Wednesday - 22 April, 2026 4-Dhu al-Qadah-1447

കാരുണ്യം (2)

   അല്ലാഹുﷻവിനെ അനുസരിക്കാൻ കൂട്ടാക്കാത്ത ആദ് സമൂഹത്തെക്കുറിച്ച് ചിന്തിക്കൂ... എത്രയെത്ര മണമന്ദിരങ്ങളാണവർ പണിതുയർത്തിയത്.  അവരുടെ പ്രവാചകൻ ഹൂദ് (അ) ന്റെ വാക്കുകൾ അവർ പരിഹസിച്ചുതള്ളി...  


അവർ ശക്തരായിരുന്നു. ആ ശക്തിയിൽ അവർ അഹങ്കരിച്ചു. ഏദന്റെയും അമ്മാനിന്റെയും ഇടയിലുള്ള സ്ഥലങ്ങളിൽ കാണപ്പെടുന്ന മുഴുവൻ കാലാൾപ്പടയും അശ്വഭടന്മാരും ആദ് സമൂഹത്തിന്റെ വകയായിരുന്നു. കൊടുങ്കാറ്റു വന്നപ്പോൾ അവർക്കു പിടിച്ചു നിൽക്കാൻ കഴിഞ്ഞോ? തകർന്നു തരിപ്പണമായിപ്പോയില്ലേ..? 


സമ്പൽ സമൃദ്ധമായ അഹ്ഖാഫ് വിജനമായ മരുഭൂമിയായി മാറിയില്ലേ? പണ്ടവിടെ ജനവാസമുണ്ടായിരുന്നോ എന്ന് സംശയിക്കുംവിധം അത് മാറിപ്പോയില്ലേ! ഭൗതിക സുഖങ്ങളെയും സൗകര്യങ്ങളെയും സമീപിക്കുമ്പോൾ ഇതൊക്കെ ഓർക്കണം. മറക്കരുത്...  


ജനങ്ങൾ പ്രസംഗം കേട്ട് ഞെട്ടിപ്പോയി. കണ്ണീരൊഴുക്കി.  ആദ് സമൂഹത്തിന്റെ ചരിത്രത്തിൽ നമുക്ക് മഹത്തായ പാഠമുണ്ട്. നാം അവരുടെ ചരിത്രം അവഗണിച്ചുതള്ളരുത്. നന്നായി പഠിക്കണം. സൂക്ഷ്മതയോടെ നിരീക്ഷണം നടത്തണം. ആദിന്റെ സ്വഭാവം നമ്മളിലുണ്ടോ എന്നു നോക്കണം. ഉണ്ടെങ്കിൽ തിരുത്തണം...


അല്ലാഹുﷻ നമ്മെ ഓർമ്മപ്പെടുത്തുന്നതിങ്ങനെയാണ്. "അങ്ങനെ അവർ (ആദ് സമൂഹം) അദ്ദേഹത്തെ (ഹൂദിനെ) നിഷേധിച്ചു. അപ്പോൾ അവരെ നാം നശിപ്പിച്ചു. നിശ്ചയമായും അതിൽ വലിയ ദൃഷ്ടാന്തമുണ്ട്. പക്ഷെ അവരിലധികമാളുകളും വിശ്വസിക്കുന്നവരായിട്ടില്ല." (26:139)


തെറ്റുകൾ മനസ്സിലാക്കണം. പശ്ചാത്തപിച്ചു മടങ്ങണം. അപ്പോൾ അല്ലാഹുﷻ പശ്ചാത്താപം സ്വീകരിക്കും. പാപങ്ങൾ നീക്കും. കരുണ ചൊരിയും. അടിമകൾക്ക് വല്ലാതെ കരുണ ചെയ്യുന്നവനാണ് അല്ലാഹുﷻ...


ആദിന്റെ ചരിത്രം വിവരിച്ചശേഷം അല്ലാഹുﷻ ഇങ്ങനെ പറഞ്ഞു: "നിശ്ചയമായും താങ്കളുടെ റബ്ബ് പ്രതാപവാനും പരമകാരുണികനും തന്നെയാകുന്നു." (26:140)


സമൂദ് വർഗ്ഗത്തിന്റെ ചരിത്രം പറഞ്ഞുതീരുമ്പോഴും അല്ലാഹുﷻ ഇങ്ങനെ തന്നെയാണ് പറയുന്നത്. "താങ്കളുടെ റബ്ബ് പ്രതാപവാനും പരമകാരുണികനും തന്നെയാണ്." (26:159)


ലൂത്വ് നബി (അ) ന്റെ സമൂഹവും ധിക്കാരം കാണിച്ചു. അവരും ശിക്ഷ ഏറ്റുവാങ്ങുകയായിരുന്നു. അവരുടെ ചരിത്രം പറഞ്ഞവസാനിപ്പിച്ചുകൊണ്ട് അല്ലാഹുﷻ പറയുന്നു: 

"നിശ്ചയമായും താങ്കളുടെ റബ്ബ് പ്രതാപവാനും പരമകാരുണികനുമാണ്." (26:175)


ഐക്കത്ത്കാർ അവരുടെ പ്രവാചകനായ ശുഐബ് നബി (അ)നെ നിഷേധിച്ചു. അവരും അവസാനം ശിക്ഷ ഏറ്റുവാങ്ങി. അവരുടെ ചരിത്രം പറഞ്ഞവസാനിപ്പിച്ചുകൊണ്ട് അല്ലാഹുﷻ നമ്മെ അറിയിക്കുന്നതിങ്ങനെയാണ്. "താങ്കളുടെ റബ്ബ് പ്രതാപവാനും പരമ കാരുണികനുമാണ്." (26:191)


വിശ്വാസികൾക്ക് ഏത് കാലഘട്ടത്തിലും അല്ലാഹുﷻവിന്റെ കരുണ ലഭിക്കും. പ്രതാപവാനായ റബ്ബിൽ നിന്ന് അതുതന്നെയാണ് പ്രതീക്ഷിക്കാനുള്ളത്...