ഇംറാന് വീട്ടിൽ തങ്ങാൻ സമയമില്ല. ഔദ്യോഗിക കാര്യങ്ങൾ നിർവഹിക്കാനുണ്ട്. യൂഹാനിദും ഹാറൂനും അവരാണ് വീട്ടിലുള്ളത്. മനസ്സിളകിമറിയുന്ന നിമിഷങ്ങൾ. കുഞ്ഞിനെക്കുറിച്ചുള്ള ചിന്തമാത്രമാണ് അവരുടെ മനസ്സിൽ ഉള്ളത്. കുൽസൂം തിരിച്ചുവരണം. എന്നാൽ വിവരങ്ങളറിയാം. വീട്ടിലുള്ളവരുടെ ആകാംക്ഷ മുറ്റിയ കാത്തിരപ്പ്...
കാത്തിരിപ്പിന്നൊടുവിൽ കുൽസൂം ഓടിക്കിതച്ച് വരുന്നത് കണ്ടു. ഉമ്മായും മകനും ആകാംക്ഷയോടെ ചോദിച്ചു: "എന്തൊക്കെയാണ് സംഭവിച്ചത്?"
കുൽസൂം കഥ പറയുംപോലെ സംഭവങ്ങൾ വിവരിച്ചു. കുളക്കടവിൽ പെട്ടിയടുത്തു വേലക്കാർ പെട്ടി കരക്കെത്തിച്ചു. പെട്ടി കൊട്ടാരത്തിലേക്ക് കൊണ്ടുപോയി. പെട്ടി തുറന്നു. എല്ലാവരും അതിശയിച്ചുപോയി. എന്തൊരഴക് ഫിർഔൻ കൊന്നുകളയാൻ ഒരുങ്ങി. രാജ്ഞി സമ്മതിച്ചില്ല.
നമുക്കിതിനെ വളർത്താം. വളർത്തുമകനാക്കാം. രാജ്ഞിയുടെ അഭിപ്രായം സ്വീകരിച്ചു. കുഞ്ഞിന് പാൽ കൊടുക്കാൻ പലരും വന്നു. ആരുടെയും മുല കുടിക്കുന്നില്ല. കരച്ചിൽ തന്നെ. എല്ലാവരും വിഷമിച്ചു. രാജ്ഞിയുടെ മുഖം വാടി.
ചോരപ്പൈതലാണ് മുലപ്പാലല്ലാതെ കുടിക്കില്ല. ആരുടെ മുലപ്പാൽ കുടിക്കും? പലരും വന്നു വാത്സല്യപൂർവം പാൽ കൊടുത്തു. കുടിക്കുന്നില്ല. അപ്പോൾ ഞാൻ രാജ്ഞിയുടെ അടുത്തു ചെന്ന് സംസാരിച്ചു.
"കുഞ്ഞിന് പാൽ കൊടുക്കാൻ പറ്റുന്ന ഒരു സ്ത്രീയെ എനിക്കറിയാം അവർ വന്നാൽ കുഞ്ഞ് പാൽ കുടിക്കും." ഞാൻ രാജ്ഞിയോട് പറഞ്ഞു.
രാജ്ഞിക്ക് നല്ല സന്തോഷമായി അവർ പറഞ്ഞു: "നീ ഓടിപ്പോയി അവരെ കൂട്ടിക്കൊണ്ട് വരൂ..."
"അങ്ങനെ ഞാൻ ഓടിപ്പോരുകയായിരുന്നു. ഉമ്മ എന്റെ കൂടെ വരണം. മോൻ വിശന്ന് കരയുകയാണ്."
വല്ലാത്തൊരു പരീക്ഷണം തന്നെ. കൊട്ടാരത്തിലേക്ക് പോവുക. കുഞ്ഞിനു പാൽ കൊടുക്കുക. രഹസ്യം വെളിവായാൽ..?
വെളിവായാൽ വാളിന്നിരയാവും. കുഞ്ഞിനെ കാണാനുള്ള അത്യാഗ്രഹം. വരുന്നത് വരട്ടെ മരണമെങ്കിൽ മരണം. ഒന്നും സംഭവിക്കില്ലെന്ന് മനസ്സ് പറയുന്നു. അല്ലാഹു ﷻ വാഗ്ദാനം ചെയ്തത് നടക്കും.
ഉമ്മ വസ്ത്രം മാറിയുടുത്തു. മകളോടൊപ്പം ഇറങ്ങി. ധൃതിയിൽ നടന്നു കൊട്ടാരമെത്താറായി. സ്ത്രീകളുടെ വലിയ കൂട്ടം. പലരും അതിശയ കഥകൾ പറയുന്നു. ഉമ്മയും മകളും ഒന്നും ശ്രദ്ധിച്ചില്ല. കൊട്ടാരത്തിൽ കടന്നു രാജ്ഞിയെ കണ്ടു. കുൽസൂം പറഞ്ഞു.
"യജമാനത്തീ... ഇതാ ഞാൻ പറഞ്ഞ സ്ത്രീ."
"ഓഹോ.... ഇവരാണോ? കുഞ്ഞ് പാൽ കുടിക്കുമോ..? ഒന്നു പരീക്ഷിക്കാം."
തോഴി കുഞ്ഞിനെ കൊണ്ടുവന്നു. ഉമ്മ കൈനീട്ടി കുഞ്ഞിനെ വാങ്ങി. കരൾ തുടിച്ചുപോയ നിമിഷങ്ങൾ. കുഞ്ഞിനെ മാറോട് ചേർത്തുപിടിച്ചു. ഇളം കവിളിൽ ചുംബനം നൽകി. മാറിടം കഴുകി. ബിസ്മി ചൊല്ലി മുല കൊടുത്തു. കുഞ്ഞ് അതിന്റെ തള്ളയുടെ ഗന്ധം അറിഞ്ഞു...
കുഞ്ഞും ഉമ്മയും ഒന്നായി. ആവശത്തോടെ പാൽ കുടിച്ചു. രാജ്ഞിയുടെ കണ്ണുകൾ തിളങ്ങി. മുഖം പ്രസന്നമായി.
"നിങ്ങളിവിടെ താമസിക്കണം. കുഞ്ഞിന് പാൽ കൊടുക്കണം."
രാജ്ഞി പറഞ്ഞു.
"എനിക്കിവിടെ താമസിക്കാൻ കഴിയില്ല. വീട്ടിലെ കാര്യങ്ങൾ നോക്കണം."
"പിന്നെങ്ങനെ കുട്ടിക്ക് പാൽ കിട്ടും..?"
"ഞാൻ കുഞ്ഞിനെ എന്റെ വീട്ടിലേക്ക് കൊണ്ടു പോയ്ക്കൊള്ളാം. ഇടക്കിടെ ഇവിടെ കൊണ്ട് വന്ന് കാണിച്ചാൽ മതിയല്ലോ."
രാജ്ഞി അത് സമ്മതിച്ചു. "നിങ്ങൾ കുഞ്ഞിനെ കൊണ്ടു പോയ്ക്കോളൂ. നല്ലവണ്ണം നോക്കണം. പ്രതിഫലം തരാം. ഇടക്കിടെ മോനെ ഇവിടെ കൊണ്ടുവന്നു കാണിക്കണം."
"രാജ്ഞിയുടെ കൽപനപോലെ ചെയ്യാം."
കുഞ്ഞിനെയും കൊണ്ട് ഉമ്മ വീട്ടിലേക്ക് തിരിച്ചു. ഖൽബ് വിറയ്ക്കുകയാണ്. എല്ലാവരെയും കാണുന്നുണ്ട്. ആരെയും കാണാത്തതുപോലെ നടന്നു. വീട്ടിലെത്തി. വീട്ടുകാർക്ക് അതിശയം. ഹാറൂൻ അനിയനെ കൺനിറയെ നോക്കിക്കാണുകയാണ്.
"മോനേ.... പൊന്നുമോനേ.... മൂസാ...." ഹാറൂൻ അനിയനെ സ്നേഹപൂർവ്വം വിളിച്ചു.
ഉമ്മാക്ക് മനം നിറയെ സന്തോഷം. അല്ലാഹുﷻവിന് നന്ദി. കുഞ്ഞിനെ ഓമനിക്കാൻ ഇക്കാക്കയും ഇത്താത്തയുമുണ്ട്. കൊട്ടാരത്തിലെ കുഞ്ഞാണിത്. രാജകുമാരനായി വളർത്തണം. അതിന് വേണ്ടതെല്ലാം കൊട്ടാരത്തിൽ നിന്ന് അയക്കാൻ തുടങ്ങി...
മുലയൂട്ടുന്ന ഉമ്മ നല്ല ആഹാരം കഴിക്കണം. നന്നായി പാൽ കിട്ടണം. നല്ല ആഹാര സാധനങ്ങൾ കൊട്ടാരത്തിൽ നിന്ന് വരാൻ തുടങ്ങി. മുലയൂട്ടുന്നതിന് കൂലിയുണ്ട്. നല്ല വസ്ത്രങ്ങൾ. പഴവർഗങ്ങൾ എല്ലാം വരുന്നു. വീട്ടിൽ ഐശ്വര്യം കളിയാടി. എല്ലാം മൂസ മോന്റെ സൗഭാഗ്യം...
ഹാറൂൻ സമർത്ഥനായ കുട്ടിയാണ്. ഇൽമ് ലഭിക്കാൻ വെമ്പുന്ന മനസ്സാണ്. വിവരങ്ങൾ കിട്ടണം. വിവരമുള്ളവരെ കാണണം. പണ്ഡിതന്മാർ മഹാന്മാരാണ്. അവരിൽ പലരും വധിക്കപ്പെട്ടു. പാണ്ഡിത്യം നഷ്ടപ്പെട്ടു. എന്തൊരു നഷ്ടം...
ഇനി ഏതാനും ചിലർ ബാക്കിയുണ്ട്. അവരിൽ പലർക്കും ഇംറാൻ കുടുംബവുമായി ബന്ധമുണ്ട്. അവർ വീട്ടിൽ വരും അവരുടെ സംസാരം ശ്രദ്ധിക്കും. പലതും പഠിക്കാൻ കഴിഞ്ഞു...