ഓർമ്മകൾ പിന്നോട്ടൊഴുകി. നബി ﷺ തങ്ങളുടെ വചനങ്ങൾ ഓർമ്മ വന്നു. ശദ്ദാദിന്റെ കൊട്ടാരം പിൽക്കാലത്ത് അതൊരാൾ കണ്ടെത്തുമെന്ന് പറഞ്ഞിട്ടുണ്ട്. ആ ആൾ ഞാൻ തന്നെ. മണ്ണ് അൽപം നീക്കി നോക്കി. വിലമതിക്കാനാവാത്ത പലതരം രത്നങ്ങൾ, സ്വർണ്ണം, വെള്ളി കുറെ വാരിയെടുത്തു. തുണിയിൽ കെട്ടി അതുമായി നടന്നു...
ശദ്ദാദിന്റെ കൊട്ടാരത്തിന്റെ ഭാരം തന്റെ ചുമലിൽ തൂങ്ങിക്കിടക്കുന്നു. നടന്നു നടന്നു അവശനായി. ദീർഘനാളത്തെ യാത്ര. ആ യാത്ര അവസാനിച്ചത് ഡമസ്ക്കസിൽ. ഡമസ്ക്കസുകാർ കഥയറിഞ്ഞു. ജനം അതിശയം കൊണ്ടു. പിന്നെ അബ്ദുല്ലയെത്തേടി ഓട്ടമായി. വിജനമായ മരുഭൂമിയിൽ ഇത്രയേറെ രത്നങ്ങളോ..? ഹസ്രത്ത് മുആവിയ (റ) ദൂതനെ അയച്ചു അബ്ദുല്ലായെ വിളിപ്പിച്ചു...
"ഞാൻ കേട്ടതൊക്കെ ശരിയാണോ?" മുആവിയ (റ) ചോദിച്ചു
"ശരിയാണ്"
"ഇതെല്ലാം എവിടെ നിന്ന് കിട്ടി?"
"ശദ്ദാദിന്റെ കൊട്ടാരത്തിൽ നിന്ന്"
കൊട്ടാരത്തിലെത്തിയ പണ്ഡിതൻമാരോട് മുആവിയ (റ) ശദ്ദാദിന്റെ കൊട്ടാരത്തെപ്പറ്റി അന്വേഷിച്ചു. അവർ അതിന് വിശദീകരണം നൽകി...
"പിൽക്കാലത്ത് ഒരാൾ ആ കൊട്ടാരം കണ്ടെത്തുമെന്ന് പറയപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ ശരീര ലക്ഷണങ്ങളും പറയപ്പെട്ടിട്ടുണ്ട്. ആ ലക്ഷണങ്ങൾ അബ്ദുല്ലയിൽ കാണുന്നുണ്ട്." പണ്ഡിതൻമാർ ആ കൊട്ടാരത്തെ വർണിച്ചു...
"വളരെ ശക്തമായിരുന്നു ആ കൊട്ടാരം. അതിശയകരമായ ആർഭാഢങ്ങൾ അതിനകത്തുണ്ടായിരുന്നു. ഏറ്റവും വിലകൂടിയ മുത്തുകളും വൈരക്കല്ലുകളും സ്വർണവും വെള്ളിയും ഉപയോഗിച്ചാണ് കൊട്ടാരം അലങ്കരിച്ചിരുന്നത്. കാലം കടന്നുപോയപ്പോൾ കൊട്ടാരം തകർന്നു. മണ്ണിന്നടിയിലായിപ്പോയി. എത്ര മണൽക്കാറ്റുകൾ അതിനു മുകളിലൂടെ അടിച്ചുവീശി. കൊട്ടാരം നിന്ന സ്ഥാനത്ത് മണൽകുന്നുകൾ ഉയരുകയും തകരുകയും ചെയ്തു."
ധിക്കാരികളായ ആദുകാരുടെ ദുരന്തത്തിന്റെ ചരിത്രം ആ മണൽക്കുന്നുകൾ വിളിച്ചു പറയുന്നു. അവിടെ നിന്നടിച്ചുവീശിവന്ന ചൂടുകാറ്റും ധിക്കാരികളുടെ ദുരന്തത്തിന്റെ കഥകളാണ് ലോകത്തോട് പറഞ്ഞു കൊണ്ടിരിക്കുന്നത്. കാറ്റ് വരുമ്പോൾ സത്യവിശ്വാസികൾ ആദ് സമൂഹത്തെ കശക്കിയെറിഞ്ഞ കൊടുങ്കാറ്റിനെ കുറിച്ചോർക്കുന്നു...
ആധുനിക ലോകം കാറ്റിനെ വല്ലാതെ ഭയപ്പെടുന്നുണ്ട്. ലോകത്തെ ഭീതിപ്പെടുത്തുന്ന അമേരിക്ക മുട്ടുമടക്കുന്നതു കാറ്റിന്റെ മുമ്പിലാണ്. വീശിയടിക്കുന്ന കൊടുങ്കാറ്റ്. അനേക നിലകളുള്ള കൂറ്റൻ കെട്ടിടങ്ങൾ തകർന്നു വീഴുന്നു. സ്വത്തുവകകൾ നശിക്കുന്നു. കാറ്റിനോടൊപ്പം വെള്ളപ്പൊക്കവും വരുന്നു. ഓരോ കാറ്റിനും ഓരോ പേരിട്ടു വിളിക്കുന്നു...
പൗരസ്ത്യ ലോകവും പാശ്ചാത്യ ലോകവും ഏതു നിമിഷത്തിലും കൊടുങ്കാറ്റിന്നധീനമാവാം. ജനവാസ കേന്ദ്രങ്ങൾ ജനശൂന്യമാവാൻ നിമിഷങ്ങൾപോലും വേണ്ടി വരില്ല. കാലം തെറ്റിവരുന്ന കാറ്റും മഴയും മനുഷ്യനെ വല്ലാതെ അസ്വസ്ഥനാക്കുന്നുണ്ട്. കൃഷിയും മറ്റ് വിഭവങ്ങളും വൻതോതിൽ നശിച്ചു പോകുന്നു. രാജ്യത്ത് ഭക്ഷ്യക്ഷാമം ഉണ്ടാവുന്നു...
പട്ടിണി വന്നാൽ മനുഷ്യർ എന്ത് ചെയ്യാനും മടിക്കാത്ത അവസ്ഥ വരും. കാറ്റ് തണുപ്പും സുഖവും സന്തോഷവും തരുന്നു. അത് ശക്തി കൂടിയാൽ മനുഷ്യൻ ഭയന്നുപോവുന്നു. അതിശക്തിയായി ആഞ്ഞുവീശിയാൽ മഹാദുരന്തങ്ങൾ വന്നുഭവിക്കുന്നു. ആദിലേക്കിറങ്ങിയ കാറ്റ് എക്കാലവും മനുഷ്യന്റെ ഓർമ്മയിൽ വേണം. ആ ഓർമ്മ തെറ്റുകൾ ചെയ്യാതിരിക്കാൻ അവനെ പ്രേരിപ്പിക്കും...
ഹൂദ് നബി (അ) എവിടെ മരണപ്പെട്ടു..? പല അഭിപ്രായങ്ങൾ കാണുന്നു. കൊടുങ്കാറ്റിനു ശേഷം മക്കയിൽ വന്നു. അല്പകാലത്തിനുശേഷം വഫാത്തായി. ഹറമിൽ തന്നെ ഖബറടക്കപ്പെട്ടു. ഇപ്രകാരം രേഖപ്പെടുത്തിക്കാണുന്നു. ഫലസ്തീൻ, ഹളർമൗത്ത് എന്നീ സ്ഥലങ്ങളും പറഞ്ഞു കാണുന്നു. ആദിന്റെയും ഹൂദ് (അ)ന്റെയും ചര്യ ആധുനിക കാലഘട്ടത്തിൽ വളരെ പ്രസക്തമാണ്...