ആധുനിക മനുഷ്യൻ എന്തെല്ലാം സുഖസൗകര്യങ്ങളാണ് ആസ്വദിച്ചുകൊണ്ടിരിക്കുന്നത്. ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യകൾ അവന്റെ സുഖസൗകര്യങ്ങൾ നാൾക്കുനാൾ വർദ്ധിപ്പിച്ചുകൊണ്ടിരിക്കുന്നു. ഇതെല്ലാം നൽകിയ സർവ്വശക്തനായ അല്ലാഹുﷻവിനോട് അവൻ കൂടുതൽ നന്ദിയുള്ളവനാവേണ്ടതാണ്...
പക്ഷെ, അതാണോ നാം കാണുന്നത്? നന്ദിയാണോ അതോ നന്ദികേടാണോ കൂടുതൽ? നാം നമ്മോട് തന്നെ ചോദിക്കേണ്ട ചോദ്യം. ഒരോരുത്തരും അവരവരിലേക്ക് തിരിഞ്ഞുനോക്കട്ടെ. ചോദ്യം ആവർത്തിക്കട്ടെ. നിമിഷനേരത്തേക്കെങ്കിലും നാം അങ്കലാപ്പിലായിപ്പോകും നന്ദികേട് വന്നുപോയോ? ആരും കേൾക്കാതെ മനസ്സാക്ഷി മറുപടി പറയും. അങ്ങനെ ഇളകിക്കിട്ടിയ മനസ്സോടെ ആദ് സമൂഹത്തിന്റെ ചരിത്രം വായിക്കുക. അവർക്കൊപ്പം സഞ്ചരിക്കൂ...
മഹാനായ ഹൂദ് (അ)ന്റെ കൂടെ നടക്കൂ എന്നിട്ടെല്ലാം അനുഭവിച്ചറിയൂ.... നാം കൂടുതൽ നല്ലവരായിത്തീരും...
ഇൻശാ അല്ലാഹ്
നൂഹ് നബി (അ)ന്റെ ജനതക്കു ശേഷം അല്ലാഹുﷻ പകരം കൊണ്ടുവന്ന ജനവിഭാഗമായിരുന്നു ആദ് സമൂഹം. വമ്പിച്ച അനുഗ്രഹങ്ങൾ അല്ലാഹുﷻ ആദ് സമുദായത്തിന്ന് നൽകി. നല്ല ഉയരവും ബലവുമുള്ള ശരീരം. ബുദ്ധിശക്തി, ശില്പ കലാ നൈപുണ്യം, വളരെ നേരം തുടർച്ചയായി ജോലി ചെയ്യാനുള്ള കരുത്ത്, രാജഭരണം, കാലാൾപ്പട, അശ്വസൈന്യം, വമ്പിച്ച സമ്പത്ത്.. "ഇത്രയേറെ അനുഗ്രഹങ്ങൾ നൽകിയ അല്ലാഹുﷻവിനോട് നിങ്ങൾ നന്ദിയുള്ളവരാവുക" ഹൂദ് (അ) ഉപദേശിച്ചു.
ആ ഉപദേശം അവർ അവഗണിച്ചു തള്ളി. പ്രവാചകനെ പരിഹസിച്ചു. ആക്ഷേപിച്ചു. എന്നിട്ടെന്തുണ്ടായി...?
ആധുനിക സുഖ സൗകര്യങ്ങളിൽ മയങ്ങി അല്ലാഹുﷻവിന്റെ കൽപനകൾ ധിക്കരിച്ചു തള്ളുന്ന ആധുനിക മനുഷ്യൻ ആ ചോദ്യത്തിനുത്തരം കണ്ടെത്തണം. അതിന് ഈ ചരിത്രം ശ്രദ്ധയോടെ വായിക്കുക. ഇൻശാ അല്ലാഹ് ...
അല്ലാഹുﷻ ഇതൊരു സ്വാലിഹായ സൽകർമ്മമായി സ്വീകരിക്കട്ടെ...
ആമീൻ യാ റബ്ബൽ ആലമീൻ ...