ഉമ്മമാർ കുട്ടികൾക്ക് മഹാപ്രളയത്തിന്റെ കഥ പറഞ്ഞു കൊടുത്തു. അതുപോലൊരു വെള്ളപ്പൊക്കം പിന്നെ ഉണ്ടായിട്ടില്ല. മുമ്പും ഉണ്ടായതായി കേട്ടിട്ടില്ല. അല്ലാഹുﷻവിന്റെ പ്രവാചകനായിരുന്നു നൂഹ് (അ). തൊള്ളായിരത്തി അമ്പത് കൊല്ലം ജനങ്ങളെ ഇസ്ലാമിലേക്ക് ക്ഷണിച്ചു. വളരെ കുറഞ്ഞ ആളുകൾ മാത്രമേ ഇസ്ലാം മതം സ്വീകരിച്ചുള്ളൂ. മറ്റുള്ളവർ ഒരു കാലത്തും നന്നാവുകയില്ലെന്ന് നൂഹ് (അ) കരുതി. അവർക്കെതിരായി പ്രാർത്ഥിച്ചു...
അല്ലാഹുﷻ നൂഹ് നബി (അ) നോട് കപ്പലുണ്ടാക്കാൻ കല്പിച്ചു. ഒരു മലയുടെ മുകളിൽ കപ്പലുണ്ടാക്കി. വിശ്വാസികൾ അതിൽ കയറി. എല്ലിവിധ പക്ഷികളിൽ നിന്നും മൃഗങ്ങളിൽ നിന്നും ഓരോ ജോഡി അതിൽ കയറ്റി. മഴ തുടങ്ങി. വമ്പിച്ച മഴ. ഉറവകൾ പൊട്ടിയൊഴുകി. വെള്ളത്തിന്റെ വിതാനം ഉയർന്നു വന്നു. കപ്പൽ വെള്ളത്തിൽ ഒഴുകി നടന്നു. ദുർനടപ്പുകാരായ മനുഷ്യരെല്ലാം മുങ്ങിച്ചത്തുപോയി. എല്ലാ ജീവജാലങ്ങളും ചത്തു. കെട്ടിടങ്ങളെല്ലാം തകർന്നു. പിന്നെ മഴ അവസാനിച്ചു. ജലവിതാനം താഴ്ന്നുവന്നു. കപ്പൽ നിലത്തണഞ്ഞു. അതിലെ മനുഷ്യരും മൃഗങ്ങളും ഇറങ്ങി. ഇതാണ് പ്രളയത്തിന്റെ കഥ...
കഥ കേട്ട് കുട്ടികൾ വിസ്മയിച്ചുപോയി. നൂഹ് നബി (അ)ന്റെ ചില പുത്രന്മാർ കപ്പലിൽ ഉണ്ടായിരുന്നു. അവരിൽ ഒരാളുടെ പേര് സാം എന്നായിരുന്നു. സാം നല്ല കുടുംബജീവിതം നയിച്ചു. മക്കളുണ്ടായി ഒരു മകന്റ പേര് പറയാം... അർഫഹശ്ദ് ...
ഈ കുട്ടി വളർന്നു വന്നു. സമൂഹത്തിൽ ഉന്നത സ്ഥാനം വഹിച്ചു. പ്രസിദ്ധനായിത്തീർന്നു. ഉന്നത കുടുംബത്തിൽ നിന്ന് വിവാഹം കഴിച്ചു. സന്തോഷകരമായ ദാമ്പത്യ ജീവിതം. അർഫഹശ്ദിന് പ്രസിദ്ധനായൊരു മകനുണ്ടായി. പേര് ശാലിഹ്. സമൂഹത്തിൽ വളരെയേറെ ആദരിക്കപ്പെട്ട വ്യക്തിയായിരുന്നു. ഇദ്ദേഹത്തിന്റെ മകനാണ് ആബിർ. അദ്ദേഹം തന്നെയാണ് ഹൂദ് നബി (അ). ആബിറിന്റെ മകനാണ് ഹൂദ് (അ) എന്ന ഒരഭിപ്രായവും നിലവിലുണ്ട്...
ഹൂദ് നബി (അ) ന്റെ വിവരങ്ങളാണ് ഇവിടെ പറയാൻ പോവുന്നത്...
ആദ് ഗോത്രം വളരെ പ്രസിദ്ധമാണ്. ആ ഗോത്രത്തിലാണ് ഹൂദ് നബി (അ) പിറന്നത്. നൂഹ് (അ)ന്റെ പുത്രൻ സാമിന്റെ സന്താനപരമ്പരയിലാണ് ഹൂദ് (അ) ജനിച്ചതെന്ന് നാം മനസ്സിലാക്കി. സാമിന്റെ പുത്രൻ അർഫഹശ്ദിലൂടെ വരുന്ന പരമ്പരയിൽ. അർഫഹശ്ദ് എന്ന പദത്തിന്റെ അർഥം വിളക്കിന്റെ പ്രകാശം എന്നാകുന്നു. സാമിന്റെ മറ്റൊരു മകനാണ് ഔസ്വ്. ഇദ്ദേഹവും ഉന്നത സ്ഥാനം വഹിച്ചു. വളരെ പ്രസിദ്ധനുമായിരുന്നു. ഇദ്ദേഹത്തിന്റെ പുത്രനാണ് ചരിത്രപ്രസിദ്ധനായിത്തീർന്ന ആദ്...
ആദ് എന്ന നേതാവിന്റെ സന്താന പരമ്പര ആദ് ഗോത്രം എന്ന പേരിൽ അറിയപ്പെടുന്നു...