Wednesday - 22 April, 2026 4-Dhu al-Qadah-1447

ശദ്ദാദ് (1)

   അലറിവിളിക്കുന്ന കടൽ. കപ്പൽ ആടി ഉലയുകയാണ്. തിരമാലകൾ കപ്പലിനെ എടുത്തടിക്കുന്നു. അടുത്ത നിമിഷം അത് സംഭവിച്ചു. കപ്പൽ തകർന്നു തരിപ്പണമായി. ചിന്നിച്ചിതറി. കടലിൽ പരന്നു. ഒരു പലക അതിൽ ഒരു തള്ളയും കുഞ്ഞും. ശിശുവിനെ രക്ഷിക്കാൻ വെപ്രാളപ്പെടുന്ന മാതാവ്. പലക തിരമാലകൾക്കൊപ്പം ഉയരുകയും താഴുകയും ചെയ്തു കൊണ്ടിരുന്നു...


അപ്പോൾ അല്ലാഹുﷻവിന്റെ കൽപന വരുന്നു.  മലക്കുൽ മൗത്ത് അസ്റാഈൽ (അ) കൽപന കേൾക്കുന്നു.  കടലിലെ പലകയിൽ പിടിച്ചു കിടക്കുന്ന മാതാവിന്റെ റൂഹിനെ പിടിക്കുക...


അസ്റാഈൽ(അ) നിശ്ചിത സ്ഥലത്തെത്തി.  കൽപന നടത്തണം. എങ്കിലും ഒരു നിമിഷം വല്ലാത്തൊരു ചിന്ത. ഇളകി മറിയുന്ന കടൽ തകർന്നു പോയ കപ്പൽ. പലകയിൽ പിടിച്ചു തൂങ്ങിക്കിടക്കുന്ന മാതാവ്.  കൂടെ ഒരു ശിശു.  ഈ അവസ്ഥയിൽ മതാവിന്റെ റൂഹിനെ പിടിക്കുക. കൽപന അനുസരിക്കുക. അതാണ് മലക്കിന്റെ ജോലി. റൂഹിനെ പിടിച്ചു. മലക്ക് യാത്രയായി...


ഇനിയെല്ലാം റബ്ബ് നോക്കിക്കൊള്ളും. കാറ്റടിച്ചു പലക നീങ്ങി. എത്രനേരം പലക കടലിൽ സഞ്ചരിച്ചു വെന്ന് അല്ലാഹുﷻവിന്നറിയാം. ഒരു പക്ഷെ അത് ദിവസങ്ങളാവാം. പലക കരക്കണഞ്ഞു. ആളുകൾ പലക കരക്കുകയറ്റി കുഞ്ഞിന് ജീവൻ നഷ്ടപ്പെട്ടിരുന്നില്ല. ഒരു പ്രമാണി കുഞ്ഞിനെ ഏറ്റെടുത്തു. വലിയ വീട്ടിൽ ആഢംബരം നിറഞ്ഞ സാഹചര്യത്തിൽ കുട്ടി വളർന്നു വന്നു... 


പ്രമാണിമാരുടെ മക്കളിൽ പലർക്കും കാണാറുള്ള അഹങ്കാരം ഈ കുട്ടിയിലും കാണപ്പെട്ടു. സദുപദേശങ്ങൾ നൽകിയും പ്രായത്തിനനുസരിച്ചു ലഭിക്കേണ്ട ശിക്ഷണം നൽകിയും കുട്ടിയുടെ സ്വഭാവം നന്നാക്കിത്തീർക്കാൻ ആരും ശ്രമിച്ചതുമില്ല... 


സുമുഖനും ആരോഗ്യവാനുമായ ചെറുപ്പക്കാരൻ. എല്ലാവരുടെയും ആകർഷണ കേന്ദ്രമായിത്തീർന്നു. കൂട്ടുകാർ എപ്പോഴും ചുറ്റും കാണും. എല്ലാവരുടെയും ഇഷ്ട നേതാവായിത്തീർന്നു പ്രമാണിയുടെ വളർത്തു പുത്രൻ...


വളർത്തു പുത്രൻ ബുദ്ധിമാനാണ്. പ്രമാണിയും വളർത്തു പുത്രനും സഹകരിച്ചു പ്രവർത്തിച്ചു. ധാരാളം ധനം സമ്പാദിക്കണം. അതാണ് ലക്ഷ്യം. അതിന് പല കുറുക്കുവഴികളും തേടി. സ്വർണ്ണം സംഭരിച്ചു. കൂട്ടിക്കൂട്ടി വെച്ചു. ഗ്രാമത്തിലെ ചോദ്യം ചെയ്യപ്പെടാത്ത നേതാവായി മാറി. ആളുകൾ അവരെ അനുസരിച്ചു  ജീവിച്ചു. ആഢംബരപൂർണമായ ജീവിതം. ഈ വളർത്തു പുത്രനാണ് ശദ്ദാദ്. ആദ് സമൂഹത്തിലെ ശദ്ദാദ്...