ഖലീലുല്ലാഹി ഇബ്രാഹിം (അ)...
മഹാനായ പ്രവാചകനെക്കുറിച്ച് ധാരാളം കാര്യങ്ങൾ മനസ്സിലാക്കി. തന്റെ ഉപ്പൂപ്പയാണത്. ആ പരമ്പരയിലാണ് താൻ ജനിച്ചത്. പരമ്പരയുടെ പരിശുദ്ധി കാത്തുസൂക്ഷിക്കണം. തന്റെ ബാധ്യതയാണത്...
ഏകനായ അല്ലാഹുﷻവിനെക്കുറിച്ചറിഞ്ഞു. സർവശക്തൻ. എല്ലാം പടച്ചത് അവനാണ്. അവനെ ആരാധിക്കണം. മറ്റാരെയും ആരാധിക്കരുത്. ആരാധനക്കർഹൻ അല്ലാഹു ﷻ മാത്രം. ഇബ്രാഹിം അവിടത്തെ ദൂതനാകുന്നു...
ലാഇലാഹ ഇല്ലല്ലാഹ്
ഇബ്റാഹീമു ഖലീലുല്ലാഹ്...
ഹാറൂൻ നബി (അ)ന്റെ ബാല്യകാല ഓർമകൾ. അതിൽ മുന്തിനിൽക്കുന്നത് ശിശുവായ മൂസയെക്കുറിച്ചുള്ളത് തന്നെയാണ്. ആ ചിന്തകൾ ലോകം ഓർക്കണം. അന്ത്യനാൾവരെ. വിശുദ്ധ ഖുർആൻ ആ രംഗങ്ങൾ ലോകത്തിന് വിവരിച്ചു കൊടുത്തു. ഉമ്മ മകളോട് പറയുന്ന രംഗം വിശുദ്ധ ഖുർആനിൽ ഇങ്ങനെ കാണാം:
"അവന്റെ (മൂസായുടെ) സഹോദരിയോട് അവർ പറഞ്ഞു: നീ അവന്റെ പിന്നാലെ ചെന്ന് അന്വേഷിക്കുക. അപ്പോൾ അവൾ കുട്ടിയെപ്പറ്റി ദൂരെനിന്ന് കണ്ട് മനസ്സിലാക്കി. അക്കൂട്ടർ അതറിഞ്ഞതുമില്ല." (28:11)
മറ്റു സ്ത്രീകളുടെ മൂലപ്പാൽ മൂസാക്ക് അല്ലാഹു ﷻ നിരോധിച്ചിരുന്നു. അതു കാരണം കുടിച്ചില്ല. എല്ലാവരും ഉൽക്കണ്ഠയിലായി. ആ സന്ദർഭത്തിൽ കുൽസൂം രാജ്ഞിയോട് സംസാരിച്ചു. ഈ രംഗം വിശുദ്ധ ഖുർആനിൽ കാണാം...
"അതിന് മുമ്പ് മുല കൊടുക്കുന്ന സ്ത്രീകളെ നാം അവന് നിരോധിച്ചു. അപ്പോൾ അവൾ പറഞ്ഞു: നിങ്ങൾക്കു വേണ്ടി ഇവനെ ഏറ്റെടുക്കുന്ന ഒരു വീട്ടുകാരെക്കുറിച്ച് ഞാനറിയിച്ചു തരട്ടെയോ? അവർ ഇവന് ഗുണകാംക്ഷികളുമായിരിക്കുന്നതാണ്." (28:12)
ഉമ്മാക്ക് കുഞ്ഞിനെ തിരിച്ചു കിട്ടി എന്തിന് വേണ്ടിയായിരുന്നു അത്.
1. മാതാവിന്റെ കൺ കുളിർക്കുവാൻ.
2. മാതാവ് സങ്കടപ്പെടാതിരിക്കാൻ.
3. അല്ലാഹുﷻവിന്റെ വാഗ്ദാനം സത്യമാണെന്ന് ബോധ്യപ്പെടാൻ.
ഇക്കാര്യങ്ങൾ വ്യക്തമാക്കിക്കൊണ്ട് വിശുദ്ധ ഖുർആൻ പറയുന്നത് ശ്രദ്ധിക്കൂ...
"അങ്ങനെ അവന്റെ മാതാവിന്റെ കൺകുളിർക്കുവാനും അവർ വ്യസനിക്കാതിരിക്കാനും, അല്ലാഹുﷻവിന്റെ വാഗ്ദാനം സത്യംതന്നെയാണെന്ന് അറിയേണ്ടതിനും വേണ്ടി അവനെ നാം അവർക്ക് തിരിച്ചു കൊടുത്തു. പക്ഷെ അവരിൽ അധികപേരും അറിയാത്തവരാണ്." (28:13)
എന്തൊക്കെയാണ് സംഭവിച്ചതെന്ന് അധികമാർക്കും അറിയില്ല. ഇംറാനും ഭാര്യക്കും മക്കൾക്കുമറിയാം. മകൻ വളർന്നു വരികയാണ്. ഇടക്കിടെ ഉമ്മ കുഞ്ഞിനെയും കൊണ്ട് കൊട്ടാരത്തിൽ ചെല്ലും. രാജ്ഞി അവരെ സ്നേഹപൂർവം സ്വീകരിക്കും. പാരിതോഷികങ്ങൾ നൽകും.
ഉമ്മായുടെകൂടെ കുൽസുവും ഹാറൂനും കൊട്ടാരത്തിൽ പോയിട്ടുണ്ട്. ഫിർഔനെ കണ്ടിട്ടുണ്ട്. അവിടുത്തെ സജ്ജീകരണങ്ങൾ കണ്ട് മനസ്സിലാക്കിയിട്ടുണ്ട്. കൊട്ടാരത്തിന്റെ ഗാംഭീര്യം. ഹാറൂൻ അത് പ്രത്യേകം ശ്രദ്ധിച്ചു. കൊട്ടാരത്തിലെ ആചാരങ്ങൾ, മാമൂലുകൾ എല്ലാം നോക്കിക്കണ്ട് മനസ്സിലാക്കി...
ഹാറൂനിന്റെ മനസ്സ് നിറയെ ഈമാനിന്റെ പ്രകാശമാണ്. അവിടെ നിറഞ്ഞുനിൽക്കുന്നത് തൗഹീദാണ്. കൊട്ടാരത്തിൽ ആ പ്രകാശമില്ല. ഇവിടെ കൂരിരുട്ടാണ്. ആധിപത്യമാണ് അഹങ്കാരത്തിന്റെ കൂരിരുട്ട് അഹങ്കാരിയുടെ കൊട്ടാരമാണിത്.
രാജ്ഞിയെപ്പറ്റി ഉമ്മ ധാരാളം പറയുന്നത് കേട്ടു. ആസ്യ എന്നാണവരുടെ പേര്. അവരുടെ മനസ്സ് നിറയെ ദയയും വാത്സല്യവുമാണ്. കാരുണ്യത്തിന്റെ തടാകമാണ് അവരുടെ മനസ്സ്...
ഹാറൂൻ ചിന്തിച്ചു. അവരുടെ മനസ്സിൽ പ്രകാശം കാണും. അവിടെ അന്ധകാരമാവാൻ സാധ്യതയില്ല. ഫിർഔനും അവരും തമ്മിൽ ചേർച്ചയില്ല. അഹങ്കാരവും വിനയവും തമ്മിൽ ചേരില്ല. ദുനിയാവല്ലേ? വൈവിധ്യങ്ങളുടെ ദുനിയാവ്...
മുലകുടി പ്രായം കഴിഞ്ഞു. കുട്ടിയെ കൊട്ടാരത്തിൽ തിരിച്ചേൽപ്പിക്കാൻ സമയമായി. അതോർക്കുമ്പോൾ എല്ലാവർക്കും വേദനയാണ്. വല്ലാത്തൊരു വിരഹ വേദന. കുട്ടിയെ കാണാൻ കൊട്ടാരത്തിൽ പോവാം. കുറച്ചു നേരം കാണാം തിരിച്ചു പോരാം. അത്രതന്നെ.
ഹാറൂന്റെയും കുൽസൂവിന്റെയും നയനങ്ങൾ നിറഞ്ഞൊഴുകി. ഖൽബ് കീറിമുറിയുന്ന വേദന. ഇത്രയും കാലം ഒന്നിച്ചു കഴിഞ്ഞു. രാവും പകലും ഒരുമിച്ചായിരുന്നു. കളിയും ചിരിയും തമാശകളും നിറഞ്ഞ കാലം. അത് ഇത്ര പെട്ടെന്ന് അവസാനിച്ചുവോ..?
കുട്ടിയെ തിരിച്ചേൽപ്പിക്കാൻ കൽപനയായി. മൂസ പോവുകയാണ് കൊട്ടാരത്തിലേക്ക്. ഇനി അവിടെയാണ് താമസം. രാജകുമാരനായി കഴിയാം. മൂസ കൊട്ടാരത്തിലേക്കു പോയി...
ഹാറൂനും കുൽസൂവും ചിന്താമൂകരായി. മൂസയില്ലാത്ത വീട് നിശ്ചലമായിപ്പോയി. ആഢംബരങ്ങൾക്കിടയിലാണ് മൂസ വളരുന്നത്. ഇടക്കിടെ ഉമ്മായും മക്കളും പോവും. മൂസായെ കണ്ട് സംസാരിക്കും. തിരിച്ചുപോരും.
കാലം കടന്നുപോവുകയാണ്. ഹാറൂൻ കൗമാര പ്രായത്തിലെത്തി. നാട്ടിൽ നടക്കുന്ന സംഭവങ്ങൾ ശ്രദ്ധിക്കാൻ തുടങ്ങി. എന്തെല്ലാം പീഡനങ്ങൾ. ഇസ്രാഈലി സമൂഹത്തിന്റെ അവസ്ഥ പരമ ദയനീയമാണത്. ഹാറൂൻ രോഷംകൊണ്ടു. സത്യമെവിടെ? നീതിയെവിടെ..?
സത്യവും നീതിയും കൊല ചെയ്യപ്പെടുന്നു. ചോദിക്കാനും പറയാനും ആളില്ല. ഫിർഔനിന്റെ ധിക്കാരം. അവനാണത്രെ ദൈവം. ധിക്കാരം പരിധി ലംഘിച്ചിരിക്കുന്നു.
ഒരു ദിവസം മൂസ വീട്ടിൽ വന്നു. വീട്ടിലാകെ ആഹ്ലാദം വന്നു. മൂസാക്കും സന്തോഷം. പിന്നീട് മൂസ ഇടക്കിടെ വരാൻ തുടങ്ങി. വീട്ടുകാർ കാത്തിരിക്കും. മൂസായുടെ മുഖം കാണാൻ വല്ലാത്ത മോഹം.