Wednesday - 22 April, 2026 4-Dhu al-Qadah-1447

വിളിച്ചുവരുത്തിയ ശിക്ഷ (1)

   ശിക്ഷ കൊണ്ടുവരാൻ വേണ്ടി ആദ് സമൂഹം ഹൂദ് നബി (അ) നോട് നിർബന്ധം പിടിക്കുകയായിരുന്നു. "നീ പറയുന്ന ശിക്ഷ പെട്ടെന്ന് കൊണ്ടുവാ" അവർ വാശി പിടിച്ചു സംസാരിച്ചു. ഹൂദ് (അ) ശാന്തമായി ഉത്തരം നൽകി. "വരും, ശിക്ഷ വരും. കാത്തിരിക്കുക. ഞാനും കാത്തിരിക്കുകയാണ്..."


അവർക്ക് കാത്തിരിപ്പ് മടുത്തതുപോലെയായി. അങ്ങനെയാണ് ശിക്ഷ വന്നത്. അപ്പോൾ ഹൂദ് (അ) പറഞ്ഞത് സത്യമാണെന്ന് ബോധ്യമായി. സൂറത്ത് അഅ്റാഫിൽ ഇങ്ങനെ കാണാം: "അവർ പറഞ്ഞു: ഞങ്ങൾ അല്ലാഹുﷻവിനെ മാത്രം ആരാധിക്കുവാനും ഞങ്ങളുടെ പൂർവ്വപിതാക്കൾ ആരാധിച്ചുവന്നിരുന്ന വസ്തുക്കൾ ഞങ്ങൾ വിട്ടുകളയുവാനുമാണോ നീ ഞങ്ങളുടെ അടുക്കൽ വന്നിരിക്കുന്നത്..? എന്നാൽ നീ സത്യവാദികളിൽ പെട്ടവനാണെങ്കിൽ ഞങ്ങളെ നീ ഭീഷണിപ്പെടുത്തുന്ന ആ ശിക്ഷ കൊണ്ടുവാ (ഞങ്ങളൊന്നു കാണട്ടെ)." (7:70)


"അദ്ദേഹം പറഞ്ഞു : നിങ്ങളുടെ രക്ഷിതാവിങ്കൽ നിന്നുള്ള ശിക്ഷയും കോപവും നിങ്ങൾക്ക് സ്ഥിരപ്പെട്ടുകഴിഞ്ഞു. നിങ്ങളും നിങ്ങളുടെ പൂർവ്വ പിതാക്കളും നൽകിയ ചില പേരുകളുടെ  കാര്യത്തിൽ നിങ്ങൾ എന്നോട്  തർക്കിക്കുന്നോ..? അത് സത്യമാണെന്നതിന് യാതൊരു തെളിവും അല്ലാഹുﷻ ഇറക്കിയിട്ടില്ല. അതിനാൽ നിങ്ങൾ കാത്തിരുന്നുകൊള്ളുക. ഞാനും നിങ്ങളോടൊപ്പം കാത്തിരിക്കുന്നവരിൽ പെട്ടവനാകുന്നു... (7:71)


"അങ്ങനെ അദ്ദേഹത്തെയും അദ്ദേഹത്തിന്റെ കൂടെയുള്ളവരെയും നമ്മുടെ അനുഗ്രഹം മൂലം നാം രക്ഷിച്ചു. നമ്മുടെ ലക്ഷ്യങ്ങളെ നിഷേധിച്ചവരുടെ മുരടുതന്നെ നാം മുറിച്ചു കളയുകയും ചെയ്തു. അവർ വിശ്വസിക്കുന്നവരാകുമായിരുന്നില്ല..." (7:72) 


ഏഴ് രാത്രിയും എട്ടു പകലും വീശിയടിച്ച കാറ്റിൽ ആദ് സമൂഹം നശിച്ചു. നബിയും അനുയായികളും രക്ഷപ്പെട്ടു. പിൽക്കാല തലമുറകൾക്കെല്ലാം ആദിന്റെ നാശം വലിയ പാഠമാണ്. ധിക്കാരികൾ വിജയിക്കില്ല. കൽപന കേട്ടു നടന്ന സജ്ജനങ്ങളെ അല്ലാഹുﷻ രക്ഷപ്പെടുത്തി...


അറേബ്യയുടെ തെക്കൻ കടലോരപ്രദേശമാണ് അഹ്ഖാഫ്. പാറക്കുന്നുകൾക്കിടയിൽ സ്ഥിതിചെയ്യുന്ന മണൽഭൂമി. ആദിന്റെ കേന്ദ്രം എന്ന നിലയിൽ അഹ്ഖാഫ് അറിയപ്പെടുന്നു. ശിക്ഷ ഇറങ്ങിയ ഭൂമി എന്ന നിലയിൽ ഭയപ്പെടുന്ന പേരാണത്...


വിശുദ്ധ ഖുർആനിൽ നാൽപത്തിആറാം അധ്യായത്തിന്റെ പേര് സൂറത്ത് അഹ്ഖാഫ് എന്നാകുന്നു. ആ പേര് വായിക്കുമ്പോൾ തന്നെ ഒരു ഞെട്ടൽ ഉളവാകുന്നു അതിലെ ചില വചനങ്ങൾ കാണുക: 


"ആദ് ഗോത്രത്തിന്റെ സഹോദരനെ (ഹൂദിനെ) ഓർക്കുക അതായത്, അഹ്ഖാഫിൽ വെച്ച് അദ്ദേഹം തന്റെ ജനതയെ  താക്കീത് ചെയ്ത സന്ദർഭം. അദ്ദേഹത്തിന്റെ മുമ്പും ശേഷവും പല താക്കീതുകൾ കഴിഞ്ഞുപോയിട്ടുണ്ട്. നിങ്ങൾ അല്ലാഹുﷻവിനെയല്ലാതെ ആരാധിക്കരുത്. നിശ്ചയമായും ഞാൻ നിങ്ങളുടെ മേൽ വമ്പിച്ച ഒരു ദിവസത്തെ ശിക്ഷയെ ഭയപ്പെടുന്നു. (എന്ന് ഹൂദ് (അ) മുന്നറിയിപ്പു നൽകി)." (46:21)


"അവർ പറഞ്ഞു: ഞങ്ങളുടെ ഇലാഹുകളിൽ നിന്ന് (ആരാധ്യന്മാരിൽ നിന്ന്) ഞങ്ങളെ തിരിച്ചുവിടാൻ വേണ്ടി നീ ഞങ്ങളുടെ അടുക്കൽ വന്നിരിക്കുകയാണോ..? എന്നാൽ നീ ഞങ്ങളോട് വാഗ്ദത്തം ചെയ്യുന്നത് (ശിക്ഷ) ഞങ്ങൾക്ക് കൊണ്ടുവന്നുതരിക. നീ സത്യവാന്മാരിൽ പെട്ടവനാണെങ്കിൽ." (46: 22)


"അദ്ദേഹം പറഞ്ഞു: നിശ്ചയമായും അതിന്റെ അറിവ് അല്ലാഹുﷻവിങ്കൽ മാത്രമാണ്. ഞാൻ ഏതൊരു കാര്യവുമായി നിയോഗിക്കപ്പെട്ടിരിക്കുന്നുവോ, അക്കാര്യം നിങ്ങൾക്ക് എത്തിച്ചു തരികയാണ്. പക്ഷെ വിഡ്ഢിത്തം ചെയ്യുന്ന ഒരു ജനതയായി നിങ്ങളെ ഞാൻ കാണുന്നു..." (46:23)


"അങ്ങനെ അത് (ശിക്ഷ) തങ്ങളുടെ താഴ് വരകളെ അഭിമുഖീകരിച്ചുകൊണ്ട്,  ഒരു മേഘമായിക്കണ്ടപ്പോൾ അവർ പറഞ്ഞു: ഇതാ നമുക്ക് മഴ നൽകുന്ന മേഘം (വന്നിരിക്കുന്നു). അല്ല , നിങ്ങൾ  യാതൊന്നിനെപ്പറ്റി ധൃതികൂട്ടിയോ അതാണത്. വേദനയേറിയ ശിക്ഷ ഉൾക്കൊള്ളുന്ന ഭയാനകമായ കാറ്റ്." (46:24)


"തന്റെ രക്ഷിതാവിന്റെ  കൽപനയനുസരിച്ച് അത് എല്ലാ വസ്തുക്കളെയും തകർത്തുകളയും. അങ്ങനെ അവർ തങ്ങളുടെ വാസസ്ഥലമല്ലാതെ മറ്റൊന്നും കാണപ്പെടാത്ത നിലയിലായിത്തീർന്നു. കുറ്റവാളികളായ ജനതക്ക് അപ്രകാരം നാം പ്രതിഫലം കൊടുക്കുന്നു..." (46:25)


സൂറത്ത് അഹ്ഖാഫിൽ ആദ് സമൂഹത്തിന് ലഭിച്ച വമ്പിച്ച ശിക്ഷയെക്കുറിച്ചു വിവരിച്ച കാര്യങ്ങളാണ് നാം കണ്ടത്.