പ്രമുഖ സ്വഹാബിയായ അബൂദ്ദർദാഅ് (റ) വിൽ നിന്ന് സംഭവം റിപ്പോർട്ട് ചെയ്യപ്പെടുന്നു. "ശാം പ്രദേശം ഇസ്ലാമിനു കീഴടങ്ങിയ കാലം. നബി ﷺ തങ്ങൾ വഫാത്തായി വർഷങ്ങൾക്കു ശേഷം നടന്ന സംഭവമാണ്...
ശാം സമ്പൽസമൃദ്ധമായ പ്രദേശമാണ്. ആ പ്രദേശം അധീനമായതോടെ കണക്കില്ലാത്ത സമ്പത്താണ് മുസ്ലിംകൾക്കു ലഭിച്ചത്. ക്രൈസ്തവരുടെ അധീനതയിലുള്ള വമ്പിച്ച കൃഷിസ്ഥലങ്ങളും തോപ്പുകളും അവർ കണ്ടു. വമ്പിച്ച കെട്ടിടങ്ങൾ കണ്ടു. ഇതു പോലെയുള്ളത് തങ്ങൾക്കും ഉണ്ടായാൽ കൊള്ളാമെന്നവരിൽ ചിലർക്കാഗ്രഹമുണ്ടായി...
ഡമസ്ക്കസാണ് ഭരണാധികാരിയുടെ തലസ്ഥാനം. ഡമസ്ക്കസിന്റെ പരിസര പ്രദേശങ്ങളിൽ മുസ്ലിംകൾ കൂറ്റൻ കെട്ടിടങ്ങൾ പണിതുയർത്തി. മുസ്ലിംകളുടെ ശ്രദ്ധയും ചിന്തയും ആ കെട്ടിടങ്ങളിലേക്ക് ആകർഷികപ്പെട്ടു. പൂന്തോട്ടങ്ങളും തോപ്പുകളും നിർമ്മിക്കപ്പെട്ടു. ഭൗതിക നേട്ടങ്ങളിൽ ജനങ്ങൾ കൂടുതൽ താല്പര്യം പ്രകടിപ്പിക്കുന്നത് സ്വഹാബിവര്യനായ അബൂദ്ദർദാഅ് (റ) കണ്ടു. മനസ്സ് വേദനിച്ചു ജനങ്ങളോട് ഇതിനെക്കുറിച്ച് സംസാരിക്കാൻ അദ്ദേഹം തീരുമാനിച്ചു...
ഡമസ്ക്കസിലെ മസ്ജിദിൽ മുസ്ലിംകൾ തിങ്ങിനിറഞ്ഞു. സ്വഹാബിയായ അബൂദ്ദർദാഅ് പ്രസംഗിക്കാൻ പോവുന്നു എന്നറിഞ്ഞ് എല്ലാവരും ആകാംക്ഷയോടെ കാത്തിരുന്നു...
അബൂദ്ദർദാഅ് (റ) പ്രസംഗം തുടങ്ങി. ഗൗരവം തുടിച്ചുനിൽക്കുന്ന വാക്കുകൾ. ഓരോ വാക്കും കേൾവിക്കാരുടെ മനസ്സിന്റെ അടിത്തട്ടിലേക്ക് താഴ്ന്നിറങ്ങിപ്പോവുന്നു. എക്കാലത്തേക്കുമുള്ള വാക്കുകളാണ് ഒഴുകിവരുന്നത്. ഓരോ മുസ്ലിമും ആ വാക്കുകൾ ശ്രദ്ധിക്കണം...
"സഹോദരന്മാരേ, നിങ്ങൾ പൂർവ്വികന്മാരുടെ ചര്യകൾ മറക്കരുത്. മറന്നാൽ പിന്നെ നാശമാണ്. തിന്നു തീർക്കാൻ കഴിയാത്തത്ര ധാന്യമാണ് നിങ്ങൾ ശേഖരിച്ചു വെക്കുന്നത്. വരുംനാളുകളിലേക്ക് വേണ്ടി നിങ്ങൾ വലിയ അളവിൽ ശേഖരണം നടത്തുന്നു...
നിങ്ങൾ വാരിവലിച്ചു ഭക്ഷിക്കുന്നു. സ്വാദേറിയ ആഹാരമാണ് നിങ്ങൾക്കിഷ്ടം. ദഹനേന്ദ്രിയങ്ങളെ വിഷമിപ്പിക്കുന്നത്രയാണ് തിന്ന് തീർക്കുന്നത്. ഇതല്ല നമ്മുടെ പാരമ്പര്യം...
പടുകൂറ്റൻ ഭവനങ്ങളാണ് നിങ്ങൾ പണിയുന്നത്. നിങ്ങൾക്കതിൽ ദീർഘകാലം താമസിക്കാൻ മോഹമുണ്ട്. ആഗ്രഹിക്കുന്നത്ര കാലം അതിൽ താമസിക്കാൻ കഴിയുമെന്ന് വല്ല ഉറപ്പും കിട്ടിയിട്ടുണ്ടോ..? നിങ്ങൾക്ക് മുമ്പ് പല ജനവിഭാഗങ്ങൾ ഇവിടെ കടന്നുപോയിട്ടുണ്ട്. അവർ വളരെയേറെ ധാന്യം സംഭരിച്ചുവെച്ചു. അവർക്കത് തിന്നു തീർക്കാൻ കഴിഞ്ഞില്ല...
പടുകൂറ്റൻ ഭവനങ്ങൾ പണിതുയർത്തി കൊതി തീരുംവരെ അതിൽ താമസിക്കാനായില്ല. അവരുടെ സ്വപ്നങ്ങളും പ്രതീക്ഷകളും തകർന്നുപോയി. അല്ലാഹുﷻ അവരെ കശക്കിയെറിഞ്ഞുകളഞ്ഞു..."