അന്ത്യപ്രവാചകൻ മുഹമ്മദ് മുസ്തഫ ﷺ തങ്ങൾ കാറ്റ് വരുമ്പോൾ ആദിന് ലഭിച്ച ശിക്ഷയെക്കുറിച്ചോർത്ത് അസ്വസ്ഥനാകുമായിരുന്നു. മഴയുടെ മുന്നോടിയായി അന്തരീക്ഷം കറുത്തിരുണ്ട് വരുമ്പോൾ നബി ﷺ പരിഭ്രമിക്കും. നിറമാറ്റം വരും. അകത്തേക്കും പുറത്തേക്കും നടക്കും. മുമ്പോട്ടും പിന്നോട്ടും പോയും വന്നുകൊണ്ടിരിക്കും...
ഇതെന്തിന്റെ മേഘമാണ്? ശിക്ഷയുടെ മേഘമാണോ..? അനുഗ്രഹത്തിന്റെ മേഘമാണോ..? അങ്ങനെ മഴ പെയ്തു കഴിഞ്ഞാൽ നബി ﷺ തങ്ങൾക്കാശ്വാസമായി. വന്നത് അനുഗ്രഹത്തിന്റെ മേഘം തന്നെ...
ആഇശ (റ) നിവേദനം ചെയ്യുന്നതിങ്ങനെയാകുന്നു. "ശക്തിയായ കാറ്റ് തുടങ്ങിയാൽ നബി ﷺ ഇങ്ങനെ പ്രാർത്ഥിക്കുമായിരുന്നു :
"اللَّهُمَّ إِنِّي أَسْأَلُكَ خَيْرَهَا وَخَيْرَ مَا فِيهَا وَخَيْرَ مَا أُرْسِلَتْ بِهِ ، وَأَعُوذُ بِكَ مِنْ شَرِّهَا وَشَرِّ مَا فِيهَا وَشَرِّ مَا أُرْسِلَتْ بِهِ"
(അല്ലാഹുﷻവേ, ഇതിന്റെ ഗുണവും ഇതുൾക്കൊള്ളുന്നതിന്റെ ഗുണവും ഇത് അയക്കപ്പെട്ടതിലുള്ള ഗുണവും ഞാൻ നിന്നോട് ചോദിക്കുന്നു. ഇതിന്റെ ദോഷത്തിൽ നിന്നും, ഇതുൾക്കൊള്ളുന്നതിന്റെ ദോഷത്തിൽ നിന്നും ഇത് അയക്കപ്പെട്ടതിലുള്ള ദോഷത്തിൽ നിന്നും ഞാൻ നിന്നോട് കാവൽ തേടുന്നു.)
ആപൽ സൂചനകൾ കാണുമ്പോൾ ഭയപ്പെടുകയും അല്ലാഹുﷻവിനോട് കാവൽ തേടി ദുആ ഇരക്കുകയും വേണം...
അന്ത്യപ്രവാചകരുടെ കാലത്തെ ബഹുദൈവ വിശ്വാസികൾ (മുശ്രിക്കുകൾ) ആദ് സമൂഹത്തെപ്പോലെ മർക്കട മുഷ്ടി കാണിക്കുമായിരുന്നു. ശാരീരികവും സാമ്പത്തികവുമായ കഴിവുകളിൽ മക്കാ മുശ്രിക്കുകൾ ആദ് സമൂഹത്തെ അപേക്ഷിച്ചു വളരെ പിന്നിലായിരുന്നു...
അക്കാര്യം മക്കാ മുശ്രിക്കുകളെ ഓർമ്മപ്പെടുത്തിക്കൊണ്ട് അല്ലാഹുﷻ പറയുന്നു: "നിങ്ങൾക്ക് നാം സൗകര്യം ചെയ്തു തന്നിട്ടില്ലാത്ത പലതിലും അവർക്ക് (ആദ് സമൂഹത്തിന് ) നാം സൗകര്യം ചെയ്തു കൊടുത്തു. അവർക്ക് നാം കേൾവിയും കാഴ്ചയും ഹൃദയവും നൽകിയിരുന്നു. എന്നിട്ട്, അവരുടെ കേൾവിയാകട്ടെ കാഴ്ചയാവട്ടെ ഹൃദയമാവട്ടെ അവർക്ക് ഒട്ടുംതന്നെ ഉപകരിച്ചില്ല. അവർ അല്ലാഹുﷻവിന്റെ ആയത്തുകളെ (ദൃഷ്ടാന്തങ്ങളെ) നിഷേധിച്ചുകൊണ്ടിരുന്നതിനാൽ (ഉപകരിച്ചില്ല). അവർ പരിഹസിച്ചുകൊണ്ടിരുന്നത് (ശിക്ഷ) അവരെ വലയം ചെയ്യുകയുമുണ്ടായി. (46:26)
"നിശ്ചയമായും നിങ്ങളുടെ ചുറ്റുമുള്ള ചില നാടുകളെയും നാം നശിപ്പിച്ചു കളഞ്ഞിട്ടുണ്ട്. അവർ മടങ്ങേണ്ടതിന്നായി പല ദൃഷ്ടാന്തങ്ങളും വിവിധ രൂപത്തിൽ നാം വിവരിക്കുകയും ചെയ്തു." (46:27)
മക്കാ മുശ്രിക്കുകളെ അഭിമുഖീകരിച്ചുകൊണ്ടുള്ള ഒരു വചനമാണിത്. നിങ്ങളുടെ ചുറ്റുപാടുമുള്ള ചില രാജ്യങ്ങളെയും നശിപ്പിച്ചു എന്നാണ് പറഞ്ഞത് അവ ഏതൊക്കെയാണ്? പ്രധാനപ്പെട്ട ചിലത് സൂചിപ്പിക്കാം ...
ഒന്നാമത്തേത് ആദ് സമൂഹം തന്നെ. അവർ താമസിച്ചിരുന്ന അഹ്ഖാഫ് പ്രദേശം. ഹിജാസിന്റെ തെക്കു ഭാഗത്താകുന്നു. നശിപ്പിക്കപ്പെട്ട മറ്റൊരു പ്രധാന വർഗം സമൂദ് ഗോത്രക്കാരാണ്. ഹിജാസിനും ശാമിനും ഇടയിലുള്ള ഹിജ്റിലായിരുന്നു അവരുടെ താമസം. സ്വാലിഹ് (അ)ന്റെ കൽപനകൾ ധിക്കരിച്ച് ശിക്ഷ വിളിച്ചു വരുത്തിയ വിഭാഗം...
ലൂത്വ് നബി (അ)ന്റെ ഉപദേശങ്ങൾ തള്ളിക്കളഞ്ഞ വിഭാഗമാണ് സദൂം ഗോത്രക്കാർ. സദൂം വിഭാഗം താമസിച്ചിരുന്നത് ഫലസ്തീനിലായിരുന്നു. അവരും ശിക്ഷ വിളിച്ചു വരുത്തുകയായിരുന്നു. യമനിലും മദ് യനിലും വസിച്ചിരുന്ന വിഭാഗമാണ് സബഅ്. അവരും ശിക്ഷ വാങ്ങി...
ഈ വിഭാഗങ്ങളെക്കുറിച്ചെല്ലാം മക്കാ മുശ്രിക്കുകളോട് വിശുദ്ധ ഖുർആൻ സംസാരിച്ചു. അവർ നിങ്ങളെക്കാൾ ശക്തരായിരുന്നു. ആ ശക്തിയൊന്നും അല്ലാഹുﷻവിന്റെ ശിക്ഷ വന്നപ്പോൾ ഫലം ചെയ്തില്ല. മക്കാ മുശ്രിക്കുകൾ അതിൽ നിന്ന് പാഠം പഠിക്കണം...
പോരാ... അന്ത്യനാൾവരെയുള്ള എല്ലാ ധിക്കാരികളും പാഠം പഠിക്കണം...