്ങളുടെ പ്രതാപം വെളിപ്പെടുത്തുകയെന്നതിൽ കവിഞ്ഞ് മറ്റൊരു പ്രയോജനവും അതിനില്ലെന്ന് ആദുകാർക്കുതന്നെ നന്നായറിയാം. സൂറത്ത് ശുഅറാഇൽ അല്ലാഹുﷻ പറയുന്നു  : "ആദ് സമൂഹം പ്രവാചകരെ കളിയാക്കി" (26:123) "അവരുടെ സഹോദരൻ ഹൂദ് അവരോട് പറഞ്ഞപ്പോൾ നിങ്ങൾ സൂക്ഷ്മത (തഖ് വ)  പാലിക്കുന്നില്ലേ?" (26:124) "നിശ്ചയമായും ഞാൻ നിങ്ങൾക്ക് വിശ്വസ്ഥനായ റസൂൽ (ദൂതൻ) ആകുന്നു" (26:125)

"അതുകൊണ്ട് നിങ്ങൾ അല്ലാഹുﷻവിനെ സൂക്ഷിക്കുവീൻ എന്നെ അനുസരിക്കുകയും ചെയ്യുവീൻ." (26:126)


"അതിന്റെ പേരിൽ ഞാൻ നിങ്ങളോട് യാതൊരു പ്രതിഫലവും ചോദിക്കുന്നില്ല എന്റെ പ്രതിഫലം ലോകരക്ഷിതാവിന്റെ മേൽ അല്ലാതെ മറ്റാർക്കുമില്ല (എന്റെ റബ്ബ് മാത്രമാണ് എനിക്ക് പ്രതിഫലം നൽകുക)." (26:127)

" നിങ്ങൾ നേരംപോക്കിനു വേണ്ടി എല്ലാ കുന്നുകളിലും സ്തംഭങ്ങൾ നിർമ്മിക്കുകയാണോ..?(26:128) 


അവർ നല്ല ഉറപ്പുള്ള വലിയ കെട്ടിടങ്ങൾ ധാരാളമായി നിർമ്മിച്ചിരുന്നു. എന്നെന്നും അതിൽ താമസിക്കാൻ തീരുമാനിച്ചതുപോലെ തോന്നും. അവരുടെ നിർമ്മാണരീതി കണ്ടാൽ മരണത്തെക്കുറിച്ച് അവർ ചിന്തിക്കുന്നതേയില്ല...