ആദിനു ശേഷം വന്ന സമൂഹമാണ് സമൂദ് വർഗ്ഗം. ആദുകാർക്ക് താല്പര്യം ഉയർന്ന കുന്നുകളും മലകളും മറ്റുമായിരുന്നു. അവിടെ സ്തൂപങ്ങളും കെട്ടിടങ്ങളുമുണ്ടാക്കി തങ്ങളുടെ പ്രതാപം വിളിച്ചറിയിക്കാനായിരുന്നു അവർക്കു താല്പര്യം...
സമൂദുകാർക്ക് സമതലങ്ങളും മലകളിലെ പാറകളും ഇഷ്ടമായിരുന്നു. മലമുകളിൽ നിന്ന് ആവശ്യമുള്ള സാധനങ്ങൾ സമതലങ്ങളിലേക്ക് ചുമന്നു കൊണ്ടുവന്നു സമതലങ്ങളിൽ വമ്പിച്ച കെട്ടിടങ്ങളുണ്ടാക്കി. പാറകൾ തുരന്നു പാർപ്പിടങ്ങളുണ്ടാക്കാനും വിദഗ്ധരായിരുന്നു...
ആദ് സമൂഹം കടുത്ത ധിക്കാരം കാണിച്ചു. ഹൂദ് നബി (അ) നെ ധിക്കരിച്ചു. അല്ലാഹുﷻവിന്റെ കൽപനകളെ അവഗണിച്ചുതള്ളി. ശിക്ഷ കൊണ്ടുവരാൻ പരിഹാസപൂർവം നിർബന്ധിച്ചു. ഒടുവിൽ ശിക്ഷ വന്നു ആദ് സമൂഹം നശിച്ചു. ഒരു സമൂഹം നശിച്ചു കഴിഞ്ഞാൽ അവരുടെ സ്ഥാനത്ത് മറ്റൊരു സമൂഹത്തെ കൊണ്ടുവരികയെന്നത് അല്ലാഹുﷻവിന്റെ ചര്യയാകുന്നു...
അങ്ങനെ വന്ന സമൂഹമാണ് സമൂദുകാർ. അവർ താമസിച്ചിരുന്ന നാട്ടിന്റെ പേര് ഹിജ്ർ എന്നായിരുന്നു. മദീനയിൽ നിന്ന് സിറിയയിലേക്കു പോവുന്ന വഴിയിലാണ് ഹിജ്ർ. വിശാലമായ സമതല പ്രദേശം. അവിടെ ചെറുപട്ടണങ്ങൾ വളർന്നു വന്നു. ഈ പട്ടണങ്ങളെ മദാഇനുസ്വാലിഹ് (സ്വാലിഹിന്റെ പട്ടണങ്ങൾ) എന്ന് വിളിക്കുന്നു...
സമൂദ് ഗോത്രക്കാരോട് അല്ലാഹുﷻവിനെ മാത്രം ആരാധിക്കുവാൻ അവരുടെ പ്രവാചകനായ സ്വാലിഹ് (അ) ഉപദേശിച്ചു. നിങ്ങൾ ആദ് സമൂഹത്തിനുശേഷം അല്ലാഹുﷻ പകരം കൊണ്ടുവന്ന ജനവിഭാഗമാണ്. നിങ്ങൾ അല്ലാഹുﷻവിനോട് നന്ദിയുള്ളവരായിരിക്കുക. ആദ് സമൂഹം അല്ലാഹുﷻവിനെ ധിക്കരിച്ചു. അവരുടെ പ്രവാചകനെ പരിഹസിച്ചു നിന്ദിച്ചു...
അവരിലേക്ക് അല്ലാഹുﷻ ശിക്ഷ ഇറക്കി. നിങ്ങൾ ആദിനെപ്പോലെയാകരുത്. അവർ അഹങ്കാരികളായിരുന്നു. നിങ്ങളങ്ങനെയാവരുത്. അവർ ബഹുദൈവാരാധകരായിരുന്നു. നിങ്ങൾ ഏകദൈവാരാധകരാവുക. അവർ നന്ദികെട്ടവരായിപ്പോയി. നിങ്ങൾ നന്ദിയുള്ളവരാവുക. സ്വാലിഹ് (അ) ഉപദേശം തുടർന്നു...
സൂറത്ത് അഅ്റാഫിലെ ഒരു വചനം ശ്രദ്ധിക്കുക: "ആദിന് ശേഷം നിങ്ങളെ അവൻ പിൻഗാമികളാക്കിയതും ഭൂമിയിൽ നിങ്ങൾക്കവൻ താമസ സൗകര്യം നൽകിയതും നിങ്ങൾ ഓർക്കുകയും ചെയ്യുവീൻ. അതിലെ സമതലങ്ങളിൽ നിങ്ങൾ കൊട്ടാരങ്ങളുണ്ടാക്കുന്നു. മലകളെ നിങ്ങൾ വീടുകളായി വെട്ടിയുണ്ടാക്കുകയും ചെയ്യുന്നു. അപ്പോൾ അല്ലാഹുﷻവിന്റെ അനുഗ്രഹങ്ങളെ നിങ്ങൾ ഓർക്കുവീൻ. നാശകാരികളായിക്കൊണ്ട് ഭൂമിയിൽ തെമ്മാടിത്തം പ്രവർത്തിക്കുകയും അരുത്." (7:74)
പൂർവ്വികരായ സമൂഹങ്ങളുടെ ചരിത്രം വിശുദ്ധ ഖുർആനിൽ നിരവധി സ്ഥലങ്ങളിൽ വിവരിച്ചിട്ടുണ്ട് എന്തിനാണത്..? ജീവിക്കുന്ന തലമുറ പാഠം പഠിക്കാൻ. എല്ലാം അല്ലാഹുﷻവിൽ അർപ്പിച്ചു ജീവിക്കേണ്ടവരാണ് നാം. നന്മയും തിന്മയും അവനിൽ നിന്നുള്ളതാണ്. രണ്ട് സന്ദർഭങ്ങളിലും ക്ഷമിക്കാൻ കഴിയണം...
അല്ലാഹുﷻവിൽ ഭരമേൽപിച്ചു നീങ്ങുന്നവനാണ് സത്യവിശ്വാസി. അവന് ചാഞ്ചല്യം പാടില്ല...