അഹങ്കാരം എല്ലാ പാപങ്ങൾക്കും കാരണമായിത്തീരുന്നു. അഹങ്കാരം കാണിച്ച ചില സമൂഹങ്ങളെ അല്ലാഹുﷻ പേരെടുത്തു പറയുന്നത് നോക്കൂ!."ഇവരുടെ മുമ്പുള്ളവരുടെ വൃത്താന്തം ഇവർക്ക് വന്നിട്ടില്ലെയോ? അതായത് നൂഹിന്റെ ജനതയുടെയും ആദിന്റെയും സമൂദിന്റെയും ഇബ്രാഹിമിന്റെ ജനതയുടെയും മദ് യൻ കാരുടെയും അടിമേൽ മറിഞ്ഞ രാജ്യങ്ങളുടെയും (വൃത്താന്തം).
അവർക്ക് അവരുടെ ദൂതന്മാർ വ്യക്തമായ തെളിവുകളുമായി ചെന്നു. എന്നാൽ അല്ലാഹുﷻ അവരെ അക്രമിക്കുകയുണ്ടായില്ല. എങ്കിലും, അവർ അവരോട് തന്നെ അക്രമം കാണിക്കുകയായിരുന്നു." (9:70)
നൂഹ് നബി (അ) ന്റെ സമൂഹത്തെപ്പറ്റിയാണ് ആദ്യം സൂചിപ്പിച്ചത്. തുടർന്നു പറഞ്ഞത് ആദ് സമുദായത്തെ പറ്റിയാണ്. ഹൂദ് (അ) നെ ധിക്കരിച്ച വിഭാഗം.
ഉടനെത്തന്നെ സമൂദ് വർഗത്തെപ്പറ്റി പറഞ്ഞു. സ്വാലിഹ് (അ)നെ ധിക്കരിച്ച വർഗ്ഗം. ഇബ്രാഹിം (അ)ന്റെ സമൂഹത്തെയും സൂചിപ്പിച്ചു...
ശുഐബ് നബി (അ) ന്റെ ജനതയാണ് മദ് യൻ നിവാസികൾ. അവരും ധിക്കാരും കാണിച്ചു...
അടിമേൽ മറിക്കപ്പെട്ട ജനത ആരാണ്..? ലൂത്വ് നബി (അ) ന്റെ കാലത്ത് ജീവിച്ച ജനത. സ്വവർഗ്ഗ ഭോഗികളുടെ നാട് അല്ലാഹുﷻ അടിമേൽ മുറിച്ചു കളഞ്ഞു. എല്ലാം അവർ തന്നെ വരുത്തിവെച്ച വിന. മനുഷ്യൻ അക്രമം കാണിച്ചു അപ്പോൾ ആപത്തിറങ്ങി...
അല്ലാഹുﷻ നീതിമാനാണ്. അനുഗ്രഹം ചൊരിയുന്നവൻ. മനുഷ്യൻ ഒരു നന്മ ചെയ്താൽ പത്ത് ഗുണം നൽകുന്നവൻ. ഓരോ സൽക്കർമ്മത്തിനും വമ്പിച്ച പ്രതിഫലം നൽകുന്നവൻ. അവൻ ആരോടും അനീതി കാണിക്കുന്നില്ല. മനുഷ്യൻ അവനോട് തന്നെയാണ് അനീതി കാണിക്കുന്നത്...
അല്ലാഹുﷻവിന്റെ കൽപനകൾ പാലിച്ചാൽ മനുഷ്യർക്ക് തന്നെയാണ് നേട്ടം. അവന് മനസ്സമാധാനം ലഭിക്കും. എല്ലാ നന്മകളും കൈവരുന്നതാണ്. പരലോകത്ത് വമ്പിച്ച വിജയവും സിദ്ധിക്കും. കാറ്റിനെക്കുറിച്ചുള്ള ഒരു ഖുർആൻ വചനം ഉദ്ധരിച്ചുകൊണ്ട് വിരാമം നൽകട്ടെ...
അല്ലാഹുﷻവാണ് കാറ്റുകളെ അയച്ചിട്ടുള്ളവൻ. എന്നിട്ട് അവ മേഘം ഇളക്കിവിടുന്നു. അങ്ങനെ നാം (അല്ലാഹുﷻ) അതിനെ നിർജ്ജീവമായ നാട്ടിലേക്ക് തെളിച്ചുകൊണ്ടുപോവുന്നു. എന്നിട്ട് ആ ഭൂമിയെ, അത് നിർജ്ജീവമായതിനുശേഷം നാം ജീവിപ്പിക്കുന്നു. ഇതുപോലെത്തന്നെയാണ് പുനരുത്ഥാനം." (35:9)
മേഘം അനുഗ്രഹമാണ്. കാരണം അതിൽ മഴയുണ്ട്. ഉണങ്ങിവരണ്ട പ്രദേശത്തേക്ക് അല്ലാഹുﷻ മേഘത്തെ നയിക്കുന്നു. മഴ വർഷിക്കുന്നു. മരിച്ചതുപോലെ കിടന്ന ഭൂമിക്ക് ജീവൻ വെക്കുന്നു. കൃഷി വളരുമ്പോൾ സസ്യലതാദികൾ വളരുന്നു...
ഇതോട് ചേർത്ത് പരലോക ജീവിതം സൂചിപ്പിച്ചു. മനുഷ്യൻ മരിച്ചു മണ്ണടിഞ്ഞു. പിന്നെ പരലോകത്ത് വീണ്ടും ഒരു ജീവിതം. എല്ലായിടത്തും അല്ലാഹുﷻവിന്റെ അനുഗ്രഹം വേണം. ഇവിടെ അനുഗ്രഹത്തിന്റെ തുടക്കമായിപ്പറഞ്ഞത് കാറ്റ് ആകുന്നു. അപ്പോഴും ആദ് സമൂഹത്തിലേക്ക് വന്ന കാറ്റ് മറക്കാതിരിക്കുക.
ഹൂദ് (അ)ന്റെ ഹഖ് ജാഹ് ബറകത്ത് കൊണ്ട് അല്ലാഹുﷻ സുബ്ഹാനഹുവതാല നമുക്ക് ഇരുലോക വിജയം പ്രദാനം ചെയ്യട്ടെ ...
ആമീൻ യാ റബ്ബൽ ആലമീൻ☝️
ഹൂദ് നബി (അ)നും മറ്റു
ഈ ചരിത്രത്തിൽ പരാമർശിച്ച എല്ലാ മഹാന്മാർക്കും മൂന്ന് ഫാതിഹ ഓതി ഹദിയ ചെയ്യണമെന്നു വിനീതമായി അഭ്യർത്ഥിക്കുന്നു....
ഈ ചരിത്രം നിങ്ങളുടെ കൈകളിൽ എത്താൻ കാരണക്കാരായ എല്ലാവരെയും നിങ്ങളുടെ വിലപ്പെട്ട ദുആകളിൽ ഉൾപ്പെടുത്തണമെന്ന് വസ്വിയ്യത്ത് ചെയ്യുന്നു...
【 ഹൂദ് നബി (അ) ചരിത്രം ഇവിടെ അവസാനിക്കുന്നു.】